Saturday, October 6, 2012

സ്ത്രീക്കരുത്തില്‍ സമരമുഖം ജ്വലിച്ചു


കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ തുടരുന്ന രാപ്പകല്‍ സമരം ഐതിഹാസിക മുന്നേറ്റമായി. 24 മണിക്കൂറും സജീവമായ സമരമുഖത്ത് ആയിരക്കണക്കിനു സ്ത്രീകളാണ് സമാനതകളില്ലാത്ത ആവേശവുമായി അണിചേര്‍ന്നത്. സമരം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ പെണ്‍കരുത്തിന്റെ സംഘശക്തിക്കുമുന്നില്‍ ഭരണക്കാര്‍ പതറുകയാണ്. കുടുംബശ്രീക്ക് ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ ഫണ്ട് കോണ്‍ഗ്രസ് നേതാവായ എം എം ഹസ്സന്റെ ജനശ്രീയെന്ന കടലാസ് സംഘടനയ്ക്ക് നല്‍കുന്നതിനെതിരെ കുടുംബശ്രീ സംരക്ഷണവേദി നേതൃത്വത്തില്‍ തുടരുന്ന സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

വെള്ളിയാഴ്ച സമരവളന്റിയര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുമെത്തി. സൂര്യോദയത്തിനുമുമ്പ് കുടുംബജോലികള്‍ ആരംഭിക്കുകയും അസ്തമയംവരെ തുടരുകയും ചെയ്യുന്ന അമ്മമാരെ അവരുടെ അവകാശസംരക്ഷണത്തിനായി തെരുവിലേക്കെത്തിച്ച സര്‍ക്കാരിനെതിരെ സമരപ്പന്തലിലെത്തിയ സുഗതകുമാരി രോഷംകൊണ്ടു. "നിങ്ങള്‍ കൂടുതല്‍ ഉത്തേജിതരാകണം. കണ്ണുനീര്‍ വീഴരുത്. നമ്മള്‍ ഒരുപാട് സഹിക്കുന്നവരാണ്. ഈ സഹനസമരം തുടരണം"- അമ്മയുടെ സ്നേഹവായ്പോടെ ടീച്ചര്‍ അഭ്യര്‍ഥിച്ചപ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് സമരമുഖം എതിരേറ്റത്. വെള്ളിയാഴ്ച അഭൂതപൂര്‍വമായ പങ്കാളിത്തമാണ് സമരകേന്ദ്രത്തില്‍ അനുഭവപ്പെട്ടത്്. നിശ്ചയിക്കപ്പെട്ട സമരവളന്റിയര്‍മാരേക്കാള്‍ ഇരട്ടിയിലേറെ സ്ത്രീകള്‍ സമരത്തില്‍ അണിചേരാന്‍ ഒഴുകിയെത്തി. ഇരിപ്പിടങ്ങള്‍ക്കു പുറത്തെ പൊരിവെയിലില്‍ സ്ത്രീകള്‍ കുത്തിയിരുന്നതോടെ സമരകേന്ദ്രം സ്ത്രീസാഗരമായി. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഇടവിട്ടുള്ള കലാപരിപാടികള്‍ സമരത്തിന് കൂടുതല്‍ ആവേശം പകരുന്നു.

വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരസഹായസമിതി ചെയര്‍മാന്‍ സി ദിവാകരനും കണ്‍വീനര്‍ വി ശിവന്‍കുട്ടി എംഎല്‍എയും അറിയിച്ചു. നിരവധി ജനപ്രതിനിധികളും സംഘടനാനേതാക്കളും പൊതുപ്രവര്‍ത്തകരും സമരത്തെ അഭിവാദ്യംചെയ്തു. എംഎല്‍മാരായ പി ശ്രീരാമകൃഷ്ണന്‍, കെ കെ ലതിക, ജമീല പ്രകാശം, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, സിപിഐ നേതാക്കളായ മീനാക്ഷി തമ്പാന്‍, സത്യന്‍മൊകേരി, മുന്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ള, കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിവാദ്യംചെയ്തു. കുടുംബശ്രീ സംരക്ഷണവേദി നേതാക്കളായ പി കെ ശ്രീമതി, ഡോ. ടി എന്‍ സീമ എംപി എന്നിവര്‍ രാപ്പകല്‍ സമരത്തിന് നേതൃത്വം നല്‍കുന്നു.

കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമിരമ്പി

കോഴിക്കോട്: കുടുംബശ്രീയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ സ്ത്രീ സംഘശക്തിയുടെ താക്കീത്. കുടുംബശ്രീ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധം അലയടിച്ചു. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരും സിഡിഎസ്, എഡിഎസ് പ്രവര്‍ത്തകരും അണിനിരന്നപ്പോള്‍ സര്‍ക്കാരിനും കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സനുമെതിരായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. കുടുംബശ്രീയുടെ പ്രവര്‍ത്തനം അട്ടിമറിച്ച് ജനശ്രീയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സെക്രട്ടറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് നഗരത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉജ്വല പ്രകടനം നടന്നത്. മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനം പാളയം ചുറ്റി മിഠായിത്തെരുവ് വഴി എല്‍ഐസി കോര്‍ണറില്‍ സമാപിച്ചു.

ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തിനുശേഷം നടന്ന യോഗം കുടുംബശ്രീ സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ എന്‍ കെ രാധ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വഴിനടക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. കുടുംബശ്രീക്കുള്ള ഫണ്ട് ചിട്ടിക്കമ്പനിക്ക് സമാനമായ എം എം ഹസ്സന്റെ ജനശ്രീക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി സി സുലൈഖ അധ്യക്ഷയായി. പാണൂര്‍ തങ്കം സംസാരിച്ചു. പി പി ഷീജ സ്വാഗതവും ഷീജ വിനോദ് നന്ദിയും പറഞ്ഞു.

കുടുംബശ്രീയെ തകര്‍ക്കരുത്: എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍

തിരു: കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ നടത്തിപ്പ് ചുമതലയില്‍നിന്ന് കുടുംബശ്രീയെ ഒഴിവാക്കാന്‍ ശ്രമം തുടരുന്നുണ്ട്. കുടുംബശ്രീക്കു സമാനമായി ജനശ്രീയെ പ്രതിഷ്ഠിക്കാനും ശ്രമമുണ്ട്. അതിന്റെ ഉദാഹരണമാണ് എം എം ഹസ്സന്റെ തട്ടിപ്പുകമ്പനിയായ ജനശ്രീക്ക് പൊതുഖജനാവിലെ പണം നിയമവിരുദ്ധമായി നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നിയമവിരുദ്ധനടപടി പിന്‍വലിക്കണമെന്നും കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കുടുംബശ്രീ സംരക്ഷണവേദി സെക്രട്ടറിയറ്റ് നടയില്‍ നടത്തുന്ന പ്രക്ഷോഭത്തിന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു. പൊതുഖജനാവിലെ പണം സ്വകാര്യ തട്ടിപ്പ് കമ്പനിക്ക് നല്‍കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രനും സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രസ്താവനിയില്‍ ആവശ്യപ്പെട്ടു.

പെണ്‍കരുത്തിനെ തകര്‍ക്കാനാകില്ല: സുഗതകുമാരി

കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീ പെണ്‍കരുത്തിനെ ആര്‍ക്കും തകര്‍ക്കാനാകില്ലെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. കുടുംബശ്രീ രാപ്പകല്‍ സംരക്ഷണവേദി നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന രാപ്പകല്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ടീച്ചര്‍.

കുടുംബശ്രീയെന്ന പ്രസ്ഥാനത്തെ വര്‍ഷങ്ങളായി വീക്ഷിക്കുന്നുണ്ട്. എന്റെ മനസ്സ് ഈ സമരത്തിനൊപ്പമാണ്. നിങ്ങളുടെ ശക്തിയില്‍ ഞാന്‍ അഭിമാനിക്കുന്നു. കുടുംബശ്രീ തളരുകയില്ല. ഈ പെണ്‍കരുത്തിനെ ആര്‍ക്കും തകര്‍ക്കാനാകില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ പഠിക്കുന്നുണ്ട്. കുടുംബശ്രീക്കെതിരായ തീരുമാനങ്ങളെ തിരുത്തിക്കാന്‍ ഞാനും ആത്മാര്‍ഥമായി പരിശ്രമിക്കും. നിങ്ങള്‍ കൂടുതല്‍ ഉത്തേജിതരാകണം. നമ്മള്‍ ഒരുപാട് സഹിക്കുന്നവരാണ്. സ്ത്രീകളുടെ പ്രശ്നങ്ങളെ തരണംചെയ്യാന്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അത്ഭുതാവഹവും വിസ്മയകരവുമായ കാഴ്ചയാണ്. മലയാള സ്ത്രീകളുടെ രൂപവും ഭാവവും മാറ്റിത്തീര്‍ത്ത കുടുംബശ്രീയെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ഈ തെരുവില്‍ തുടരേണ്ടിവരുന്നത് രാജ്യത്തിന്റെ ശാപമാണ്- സുഗതകുമാരി പറഞ്ഞു.

deshabhimani 061012

1 comment:

  1. കുടുംബശ്രീയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ തുടരുന്ന രാപ്പകല്‍ സമരം ഐതിഹാസിക മുന്നേറ്റമായി. 24 മണിക്കൂറും സജീവമായ സമരമുഖത്ത് ആയിരക്കണക്കിനു സ്ത്രീകളാണ് സമാനതകളില്ലാത്ത ആവേശവുമായി അണിചേര്‍ന്നത്. സമരം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ പെണ്‍കരുത്തിന്റെ സംഘശക്തിക്കുമുന്നില്‍ ഭരണക്കാര്‍ പതറുകയാണ്. കുടുംബശ്രീക്ക് ലഭിക്കേണ്ട കോടിക്കണക്കിനു രൂപയുടെ ഫണ്ട് കോണ്‍ഗ്രസ് നേതാവായ എം എം ഹസ്സന്റെ ജനശ്രീയെന്ന കടലാസ് സംഘടനയ്ക്ക് നല്‍കുന്നതിനെതിരെ കുടുംബശ്രീ സംരക്ഷണവേദി നേതൃത്വത്തില്‍ തുടരുന്ന സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

    ReplyDelete