ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ മേഖലകളിലെ 49 ശതമാനം വിദേശനിക്ഷേപം സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ അമേരിക്കയിലെയും യൂറോപ്പിലെയും കോര്‍പറേറ്റ് ധനസ്ഥാപനങ്ങളെ സഹായിക്കാന്‍. ഇനി പാശ്ചാത്യവിപണികളിലെ ചാഞ്ചാട്ടത്തിനുസരിച്ചാകും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും ഭാവി. സാധാരണക്കാരുടെ ജീവിതസമ്പാദ്യംകൂടി തട്ടിയെടുക്കാന്‍ ആഗോള ധനമൂലധനത്തിന് ഇതോടെ അവസരവുമായി. പുതിയ തീരുമാനം വന്നതോടെ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ചില്ലറവിപണി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഭീമന്‍മാര്‍ യുപിഎ സര്‍ക്കാരിനെ പ്രശംസ കൊണ്ടുമൂടുകയാണ്. ഇതിന്റെ ഗുണം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പായി "പല രൂപത്തിലും" കോണ്‍ഗ്രസിന് ലഭിക്കും. കോര്‍പറേറ്റ് അനുകൂല തീരുമാനങ്ങളെ ഒരു പരിധിക്കപ്പുറം ബിജെപിക്ക് എതിര്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ രണ്ടു ഭേദഗതിയും പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
2008ലെ സാമ്പത്തികമാന്ദ്യത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നൊന്നായി നിലംപൊത്തിയിരുന്നു. അമേരിക്കയില്‍ ബാങ്കിങ് സ്ഥാപനമായ ലേമാന്‍ ബ്രദേഴ്സും ഇന്‍ഷുറന്‍സ് കുത്തകയായ എഐജിയുമൊക്കെ തകര്‍ന്നടിഞ്ഞു. ആഗോള ഭീമന്‍മാരുടെ പതനം ലോകത്തെയാകെ പ്രതിസന്ധിയിലേക്ക് തള്ളിയപ്പോള്‍ ഇന്ത്യയില്‍മാത്രം കാര്യമായ പ്രതിഫലനമുണ്ടായില്ല. ഇന്ത്യയില്‍ ഇവര്‍ക്ക് സാന്നിധ്യമില്ലാതിരുന്നതാണ് കാരണം. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഷ്കരണ നടപടികള്‍ വിജയം കണ്ടാല്‍ ഭാവിയില്‍ ഇതായിരിക്കില്ല സ്ഥിതി. ഇതിനുപുറമെ ബാങ്കിങ് ഭേദഗതിയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ വിദേശബാങ്കുകള്‍ക്ക് നിക്ഷേപത്തിന് അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പൂര്‍ണമായി ആഗോള ധന മൂലധനത്തിന്റെ പിടിയിലമരും. ഭാവിയില്‍ ലോകം അഭിമുഖീകരിക്കുന്ന ഏതൊരു പ്രതിസന്ധിയും ഇന്ത്യയെയും പ്രത്യക്ഷമായി ബാധിക്കും.
പ്രധാനമന്ത്രി മന്‍മോഹനെ കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിക്കാന്‍ അമേരിക്ക കുറെക്കാലമായി പല വഴികള്‍ തേടിയിരുന്നു. ആദ്യം പ്രസിഡന്റ് ഒബാമതന്നെ ഇന്ത്യ കൂടുതലായി വിപണി തുറക്കണമെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചു. പിന്നാലെ പല റേറ്റിങ് ഏജന്‍സികളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നെഗറ്റീവ് വളര്‍ച്ചയിലേക്കെന്ന നിഗമനം നടത്തി. പരിഷ്കരണം തുടര്‍ന്നും വൈകിയപ്പോള്‍ തങ്ങളുടെ സ്വന്തം പ്രസിദ്ധീകരണങ്ങളായ ടൈം വാരിക, വാഷിങ്ടണ്‍ പോസ്റ്റ് പത്രം എന്നിവയില്‍ പ്രധാനമന്ത്രിയെ കഴിവുകെട്ടവനെന്ന് വിശേഷിപ്പിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതോടെ "അമേരിക്ക ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന പ്രധാനമന്ത്രി" കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് പുറമെ ആഗോള കോര്‍പറേറ്റുകളുടെ കൂടി "ഭാവി സഹായങ്ങള്‍" മുന്നില്‍ കണ്ട കോണ്‍ഗ്രസ് നേതൃത്വം ഒരു മടിയും കൂടാതെ ഇതിന് കൂട്ടുനില്‍ക്കുകയുംചെയ്തു.
