Saturday, October 13, 2012

വീരേന്ദ്രകുമാറിനെതിരെ പ്രതിഷേധം, വാക്കേറ്റം


സോഷ്യലിസ്റ്റ് ജനത(ഡമോക്രാറ്റിക്) സംസ്ഥാന സമ്മേളനത്തില്‍ പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെതിരെ പരസ്യ പ്രതിഷേധം. വീരേന്ദ്രകുമാറിനും മകന്‍ എം വി ശ്രേയാംസ്കുമാറിനുമെതിരായ വിമര്‍ശനമുന്നയിച്ച 17 പേരെ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മുന്‍ എംഎല്‍എ എം കെ പ്രേംനാഥാണ്് സമ്മേളനഹാളിനുമുന്നില്‍ കുത്തിയിരുന്ന്് പ്രതിഷേധിച്ചത്. ഒഴിവാക്കിയവരില്‍ ഏഴുപേര്‍ ടാഗോര്‍ഹാളില്‍ സമ്മേളനത്തിനെത്തിയെങ്കിലും ഗേറ്റില്‍ തടഞ്ഞു. ഇവരെ പങ്കെടുപ്പിക്കുന്നില്ലെങ്കില്‍ സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രേംനാഥ് പ്രഖ്യാപിച്ചു.

സീനിയര്‍ വൈസ്പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി പിന്തുണയുമായെത്തിയതോടെ രംഗം വഷളായി. ക്ഷുഭിതനായ വീരേന്ദ്രകുമാര്‍ പ്രേംനാഥുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലായി. രംഗം ചിത്രീകരിക്കയായിരുന്ന വാര്‍ത്താചനലുകളുടെ ക്യാമറാമാന്‍മാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ മന്ത്രി കെ പി മോഹനന്‍ ഇടപെട്ട്, സമ്മേളനത്തില്‍ ഒഴിവാക്കിയവരെ പങ്കെടുപ്പിക്കാന്‍ ധാരണയായി. എം വി ശ്രേയാംസ്കുമാര്‍ പ്രേംനാഥിനെയും കൂട്ടി പുറത്തുനിര്‍ത്തിയവരെ പ്രതിനിധികളായി ക്ഷണിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് വീരേന്ദ്രകുമാര്‍ പതാക ഉയര്‍ത്തി. പ്രതിനിധിസമ്മേളനം മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ടിയില്‍ ഭിന്നതയുണ്ടെന്നുള്ളത് സത്യമാണെന്ന് മോഹനന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പെരുപ്പിച്ചുകാട്ടാന്‍ ചിലര്‍ ശ്രമിക്കയാണ്. അസൂയാലുക്കളായ എതിരാളികള്‍ക്കൊപ്പം കൂടെയുള്ള ചിലരും പാര്‍ടിയെ നക്കിത്തിന്നാന്‍ നോക്കുകയാണെന്നും മോഹനന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് സംഘടനാപ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ മുരുകദാസ്(പാലക്കാട്), അഗസ്റ്റിന്‍ കോലഞ്ചേരി(എറണാകുളം) എന്നിവര്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചു. പ്രതിനിധിസമ്മേളനം ഉദ്ഘാടനത്തെച്ചൊല്ലിയും തര്‍ക്കമുണ്ടായി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു തീരുമാനം. അച്ഛനും മകനും ചേര്‍ന്ന് പാര്‍ടിയെ കുടുംബസ്വത്താക്കി മാറ്റുകയാണെന്നും സമ്മേളനമാകെ വീരന്‍മയമാണെന്നും വ്യാഴാഴ്ച രാത്രി ചേര്‍ന്ന നേതൃയോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് അവസാനിമിഷം കെ പി മോഹനനെ ഉദ്ഘാടകനാക്കിയത്. ശ്രേയാംസ്കുമാറാണ് സ്വാഗതസംഘം ചെയര്‍മാനായി സമ്മേളനം നിയന്ത്രിക്കുന്നത്.

deshabhimani 131012

1 comment:

  1. സോഷ്യലിസ്റ്റ് ജനത(ഡമോക്രാറ്റിക്) സംസ്ഥാന സമ്മേളനത്തില്‍ പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിനെതിരെ പരസ്യ പ്രതിഷേധം. വീരേന്ദ്രകുമാറിനും മകന്‍ എം വി ശ്രേയാംസ്കുമാറിനുമെതിരായ വിമര്‍ശനമുന്നയിച്ച 17 പേരെ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ മുന്‍ എംഎല്‍എ എം കെ പ്രേംനാഥാണ്് സമ്മേളനഹാളിനുമുന്നില്‍ കുത്തിയിരുന്ന്് പ്രതിഷേധിച്ചത്. ഒഴിവാക്കിയവരില്‍ ഏഴുപേര്‍ ടാഗോര്‍ഹാളില്‍ സമ്മേളനത്തിനെത്തിയെങ്കിലും ഗേറ്റില്‍ തടഞ്ഞു. ഇവരെ പങ്കെടുപ്പിക്കുന്നില്ലെങ്കില്‍ സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രേംനാഥ് പ്രഖ്യാപിച്ചു.

    ReplyDelete