Monday, October 15, 2012
മന്ത്രി മുനീറിന്റെ വെളിപ്പെടുത്തല്‍: പൊളിഞ്ഞത് മുഖ്യമന്ത്രിയുടെയും കെ സി ജോസഫിന്റെയും പച്ചക്കള്ളം
കുടുംബശ്രീ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ അറിവോടെ: മുനീര്‍
കോഴിക്കോട്: കുടുംബശ്രീ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങളാണ് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതെന്നും ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നെന്നും പഞ്ചായത്ത് മന്ത്രി എം കെ മുനീര്‍. മുഖ്യമന്ത്രിയോട് ആലോചിച്ച കാര്യങ്ങളല്ലാതെ താന്‍ ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ സമരം ഒത്തുതീര്‍പ്പാക്കിയത് വകുപ്പ് മന്ത്രിയായ തന്നോട് ചര്‍ച്ച ചെയ്യാതെയാണെന്നും കുടുംബശ്രീ പ്രവര്‍ത്തകരുമായി ഉണ്ടാക്കിയ ധാരണയെക്കുറിച്ച് തനിക്കറിയില്ലെന്നും ഗ്രാമവികസന മന്ത്രി കെ സി ജോസഫ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കെ സി ജോസഫിന് മറുപടിയുമായി മുനീര്‍ രംഗത്തെത്തിയതോടെ സംസ്ഥാന മന്ത്രിസഭയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
കുടുംബശ്രീ സര്‍ക്കാറിന്റെ നോഡല്‍ ഏജന്‍സിയാണെന്നും സര്‍ക്കാര്‍ മാറുന്നതിന് അനുസരിച്ച് ഇതിന് മാറ്റമുണ്ടാകില്ലെന്നും മുനീര്‍ പറഞ്ഞു. കുടുംബശ്രീയെ ഇനിയും സഹായിക്കുമെന്നും അത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യുക മാത്രമാണ് ചെയ്തത്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് മുനീര്‍ മറുപടി പറഞ്ഞത്. ലീഗുകാര്‍ നിയമസഭയിലേക്ക് ഓടിക്കയറിവന്നതല്ലെന്നും ലീഗിനെ വിമര്‍ശിക്കുന്നവര്‍ യുഡിഎഫിന്റെ ചരിത്രമോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗില്ലാതെ യുഡിഎഫിന് നിലിനില്‍പ്പില്ലെന്നും മുനീര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മന്ത്രി മുനീറിന്റെ വെളിപ്പെടുത്തല്‍: പൊളിഞ്ഞത് മുഖ്യമന്ത്രിയുടെയും കെ സി ജോസഫിന്റെയും പച്ചക്കള്ളം
കുടുംബശ്രീ സമരത്തിന്റെ ഒത്തുതീര്‍പ്പ് വിശദാംശങ്ങള്‍ മന്ത്രി എം കെ മുനീര്‍ വീണ്ടും വെളിപ്പെടുത്തിയതോടെ പൊളിഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ സി ജോസഫിന്റെയും നുണക്കഥകള്‍. സമരം പരാജയമാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റില്ലെന്ന് പറയാനാവില്ലെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രി ജോസഫ് പ്രതികരിച്ചത്. രണ്ടു പേരുടെയും പ്രതികരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുനീറിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. കുടുംബശ്രീ സംരക്ഷണവേദിയുമായും എല്‍ഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നെന്നും അതിന് ശേഷമാണ് അന്തിമ ധാരണയിലെത്തിയതെന്നുമാണ് മുനീര്‍ വ്യക്തമാക്കിയത്. മന്ത്രി മുനീര്‍ മാത്രമല്ല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചര്‍ച്ചയില്‍ ഉടനീളം പങ്കെടുത്തിരുന്നു.
ഒത്തുതീര്‍പ്പ് ധാരണയിലെ പ്രധാന തീരുമാനമായിരുന്നു ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരുമെന്നത്. ഈ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് മന്ത്രി ജോസഫ് പറയുമ്പോള്‍ ധിക്കരിക്കുന്നത് ഉമ്മന്‍ചാണ്ടിയെത്തന്നെയാണെങ്കിലും ഇത് ഇവര്‍ തമ്മിലുള്ള ഒത്തുകളിയായാണ് കണക്കാക്കുന്നത്. കുടുംബശ്രീയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയും ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ഫണ്ട് തട്ടിയെടുക്കാനും ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക് പരാതി അയക്കുകയും സമ്മര്‍ദം ചെയുത്തുകയുംചെയ്തിരുന്നു. എന്നാല്‍, ഈ സമ്മര്‍ദത്തിന് വഴങ്ങിയില്ലെന്നു മാത്രമല്ല, നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ തുടരുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് വ്യക്തമാക്കുകയുംചെയ്തിരുന്നു. ഇതിന്റെ പേരില്‍ മന്ത്രി ജോസഫും പി ടി തോമസ് എംപിയും നേരത്തെ ജയറാം രമേശിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നിട്ടും ഇപ്പോള്‍ മന്ത്രി ജോസഫ് പറയുന്നത് കുടുംബശ്രീയെ നോഡല്‍ ഏജന്‍സിയാക്കിയത് കേന്ദ്രനിര്‍ദേശം ലംഘിച്ചെന്നാണ്. ഇത് മന്ത്രിയുടെ പച്ചയായ രാഷ്ട്രീയക്കളിയാണ്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെതുടര്‍ന്ന് സര്‍ക്കാര്‍ മുട്ടുമടക്കിയപ്പോള്‍ മുഖം രക്ഷിക്കാന്‍കൂടിയാണ് മുഖ്യമന്ത്രിയും മന്ത്രി കെ സി ജോസഫും നുണ പറഞ്ഞത്. എന്നാല്‍, ഈ കരാര്‍ നടപ്പാക്കില്ലെന്ന സൂചന മന്ത്രി ജോസഫ് നല്‍കിയത് വെല്ലുവിളിയാണ്. ഇതിനുള്ള മറുപടികൂടിയാണ് മന്ത്രി മുനീര്‍ നല്‍കിയത്. കുടുംബശ്രീയെ ഞെരിച്ചുകൊല്ലാന്‍ ഭരണപക്ഷത്തെ പ്രബല വിഭാഗം ശ്രമിക്കുന്നുവെന്ന ആരോപണവും ശരിവയ്ക്കുന്നതാണ് മുനീറിന്റെ പ്രതികരണം. വകുപ്പ് മന്ത്രിയായ താന്‍ കുടുംബശ്രീയെ കഴുത്തുഞെരിച്ചുകൊല്ലണോ എന്ന് മുനീര്‍ ചോദിച്ചത് രോഷത്തോടെയാണ്. ഇതും മുഖ്യമന്ത്രിയും മന്ത്രി ജോസഫും മറ്റ് കോണ്‍ഗ്രസ് നേതാക്കളും നടത്തുന്ന പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ്.ഭവനശ്രീ വായ്പ എഴുതിത്തള്ളാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും സമരത്തിന്റെ വിജയമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റുമാരെ തെരഞ്ഞെടുക്കുന്നതിലും വായ്പ നല്‍കുന്നതിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് കരാറിലുള്ളത്. എം എം ഹസ്സന്റെ തട്ടിപ്പ് സംഘത്തിന് ആര്‍കെവിവൈ ഫണ്ട് അനുവദിക്കാനുള്ള തീരുമാനം കേന്ദ്രനിര്‍ദേശത്തിന് വിധേയമായിമാത്രമേ നടപ്പാക്കൂ എന്ന കരാറിലെ വ്യവസ്ഥയും സമരം പൂര്‍ണ വിജയമായെന്ന് തെളിയിക്കുന്നതാണ്.
മുനീറിന്റെ പ്രസ്താവന സ്വാഗതാര്‍ഹം: പി കെ ശ്രീമതി
കുടുംബശ്രീ സമരം ഒത്തുതീര്‍ന്നതിനെ കുറിച്ച് മന്ത്രി എം കെ മുനീര്‍ നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ സി ജോസഫും പറഞ്ഞുകൊണ്ടിരുന്നത് തെറ്റാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരായ തിരുവഞ്ചൂരും മുനീറും ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് കരാറില്‍ ഒപ്പിട്ടത്. ആ കരാറിനെ മന്ത്രി ജോസഫ് തള്ളിപ്പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തമാണ് നഷ്ടപ്പെട്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രി ജോസഫും ഒത്തുകളിക്കുകയാണോ എന്ന് വ്യക്തമാക്കണം.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെ നിലനിര്‍ത്തുമെന്നാണ് കരാറിലെ മുഖ്യവ്യവസ്ഥ. ഇത് അംഗീകരിക്കാനാകില്ലെന്ന് ജോസഫ് പറയുന്നതിനു പിന്നില്‍ രാഷ്ട്രീയതാല്‍പ്പര്യമാണ്. കുടുംബശ്രീയെ നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് മാറ്റാന്‍ സംസ്ഥാനത്തെ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ചരടുവലി നടത്തിയിരുന്നു. എന്നാല്‍, നിയമാനുസൃതമായാണ് കുടുംബശ്രീയെ നോഡല്‍ ഏജന്‍സിയാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിട്ടും കേന്ദ്രമാനദണ്ഡത്തിന് വിരുദ്ധമായാണ് കുടുംബശ്രീയെ നോഡല്‍ ഏജന്‍സിയാക്കിയതെന്ന് മന്ത്രി ജോസഫ് ആവര്‍ത്തിക്കുന്നത് എന്ത് ഉദ്ദേശ്യത്തോടെയാണെന്ന് വ്യക്തമാണ്. ഏതായാലും കുടുംബശ്രീ സംരക്ഷണവേദിയുമായി ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അതിശക്തമായി സമരം വീണ്ടും തുടങ്ങും. ഇക്കാര്യത്തില്‍ മന്ത്രി മുനീര്‍ സ്വീകരിച്ച നിലപാടിനെ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശ്വാസത്തോടെ കാണുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani news
Labels:
കുടുംബശ്രീ,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
കുടുംബശ്രീ സമരത്തിന്റെ ഒത്തുതീര്‍പ്പ് വിശദാംശങ്ങള്‍ മന്ത്രി എം കെ മുനീര്‍ വീണ്ടും വെളിപ്പെടുത്തിയതോടെ പൊളിഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ സി ജോസഫിന്റെയും നുണക്കഥകള്‍. സമരം പരാജയമാണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ നോഡല്‍ ഏജന്‍സി സ്ഥാനത്തുനിന്ന് കുടുംബശ്രീയെ മാറ്റില്ലെന്ന് പറയാനാവില്ലെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രി ജോസഫ് പ്രതികരിച്ചത്. രണ്ടു പേരുടെയും പ്രതികരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുനീറിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. കുടുംബശ്രീ സംരക്ഷണവേദിയുമായും എല്‍ഡിഎഫ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നെന്നും അതിന് ശേഷമാണ് അന്തിമ ധാരണയിലെത്തിയതെന്നുമാണ് മുനീര്‍ വ്യക്തമാക്കിയത്. മന്ത്രി മുനീര്‍ മാത്രമല്ല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചര്‍ച്ചയില്‍ ഉടനീളം പങ്കെടുത്തിരുന്നു.
ReplyDelete