(എം പ്രശാന്ത്)
സര്‍ക്കാര്‍ പ്രതീക്ഷ ബിജെപിയില്‍
പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഭേദഗതികളുടെ കാര്യത്തില്‍ ബിജെപി ഒളിച്ചുകളി തുടരുന്നു. എഫ്ഡിഐ പരിധി 49 ശതമാനമാക്കുന്ന പുതിയ ഭേദഗതികളോട് യോജിപ്പോ വിയോജിപ്പോ എന്ന് വ്യക്തമാക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബില്‍ പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നാണ് ബിജെപി വക്താവ് മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം. ചില്ലറവിപണിയിലെ വിദേശനിക്ഷേപത്തെ പുറമേക്ക് എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഭേദഗതികളുടെ കാര്യത്തില്‍ നിശ്ശബ്ദരാണ്. പൊതുതെരഞ്ഞെടുപ്പിന് ഇനിയും ചുരുങ്ങിയ സമയം മാത്രം ശേഷിക്കുന്നതിനാല്‍ കോര്‍പറേറ്റ് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ബിജെപി തയ്യാറുമല്ല. അതുകൊണ്ടു തന്നെ പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഭേദഗതികളെ പാര്‍ലമെന്റില്‍ അനുകൂലിക്കാതിരിക്കാന്‍ ബിജെപിക്ക് കഴിയില്ല. ഭേദഗതികള്‍ പാസാക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വം വച്ചുപുലര്‍ത്തുന്നതും ഇക്കാരണത്താലാണ്.
നിലവില്‍ ഇടതുപക്ഷ പാര്‍ടികളും തൃണമൂല്‍ കോണ്‍ഗ്രസുമാണ് പരിഷ്കരണ നടപടികളോട് വിയോജിപ്പുപ്രകടിപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിനെ പിന്തുണയ്ക്കാത്ത പാര്‍ടികളെന്ന നിലയില്‍ ബിജെഡി, എഐഡിഎംകെ തെലുങ്കുദേശം എന്നീ കക്ഷികളും പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഭേദഗതികളെ എതിര്‍ത്തേക്കും. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, ശിവസേന, അകാലിദള്‍ എന്നീ പാര്‍ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശിവസേനയും അകാലിദളും ബിജെപിയുടെ തീരുമാനത്തിനൊത്താകും നീങ്ങുക. സര്‍ക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കുന്ന എസ്പി, ബിഎസ്പി, ആര്‍ജെഡി കക്ഷികളും പെന്‍ഷന്‍-ഇന്‍ഷുറന്‍സ് ഭേദഗതികളോട് പ്രതികരിച്ചിട്ടില്ല.
കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് തോല്‍പ്പിക്കുക: സിപിഐ എം
രണ്ടാം യുപിഎ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണത്തിന്റെ പേരില്‍ സ്വീകരിച്ച ജനവിരുദ്ധ നടപടികളെ എതിര്‍ത്ത് പരാജയപ്പെടുത്താന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ജനവിരുദ്ധ നടപടികളെ പാര്‍ലമെന്റില്‍ യോജിച്ച് എതിര്‍ത്തുതോല്‍പ്പിക്കാന്‍ രാഷ്ട്രീയ പാര്‍ടികളോടും പിബി അഭ്യര്‍ഥിച്ചു. ഇന്‍ഷുറന്‍സ് മേഖലയില്‍ ഇന്നുള്ള 26 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം 49 ശതമാനമാക്കാനും പെന്‍ഷന്‍ഫണ്ടില്‍ 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനുമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ ധന മൂലധന സ്വാധീനത്തിന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ വിട്ടുകൊടുത്ത് കൂടുതല്‍ അപകടത്തിലാക്കുന്നതാണ് ഈ തീരുമാനം. പെന്‍ഷന്‍ഫണ്ടില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയതുവഴി ദശലക്ഷക്കണക്കിനു തൊഴിലാളികളുടെയും ജീവനക്കാരുടെയും സമ്പാദ്യമാണ് കവര്‍ന്നെടുക്കുന്നതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു
സര്‍ക്കാര്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്നു: സിഐടിയു
ഇന്‍ഷുറന്‍സ് മേഖലയിലും പെന്‍ഷന്‍ ഫണ്ടിലും 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ആഗോള ധന മൂലധനത്തിനും കീഴടങ്ങലാണെന്ന് സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
അപകടകരമായ ഈ പരിഷ്കാരങ്ങള്‍ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ജനങ്ങള്‍ക്ക് വലിയ ദോഷമുണ്ടാക്കുകയും ചെയ്യും. പൊതുമേഖലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് സംവിധാനത്തെ തകര്‍ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്‍ഷുറന്‍സ് മേഖലയിലെ വന്‍ സമ്പത്ത് ഇതുവരെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിച്ചിരുന്നത്. ഇതാണ് ഊഹക്കച്ചവടത്തിലേക്ക് വഴിതിരിച്ചുവിടുന്നത്. ഗവണ്‍മെന്റ് പദ്ധതികള്‍ക്കു വേണ്ട ഫണ്ടിന്റെ 24.6 ശതമാനം നല്‍കുന്നത് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നാണ്. തൊഴിലാളികള്‍ കഷ്ടപ്പെട്ട് തൊഴിലെടുത്ത് സമ്പാദിക്കുന്ന പണത്തിന്മേലാണ് മറ്റൊരു ആക്രമണം. ഇവിടെയും 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നു. തൊഴിലാളികളുടെ സമ്പത്തിനെ ഊഹക്കച്ചവട വിപണിയില്‍ ചൂതാട്ടത്തിന് വയ്ക്കാന്‍ പോകുകയാണ്.
