Saturday, October 13, 2012

കെഎസ്ആര്‍ടിസി അന്യസംസ്ഥാന എസി സര്‍വീസുകള്‍ നിര്‍ത്തി


ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വോള്‍വോ എസി ബസ് സര്‍വീസുകളും നിര്‍ത്തി. വോള്‍വോയല്ലാത്ത 16 എസി ബസുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ബംഗളൂരു സര്‍വീസ് നിര്‍ത്തിയതിനു പിന്നാലെയാണിത്. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ഇനി എസി ബസുകള്‍ ഇല്ല. സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എന്നിവ ഉപയോഗിച്ചു നടത്തുന്ന 41 സര്‍വീസുകളേ ഇനി ബാക്കിയുള്ളൂ. മൂന്നു വോള്‍വോ ബസുകളാണ് തിരുവനന്തപുരത്തുനിന്ന് രണ്ട് ബംഗളൂരു സര്‍വീസിനായി ഉപയോഗിച്ചിരുന്നത്. രണ്ടുമാസമായി ഇവ ഓടുന്നില്ല. അറ്റകുറ്റപ്പണിമൂലമാണ് സര്‍വീസ് മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.

എല്‍ഡിഎഫ് ഭരണകാലത്ത് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന വോള്‍വോയല്ലാത്ത 16 എസി ബസുകളും ബോഡിമാറ്റി ഫാസ്റ്റ്, ഓര്‍ഡിനറി സര്‍വീസുകളാക്കി. ബംഗളൂരു റൂട്ടില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ പിന്‍മാറ്റം സ്വകാര്യ ബസ്സര്‍വീസുകള്‍ക്കും കര്‍ണാടക ആര്‍ടിസിക്കും ചാകരയായി. കെഎസ്ആര്‍ടിസി കൊച്ചി-ബംഗളൂരു റൂട്ടില്‍ മൂന്നു സര്‍വീസ് നടത്തുമ്പോള്‍ കര്‍ണാടക ആര്‍ടിസി ബംഗളൂരുവിലേക്ക് 12 എസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. അത്യാധുനിക മള്‍ട്ടി ആക്സില്‍ ബസുകളാണ് ഇതില്‍ കൂടുതലും. യാത്രക്കാര്‍ അധികമുള്ള ദിവസങ്ങളില്‍ പ്രത്യേകം ബസുകളും ഓടിക്കും. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ദിനംപ്രതി പുതിയ ബസുകള്‍ നിരത്തിലിറക്കുകയാണ്. ഇവ നിറയെ യാത്രക്കാരുമായാണ് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്. ടിക്കറ്റ്നിരക്കും കൂടുതലാണ്. സ്വകാര്യ ബസ്മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നതുമൂലമാണ് ബംഗളൂരു റൂട്ടില്‍നിന്ന് കെഎസ്ആര്‍ടിസി പിന്‍വാങ്ങുന്നതെന്നും കോര്‍പറേഷനെ തകര്‍ക്കാനുള്ള നീക്കമാണ് ഇതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
(അഞ്ജുനാഥ്)

deshabhimani 131012

No comments:

Post a Comment