Tuesday, October 2, 2012

കുടുംബശ്രീ സംരക്ഷണവേദി അനിശ്ചിതകാല ധര്‍ണ ഇന്നുമുതല്‍


ജനശ്രീ മിഷന് പൊതുഖജനാവില്‍നിന്ന് കോടികള്‍ അനുവദിച്ച സര്‍ക്കാര്‍നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ കുടുംബശ്രീ സംരക്ഷണവേദി സെക്രട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല ധര്‍ണ നടത്തുമെന്ന് കുടുംബശ്രീ സംരക്ഷണവേദി ജനറല്‍ കണ്‍വീനര്‍ ടി എന്‍ സീമ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. രാവും പകലും നടക്കുന്ന സമരത്തില്‍ രണ്ടായിരത്തഞ്ഞൂറിലേറെ സ്ത്രീകള്‍ പങ്കാളികളാവും.

കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സംഘടനയായ ജനശ്രീമിഷന് പണം നല്‍കിയത് സ്വജന പക്ഷപാതമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി രൂപീകരിച്ച കുടുംബശ്രീയിലൂടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്നത്. ഇവ ലക്ഷ്യംവച്ചാണ് ജനശ്രീ രൂപീകരിച്ചത്. മാനദണ്ഡങ്ങള്‍ മറികടന്ന് ജനശ്രീക്ക് 14.36 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജനശ്രീയെ മറയാക്കി വന്‍ അഴിമതിക്കുള്ള ശ്രമമാണ് നടക്കുന്നത്. കുടുംബശ്രീ വഴി വിതരണംചെയ്യേണ്ട ഫണ്ടുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനശ്രീക്ക് കൈമാറുകയാണ് സര്‍ക്കാര്‍. കുടുംബശ്രീ ഉദ്യോഗസ്ഥരെയും ഭാരവാഹികളെയും ഉപയോഗിച്ചാണ് ജനശ്രീ രൂപീകരിച്ചത്. മള്‍ട്ടിപ്പിള്‍ മെംബര്‍ഷിപ്പ് നല്‍കി സ്ത്രീകളെ കബളിപ്പിച്ചു. വായ്പ ലഭിക്കാന്‍ തടസ്സമില്ലെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മിക്കവര്‍ക്കും ജനശ്രീയില്‍ അംഗത്വം നല്‍കിയത്. ബ്ലേഡ്കമ്പനിപോലെയുള്ള ജനശ്രീ റിസര്‍വ് ബാങ്കിനെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്.

സ്ത്രീശാക്തീകരണത്തിന് രാജ്യത്തിനാകെ മാതൃകയായ കുടുംബശ്രീയെ തകര്‍ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ ജില്ലാതല ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കോണ്‍ഗ്രസ് അനുഭാവികളെ നിയമിക്കുന്നു. ജനശ്രീക്ക് പൊതുഖജനാവില്‍നിന്ന് പണം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുംവരെ സെക്രട്ടറിയറ്റിനു മുന്നില്‍ സമരം തുടരുമെന്നും ടി എന്‍ സീമ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ് പുഷ്പലത, സെക്രട്ടറി എം ജി മീനാംബിക, ലളിതാ സദാശിവന്‍, ജി കെ ലളിതകുമാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 021012

1 comment:

  1. ജനശ്രീ മിഷന് പൊതുഖജനാവില്‍നിന്ന് കോടികള്‍ അനുവദിച്ച സര്‍ക്കാര്‍നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ കുടുംബശ്രീ സംരക്ഷണവേദി സെക്രട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല ധര്‍ണ നടത്തുമെന്ന് കുടുംബശ്രീ സംരക്ഷണവേദി ജനറല്‍ കണ്‍വീനര്‍ ടി എന്‍ സീമ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും. രാവും പകലും നടക്കുന്ന സമരത്തില്‍ രണ്ടായിരത്തഞ്ഞൂറിലേറെ സ്ത്രീകള്‍ പങ്കാളികളാവും

    ReplyDelete