Monday, October 1, 2012
ദേശീയപാത അറ്റകുറ്റപ്പണി: മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ് അട്ടിമറിക്കാനിറങ്ങി
ആലപ്പുഴ: തകര്‍ന്നടിഞ്ഞ ദേശീയപാത അറ്റകുറ്റപ്പണി നടത്താനുള്ള നടപടി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം. പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കുഴികളടയ്്ക്കല്‍ ജോലികള്‍ ആരംഭിച്ചതോടെയാണ് ഇത് പൊളിക്കാന്‍ ഡിസിസി നേതൃത്വം പദ്ധതിയുമായി രംഗത്തെത്തിയത്. പ്രശ്നത്തില്‍ ആദ്യം മുതലേ കള്ളകളി കളിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ സമരം. നാടിന്റെയാകെ പ്രശംസയ്ക്ക് പാത്രമായ സമരത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഇതിനായി ജില്ലാ ഭരണകേന്ദ്രത്തെ വരെ ഉപയോഗിച്ചു. ഇതും പരാജയപ്പെട്ടപ്പോഴാണ് വെള്ളിയാഴ്ച ജി സുധാകരന്‍ എംഎല്‍എയുടെ വീട്ടുപടിക്കല്‍ മെറ്റിലിറക്കി പ്രകോപനമുണ്ടാക്കിയത്. പാതയ്ക്ക് പടിഞ്ഞാറുഭാഗത്തടക്കം സ്ഥലമുണ്ടായിട്ടാണ് അധികൃതരുടെ ഈ നടപടി. സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ടേകാല്‍ മണിക്കൂര്‍ നേരം അദ്ദേഹം മെറ്റല്‍ കൂനയ്ക്ക് മുകളില്‍ കുത്തിയിരിപ്പ് സമരം നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ കോണ്‍ഗ്രസ് ഒത്താശയോടെ ഇത് വഷളാക്കാനായിരുന്നു അധികൃതരുടെ നീക്കം. സ്ഥലത്തെത്തിയ പിഡബ്ല്യുഡി ദേശീയപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍ ലേഖയും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഹരിലാലും കരാറുകാരനെ ന്യായീകരിച്ചു.
ജനം സമരം ഏറ്റെടുത്തതോടെ സൂപ്പര്‍വൈസറെ അറസ്റ്റുചെയ്തു തടിതപ്പാനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ കരാറുകാരനും ലോറി ഡ്രൈവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ലോറി തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. മെറ്റലിറക്കുന്നത് കണ്ടവര്‍ ലോറിയുടെ അടയാള സഹിതം പൊലീസിനെ ബോധ്യപ്പെടുത്തിയിട്ടും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഭയന്ന് അനങ്ങാപ്പാറ നയമാണ് അവര്‍ സ്വീകരിക്കുന്നത്. എന്നാല്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ എം നേതാക്കളെയടക്കം ജാമ്യമില്ലാ വകുപ്പില്‍പ്പെടുത്തി കേസെടുത്തു.
ദേശീയപാത അറ്റകുറ്റപ്പണിക്ക് തുരങ്കംവയ്ക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ തന്നെ കഴിഞ്ഞദിവസം പ്രസ്താവനയുമായി രംഗത്തെത്തി. ജി സുധാകരന്‍ എംഎല്‍എയുടെ നടപടി മൃഗീയമാണെന്നാണ് ആക്ഷേപം. പ്രദേശിക സിഐടിയുക്കാര്‍ അറിയാതെ മെറ്റലിറക്കത്തില്ലെന്നും ഷുക്കൂര്‍ തട്ടിവിട്ടു. ജില്ലയില്‍നിന്ന് ആരും ഇത് ഏറ്റുപിടിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവിനെ പ്രസ്താവന കൊടുത്ത് കളത്തിലിറക്കി. ദേശീയപാത അറ്റുകുറ്റപ്പണി അട്ടിമറിക്കുന്ന ജി സുധാകരനെതിരെ കേസെടുക്കണമെന്നാണ് യൂത്ത്നേതാവ് എം ലിജുവിന്റെ ആവശ്യം. എന്നാല്‍ ഇതു സംബന്ധിച്ച് വാര്‍ത്തലേഖകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്നതില്‍ കുഴഞ്ഞ ലിജു ഒടുവില്‍ മറുകണ്ടം ചാടിയതും ശ്രദ്ധേയമായി. ദേശീയപാത ഇന്നത്തെ നിലയില്‍ ഇട്ടിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനുത്തരവാദികള്‍ കേന്ദ്ര സര്‍ക്കാരാണെങ്കിലും സംസ്ഥാന സര്‍ക്കാരാണെങ്കിലും ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നായി ലിജു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ കലക്ടറടക്കമുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ടെങ്കില്‍ എംഎല്‍എമാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കണമെന്നും ലിജു പറഞ്ഞു.
deshabhimani 300912
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
തകര്‍ന്നടിഞ്ഞ ദേശീയപാത അറ്റകുറ്റപ്പണി നടത്താനുള്ള നടപടി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം.
ReplyDelete