Wednesday, October 3, 2012

കുടുംബശ്രീ സംരക്ഷണവേദി അനിശ്ചിതകാല ധര്‍ണ തുടരുന്നു


ജനശ്രീ മിഷന്  പൊതു ഖജനാവില്‍ നിന്ന്  കോടികള്‍ അനുവദിച്ച സര്‍ക്കാര്‍നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ സംരക്ഷണവേദി സെക്രട്ടറിയറ്റിനു മുന്നില്‍ ചൊവ്വാഴ്ച ആരംഭിച്ച രാപ്പകല്‍ അനിശ്ചിതകാല ധര്‍ണ രണ്ടാം ദിവസത്തിലേക്കു കടന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണു ചൊവ്വാഴ്ച രാവിലെ ധര്‍ണ ഉദ്ഘാടനം ചെയ്തത്. രാവും പകലും നടക്കുന്ന സമരത്തില്‍ രണ്ടായിരത്തഞ്ഞൂറിലേറെ സ്ത്രീകള്‍ പങ്കാളികളാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, കേന്ദ്ര കമ്മറ്റി അംഗങ്ങ്ങ്ങളായ  പി കെ ശ്രീമതി,ഡോ. തോമസ് ഐസക്ക്,   എല്‍ഡിഎ ഫ്  കണ്‍വീനര്‍  വൈക്കം വിശ്വന്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ശൈലജ, സമിതി കണ്‍വീനര്‍ ടി എന്‍ സീമ തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സംഘടനയായ ജനശ്രീമിഷന് പണം നല്‍കിയത് സ്വജന പക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി രൂപീകരിച്ച കുടുംബശ്രീയിലൂടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്നത്. ഇവ ലക്ഷ്യംവച്ചാണ് ജനശ്രീ രൂപീകരിച്ചത്. മാനദണ്ഡങ്ങള്‍ മറികടന്ന് ജനശ്രീക്ക് 14.36 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജനശ്രീയെ മറയാക്കി വന്‍ അഴിമതിക്കുള്ള ശ്രമമാണ് നടക്കുന്നത്. കുടുംബശ്രീ വഴി വിതരണംചെയ്യേണ്ട ഫണ്ടുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനശ്രീക്ക് കൈമാറുകയാണ് സര്‍ക്കാര്‍ എന്ന് കുടുംബശ്രീ സംരക്ഷണവേദി വ്യക്തമാക്കി. കുടുംബശ്രീ ഉദ്യോഗസ്ഥരെയും ഭഭാരവാഹികളെയും ഉപയോഗിച്ചാണ് ജനശ്രീ രൂപീകരിച്ചത്. മള്‍ട്ടിപ്പിള്‍ മെംബര്‍ഷിപ്പ് നല്‍കി സ്ത്രീകളെ കബളിപ്പിച്ചു. വായ്പ ലഭിക്കാന്‍ തടസ്സമില്ലെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മിക്കവര്‍ക്കും ജനശ്രീയില്‍ അംഗത്വം നല്‍കിയത്.

ബ്ലേഡ് കമ്പനിപോലെയുള്ള ജനശ്രീ റിസര്‍വ് ബാങ്കിനെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്. സ്ത്രീശാക്തീകരണത്തിന് രാജ്യത്തിനാകെ മാതൃകയായ കുടുംബശ്രീയെ തകര്‍ക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ ജില്ലാതല ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കോണ്‍ഗ്രസ് അനുഭാവികളെ നിയമിക്കുന്നു. ജനശ്രീക്ക് പൊതുഖജനാവില്‍നിന്ന് പണം നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുംവരെ സെക്രട്ടറിയറ്റിനു മുന്നില്‍ സമരം തുടരുമെന്നും സമിതി കണ്‍വീനര്‍ ടി എന്‍ സീമ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

ജനശ്രീക്ക് എതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കണം: ഐസക്

കെപിസിസി വക്താവ് എം എം ഹസന്‍ ചെയര്‍മാനായ ജനശ്രീ സുസ്ഥിര വികസന മിഷനെകുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങളെകുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു.

