Monday, October 15, 2012
വാള്‍മാര്‍ട്ടിന്റെ ഒരു കടയും അനുവദിക്കില്ല: സിപിഐ എം
രാജ്യത്ത് വാള്‍മാര്‍ട്ടിന്റെ ഒരു കടപോലും തുറക്കാന്‍ സിപിഐ എം അനുവദിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതിന്റെഭഭാഗമായി അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ശാഖ തുറന്നാല്‍ നേരിട്ടുള്ള സമരത്തിന് തയ്യാറാകും. മൂന്നുദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്.
യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ, സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തും. ബിപിഎല്ലുകാര്‍ക്ക് റേഷന്‍കാര്‍ഡ് ലഭ്യമാക്കാനും ഭക്ഷ്യലഭ്യത ഉറപ്പാക്കാനും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാര്‍ടി ഘടകങ്ങള്‍ രംഗത്തിറങ്ങും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണത്തിന് പ്രക്ഷോഭം ശക്തമാക്കും. പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും വളം, വൈദ്യുതി വിലവര്‍ധനക്കെതിരെയും രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും നവംബറില്‍ കണ്‍വന്‍ഷന്‍ നടത്തും. കച്ചവടക്കാരെയും വ്യാപാരി സംഘടനാ പ്രതിനിധികളെയും ക്ഷണിക്കും. വാള്‍മാര്‍ട്ടിനെതിരെ സത്യഗ്രഹം ഉള്‍പ്പെടെ വിവിധ മാര്‍ഗം സ്വീകരിക്കും. വാള്‍മാര്‍ട്ടും മറ്റും വരുന്നതിന് എതിരാണ് പൊതുജനാഭിപ്രായം. ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളും എതിര്‍ക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍മാത്രമാണ് സ്വാഗതംചെയ്തത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം കക്ഷികളും എതിര്‍ക്കുന്നതിനാല്‍ സഭയില്‍ ഇതേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണം. ഇതിലടക്കം യുപിഎയെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനുള്ള തന്ത്രം സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും ശീതകാല സമ്മേളനത്തില്‍ കൈക്കൊള്ളും. ഉദാരവല്‍ക്കരണ നയം പിന്‍വലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും കാരാട്ട് പറഞ്ഞു.
വിദേശ-ധനമൂലധന ശക്തികളുടെയും രാജ്യത്തെ വന്‍കിട ബിസിനസുകാരുടെയും മൂലധനം വര്‍ധിപ്പിക്കാനാവശ്യമായ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതും ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതും ഇന്‍ഷുറന്‍സ് മേഖലയിലും പെന്‍ഷന്‍ ഫണ്ടിലും വിദേശ നിക്ഷേപം ഉയര്‍ത്തുന്നതും വിദേശമൂലധന ശക്തികളെ പ്രീണിപ്പിക്കാനാണ്. മറുവശത്ത് ഡീസല്‍ വില വര്‍ധിപ്പിച്ചും പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയും വളംവില കൂട്ടിയും ജനങ്ങളെ പിഴിയുന്നു. ഭക്ഷ്യവിലക്കയറ്റം പത്ത് ശതമാനത്തിലേറെ വര്‍ധിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രം. ദിനംതോറും യുപിഎ സര്‍ക്കാര്‍ ഒറ്റപ്പെടുകയാണ്. തൃണമൂല്‍ മുന്നണി വിട്ടു. മറ്റ് കക്ഷികള്‍ അതൃപ്തരും. വധേരയുടെ ഇടപാടുകള്‍ അന്വേഷിക്കണം. റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡിഎല്‍എഫുമായും ഹരിയാന സര്‍ക്കാരുമായുള്ള അനധികൃതബന്ധം തെളിയിക്കാനും നടപടി വേണം. കല്‍ക്കരിപ്പാടംസ്വകാര്യമേഖലയ്ക്ക് നല്‍കിയതില്‍ പ്രധാനമന്ത്രികാര്യാലയത്തിനുള്ള പങ്ക് അന്വേഷിക്കണം. കോള്‍ ഇന്ത്യ വഴിമാത്രമേ സ്വകാര്യമേഖലയ്ക്ക് കല്‍ക്കരി നല്‍കാവൂ. സാസന്‍ പദ്ധതിയെക്കുറിച്ചും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെക്കുറിച്ചുമുള്ള സിഎജി റിപ്പോര്‍ട്ടുകളിലും നടപടി വേണം. ഫെബ്രുവരി 20, 21 തീയതികളില്‍ ട്രേഡ്യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കാനും പാര്‍ടിഘടകങ്ങളോട് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു.
deshabhimani 151012
Subscribe to:
Post Comments (Atom)
രാജ്യത്ത് വാള്‍മാര്‍ട്ടിന്റെ ഒരു കടപോലും തുറക്കാന്‍ സിപിഐ എം അനുവദിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതിന്റെഭഭാഗമായി അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ശാഖ തുറന്നാല്‍ നേരിട്ടുള്ള സമരത്തിന് തയ്യാറാകും. മൂന്നുദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്.
ReplyDelete