Monday, October 1, 2012

പാചകവാതക ഉപയോക്താക്കള്‍ വട്ടംകറങ്ങുന്നു


പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിര്‍ദേശപ്രകാരം എല്‍പിജി വിതരണക്കാര്‍ ആരംഭിച്ച വിവരശേഖരണം ഉപയോക്താക്കളെ വട്ടംകറക്കുന്നു. "നിങ്ങളുടെ ഉപയോക്താവിനെ അറിയുക" എന്ന പേരില്‍ നടത്തുന്ന വിവരശേഖരണത്തിന് ഏകീകൃതമാതൃകയോ വ്യക്തമായ മാനദണ്ഡമോ ഇല്ല. എണ്ണക്കമ്പനികളും വിതരണ ഏജന്‍സികളും തങ്ങളുടെ ഇഷ്ടപ്രകാരം അടിക്കടി തയ്യാറാക്കുന്ന നിര്‍ദേശങ്ങള്‍ യഥാസമയം ഉപയോക്താക്കളെ അറിയിക്കുന്നുമില്ല. മുഴുവന്‍ ഉപയോക്താക്കളും വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നാണ് കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറഞ്ഞത്. എന്നാല്‍, എല്ലാവരും ഇതു ചെയ്യേണ്ടെന്നാണ് എറണാകുളം കളക്ടര്‍ ശനിയാഴ്ച അറിയിച്ചത്. കെവൈസി (നോ യുവര്‍ കസ്റ്റമര്‍-നിങ്ങളുടെ ഉപയോക്താവിനെ അറിയുക) ഫോം പൂരിപ്പിച്ച് നല്‍കുന്നതു സംബന്ധിച്ച് എണ്ണക്കമ്പനികള്‍ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യം മാത്രമാണ് ഉപയോക്താക്കള്‍ക്കുള്ള ഏക അറിയിപ്പ്. അതിലും വിശദാംശങ്ങള്‍ ഇല്ലായിരുന്നു. വിതരണ ഏജന്‍സികളിലെത്തിയവര്‍ക്ക് പൂരിപ്പിച്ച് നല്‍കേണ്ട ഫോം കിട്ടിയതല്ലാതെ വിശദാംശങ്ങള്‍ ലഭിച്ചില്ല.

ഉപയോക്താക്കളെ പരിഭ്രാന്തരാക്കുന്ന വിവരങ്ങളാണ് ഏജന്‍സികള്‍ ആദ്യം നല്‍കിയത്. സെപ്തംബര്‍ 15നകം കെവൈസി പൂരിപ്പിച്ച് നല്‍കാത്തവരുടെ കണക്ഷന്‍ റദ്ദാക്കുമെന്നും വീടുകയറി പരിശോധനയ്ക്ക് എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ എത്തുമെന്നുമായിരുന്നു പ്രചാരണം. ഏജന്‍സികള്‍ക്കു മുന്നില്‍ ഉപയോക്താക്കളുടെ തിരക്കും നീണ്ടനിരയും രൂപപ്പെടാന്‍ ഇതു കാരണമായി. തിരക്കേറിയതോടെ സിലിണ്ടര്‍ മാറ്റി നല്‍കാനുള്ള ബുക്കിങ്ങും പുതിയ കണക്ഷനുള്ള അപേക്ഷ സ്വീകരിക്കലും അവസാനിപ്പിച്ചത് കൂടുതല്‍ പ്രശ്നത്തിനിടയാക്കി. കെവൈസി ഫോമില്‍ വിവരങ്ങള്‍ നല്‍കേണ്ടത് ഇംഗ്ലീഷിലായതും വലിയൊരു വിഭാഗത്തെ വലച്ചു. രണ്ടു ഫോട്ടോയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും റേഷന്‍കാര്‍ഡിന്റെ പകര്‍പ്പുമാണ് കെവൈസിക്കൊപ്പം നല്‍കേണ്ടത്. മറ്റു രേഖകളും ചില ഏജന്‍സികള്‍ ആവശ്യപ്പെട്ടത് ചിലയിടങ്ങളില്‍ സംഘര്‍ഷത്തിനു കാരണമായി. മരിച്ചുപോയവരുടെ പേരിലുള്ള കണക്ഷന്‍ മാറ്റാന്‍ മരണസര്‍ട്ടിഫിക്കറ്റും പുതിയ ഉടമയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും വേണമെന്ന കാര്യം ഫോം പൂരിപ്പിച്ച് നല്‍കാനെത്തുമ്പോഴാണ് പലരും അറിയുന്നത്. മേല്‍വിലാസമാറ്റവും രേഖാമൂലം തിരുത്തണമെന്നാണ് അറിയിപ്പ്. ഇക്കാര്യമൊന്നും പൊതു നോട്ടീസ്വഴിയോ മാധ്യമങ്ങളില്‍ പരസ്യത്തിലൂടെയോ അറിയിക്കാതെ ഉപയോക്താക്കളെ വലയ്ക്കുകയാണ് എണ്ണക്കമ്പനികളും ഏജന്‍സികളും. ഫോം പൂരിപ്പിച്ച് നല്‍കാനുള്ള അവസാന തീയതി നീട്ടിയതും പൊതു അറിയിപ്പായി നല്‍കിയില്ല. അവസാന തീയതി നവംബര്‍ 30വരെ നീട്ടിയശേഷം പല ഏജന്‍സികളും ഫോം വിതരണവും പൂരിപ്പിച്ചുവാങ്ങലും തല്‍ക്കാലം നിര്‍ത്തിവച്ചു. അതും ഏജന്‍സികളുടെ ഇഷ്ടപ്രകാരം ഒന്നും രണ്ടും ആഴ്ചകള്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് അറിയിപ്പ്. നിശ്ചിത സമയത്തിനകം ഫോം പൂരിപ്പിച്ച് നല്‍കാത്തവരുടെ കണക്ഷന്‍ റദ്ദാക്കുന്നതിനു പുറമെ അനധികൃതമായി സിലിണ്ടര്‍ കൈവശം വയ്ക്കുന്നത് കണ്ടെത്തിയാല്‍ പിഴയും ജയില്‍ശിക്ഷയും ലഭിക്കുമെന്ന പ്രചാരണവും ചില ഏജന്‍സികള്‍ നടത്തുന്നു. ഇതു സംബന്ധിച്ച എണ്ണക്കമ്പനികളുടെ പരസ്യം ഉടന്‍ വരുമെന്നും പ്രചാരണമുണ്ട്.

deshabhimani 300912

No comments:

Post a Comment