ഹസനും ജനശ്രീ മിഷനുമെതിരായ ഉയര്‍ന്നിട്ടുള്ള സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആക്ഷേപങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. ഒരു ജഡ്ജിയേയോ കമ്പനി ലാ സെക്രട്ടറിയെപോലെ ഈ രംഗത്ത് പരിചിതരായവരെയോ ഇതിനായി ചുമതലപ്പെടുത്തണം. ജനശ്രീക്ക് നിയമവിരുദ്ധമായി പണം അനുവദിച്ച നടപടി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരവേദിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോമസ് ഐസക് അറിയിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജനശ്രീയുടെ രക്ഷാധികാരി എന്ന നിലയില്‍ എ കെ. ആന്റണി ഈ വിഷയത്തില്‍ പ്രതികരിക്കണം. കുടുംബശ്രീയെ തകര്‍ക്കുകയും ജനശ്രീയെ വഴിവിട്ടു സഹായിക്കുകയും ചെയ്യുന്ന നിലപാടിനെതിരെ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ഐസക് പറഞ്ഞു. ആത്മാഭിമാനം ഉണ്ടെങ്കില്‍ ജനശ്രീക്കെതിരായ ആരോപണം തെളിയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെല്ലുവിളിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തട്ടിപ്പിനെ സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കണം. ജനശ്രീ മൈക്രോഫിനാന്‍സ് കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തപ്പോള്‍ ചെയര്‍മാന്‍ ഹസന് 19,94,000 ഓഹരികള്‍ ഉണ്ടായിരുന്നു. മറ്റ് ആറുപേര്‍ക്ക് 1000 രൂപയുടെ വീതം ഓഹരികളാണുള്ളത്. എന്നാല്‍ ഇത്രയും ഓഹരികള്‍ തന്റെ പേരിലുള്ളത് തികച്ചും സാങ്കേതികമാണെന്നും മറ്റുള്ളവരുടെ ഓഹരിയാണിതെന്നുമാണ് ഹസന്‍ പറഞ്ഞത്. ബിനാമി പേരില്‍ ഓഹരികള്‍ വാങ്ങുന്നത് ക്രിമനല്‍കുറ്റമാണ്. ഇക്കാര്യത്തില്‍ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്. പൊതുതാല്‍പര്യ ഹര്‍ജി നല്‍കുന്നതും പരിഗണിക്കും. ജനശ്രീ രൂപീകരിച്ച സമയത്ത് രണ്ട് കോടിരൂപ ഹസനാണ് നിക്ഷേപിച്ചത്. ഈ തുക പൊതുപ്രവര്‍ത്തകനായ ഹസന് എവിടെനിന്നു ലഭിച്ചുവെന്നും വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. ജനശ്രീ മിഷന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ അനുവദിച്ച സര്‍ക്കാര്‍നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ സംരക്ഷണവേദി സെക്രട്ടറിയറ്റിനു മുന്നില്‍ ചൊവ്വാഴ്ച ആരംഭിച്ച രാപ്പകല്‍ അനിശ്ചിതകാല ധര്‍ണ രണ്ടാം ദിവസത്തിലേക്കു കടന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനാണു ചൊവ്വാഴ്ച രാവിലെ ധര്‍ണ ഉദ്ഘാടനം ചെയ്തത്. രാവും പകലും നടക്കുന്ന സമരത്തില്‍ രണ്ടായിരത്തഞ്ഞൂറിലേറെ സ്ത്രീകള്‍ പങ്കാളികളാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, കേന്ദ്ര കമ്മറ്റി അംഗങ്ങ്ങ്ങളായ പി കെ ശ്രീമതി,ഡോ. തോമസ് ഐസക്ക്, എല്‍ഡിഎ ഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ശൈലജ, സമിതി കണ്‍വീനര്‍ ടി എന്‍ സീമ തുടങ്ങിയവര്‍ സംസാരിച്ചു.

    ReplyDelete