അമേരിക്കയില്‍ ധനവിപണിയിലുണ്ടായതു പോലുള്ള വന്‍ തകര്‍ച്ച ഇന്ത്യയിലുണ്ടാകാതിരുന്നത് ഇടതുപക്ഷ ജനാധിപത്യശക്തികള്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ പ്രതിലോമ നടപടികളെ ഫലപ്രദമായി എതിര്‍ത്തതുകൊണ്ടാണ്. അവധിവ്യാപാര നിയന്ത്രണനിയമം ഭേദഗതി ചെയ്ത് അവധി വ്യാപാര കമീഷന് വിപുലമായ അധികാരം നല്‍കി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാനോ കുതിച്ചുയരുന്ന അവശ്യസാധനവില കുറയ്ക്കാനോ താഴേക്കുപോകുന്ന കാര്‍ഷികോല്‍പ്പാദനം ഉയര്‍ത്താനോ ഉതകുന്ന ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. ദേശീയ സമ്പദ്വ്യവസ്ഥയെയും ജനജീവിതത്തെയും പണയംവച്ച് വിദേശനിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ദേശവിരുദ്ധ നടപടികളെ സിഐടിയു അപലപിച്ചു. ഇത്തരം നടപടിക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്താന്‍ അംഗസംഘടനകളോട് സിഐടിയു അഭ്യര്‍ഥിച്ചു.
ചില്ലറവിപണിയില്‍ എഫ്ഡിഐ: സുപ്രീംകോടതി വ്യക്തത തേടി
ചില്ലറവിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ) അനുവദിച്ചത് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വ്യക്തത കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരുടെ സഹായം തേടി. എന്നാല്‍, സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധ, അനില്‍ ആര്‍ ദവെ എന്നിവരുള്‍പ്പെട്ട ബെഞ്ച് തയ്യാറായില്ല. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് ചില്ലറവിപണിയിലെ എഫ്ഡിഐക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. പരാതിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്കും സോളിസിറ്റര്‍ ജനറല്‍ ആര്‍ എഫ് നരിമാനും കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത കിട്ടേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പരാതിയില്‍ എതിര്‍കക്ഷികളുടെ പട്ടികയില്‍നിന്ന് പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. 12ന് വീണ്ടും പരിഗണിക്കും. കേസില്‍ ഒരുമണിക്കൂറോളം വാദം കേട്ട കോടതി ഈ തീരുമാനം നയപരമായ വിഷയമാണെന്ന് അഭിപ്രായപ്പെട്ടു. നയതീരുമാനങ്ങള്‍ പൂര്‍ണമായും സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും അഭിപ്രായപ്പെട്ടു.
deshabhimani 061012
ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ മേഖലകളിലെ 49 ശതമാനം വിദേശനിക്ഷേപം സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ അമേരിക്കയിലെയും യൂറോപ്പിലെയും കോര്‍പറേറ്റ് ധനസ്ഥാപനങ്ങളെ സഹായിക്കാന്‍. ഇനി പാശ്ചാത്യവിപണികളിലെ ചാഞ്ചാട്ടത്തിനുസരിച്ചാകും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും ഭാവി. സാധാരണക്കാരുടെ ജീവിതസമ്പാദ്യംകൂടി തട്ടിയെടുക്കാന്‍ ആഗോള ധനമൂലധനത്തിന് ഇതോടെ അവസരവുമായി. പുതിയ തീരുമാനം വന്നതോടെ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ചില്ലറവിപണി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഭീമന്‍മാര്‍ യുപിഎ സര്‍ക്കാരിനെ പ്രശംസ കൊണ്ടുമൂടുകയാണ്. ഇതിന്റെ ഗുണം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പായി "പല രൂപത്തിലും" കോണ്‍ഗ്രസിന് ലഭിക്കും. കോര്‍പറേറ്റ് അനുകൂല തീരുമാനങ്ങളെ ഒരു പരിധിക്കപ്പുറം ബിജെപിക്ക് എതിര്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ രണ്ടു ഭേദഗതിയും പാസാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
ReplyDelete