Tuesday, October 2, 2012

ഗോവന്‍ ലോട്ടറി പ്രൊമോട്ടര്‍ക്ക് നിയമവകുപ്പിന്റെ അംഗീകാരം


അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തില്‍ വീണ്ടും വില്‍പ്പനാനുമതി നല്‍കാന്‍ തിരക്കിട്ട നടപടി തുടങ്ങി. ഗോവന്‍ ലോട്ടറിയുടെ പ്രൊമോട്ടറായി മഹാരാഷ്ട്ര സ്വദേശിയെ അംഗീകരിച്ച് നിയമവകുപ്പ് ലോട്ടറിവകുപ്പിന് കത്ത് നല്‍കി. കേന്ദ്ര ലോട്ടറി നിയമമനുസരിച്ച് അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ കഴിയില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്. സിക്കിം ലോട്ടറിക്ക് അനുമതി നല്‍കാനും രഹസ്യനീക്കമുണ്ട്. ഇതോടെ സംസ്ഥാനം വീണ്ടും ലോട്ടറി മാഫിയയുടെ പിടിയിലമരും.

ഗോവന്‍ ലോട്ടറി പ്രൊമോട്ടറായി മഹാരാഷ്ട്ര സ്വദേശി സുധന്‍ ദമാനിയെ നിയമിച്ച് ഗോവന്‍ സര്‍ക്കാരാണ് ധനവകുപ്പിന് കത്ത് നല്‍കിയത്. ഇത് നിയമവകുപ്പിന് കൈമാറി. തുടര്‍ന്ന് നിയമവകുപ്പ് പ്രൊമോട്ടര്‍ നിയമനത്തിന് അംഗീകാരം നല്‍കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരമെന്ന് നിയമവകുപ്പ് ലോട്ടറി ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. അടുത്ത പടിയായി വാണിജ്യ നികുതിവകുപ്പ് നികുതി ഈടാക്കിയാല്‍ ഗോവന്‍ ലോട്ടറി കേരളത്തില്‍ വില്‍പ്പന ആരംഭിക്കും. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ എതിര്‍ ഗ്രൂപ്പില്‍പ്പെട്ടയാളാണ് ഗോവന്‍ ലോട്ടറിയുടെ പ്രൊമോട്ടര്‍ സുധന്‍ ദമാനി. ഇയാളുടെ നിയമനത്തിന് അംഗീകാരം നല്‍കിയ നിയമവകുപ്പിന്റെ നടപടി ദുരൂഹമാണ്. ലോട്ടറിവകുപ്പ് കൈകാര്യംചെയ്യുന്ന ധനമന്ത്രി കെ എം മാണിക്കാണ് നിയമവകുപ്പിന്റെയും ചുമതല. ലോട്ടറിയും നിയമവകുപ്പും ധനവും ഒരു മന്ത്രിയുടെ കീഴില്‍ത്തന്നെയായത് അന്യസംസ്ഥാന ലോട്ടറി മാഫിയക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

കേരള ലോട്ടറിയുടെ 2011-12ലെ വിറ്റുവരവ് 1267 കോടി രൂപയാണ്. ഇത് സര്‍വകാല റെക്കോഡാണെന്ന് ലോട്ടറിവകുപ്പ് പറയുന്നു. ഇപ്പോള്‍ കേരള ലോട്ടറി ആഴ്ചയില്‍ ആറു ദിവസവും നറുക്കെടുക്കുന്നുണ്ട്. അന്യസംസ്ഥാന ലോട്ടറിയുടെ വരവോടെ കേരള ലോട്ടറിയുടെ വില്‍പ്പന തകിടം മറിയും.

deshabhimani 021012

1 comment:

  1. അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തില്‍ വീണ്ടും വില്‍പ്പനാനുമതി നല്‍കാന്‍ തിരക്കിട്ട നടപടി തുടങ്ങി. ഗോവന്‍ ലോട്ടറിയുടെ പ്രൊമോട്ടറായി മഹാരാഷ്ട്ര സ്വദേശിയെ അംഗീകരിച്ച് നിയമവകുപ്പ് ലോട്ടറിവകുപ്പിന് കത്ത് നല്‍കി. കേന്ദ്ര ലോട്ടറി നിയമമനുസരിച്ച് അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ കഴിയില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്. സിക്കിം ലോട്ടറിക്ക് അനുമതി നല്‍കാനും രഹസ്യനീക്കമുണ്ട്. ഇതോടെ സംസ്ഥാനം വീണ്ടും ലോട്ടറി മാഫിയയുടെ പിടിയിലമരും.

    ReplyDelete