Sunday, October 14, 2012

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്


രാജ്യത്തെ ചില്ലറവ്യാപാര മേഖല വിദേശമൂലധന ശക്തികള്‍ക്ക് അടിയറവ് വെക്കുന്ന നിലപാടുകളാണ് യുപിഎ ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിലക്കയറ്റവും സബ്സിഡി വെട്ടിച്ചുരുക്കലും മൂലം ജനങ്ങളെ പിഴിയുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവും ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടും ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപം വര്‍ധിപ്പിച്ചതും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും കുത്തക കമ്പനികളെയും വിദേശ മൂലധന ശക്തികളെയും സഹായിക്കാനുള്ള നടപടിയാണ്. വാള്‍മാര്‍ട്ടിന് ഇന്ത്യയിലെ ഒരു നഗരത്തിലും വാണിജ്യ കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്നും കാരാട്ട് പറഞ്ഞു.

ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടിയതിലൂടെയും സബ്സിഡി വെട്ടിച്ചുരുക്കിയതിലൂടെയും സാധാരണക്കാരുടെ കുടുംബ ബജറ്റ് സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്. സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിന് പുറമെ സിലിണ്ടറിന് 11 രൂപ 40 പൈസ വര്‍ധിപ്പിച്ചത് കടുത്ത ജനവിരുദ്ധ നടപടിയാണ്.

ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ നവംബറില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാന പട്ടണങ്ങളിലും മറ്റ് ഇടത് പാര്‍ട്ടികളോടൊപ്പം സിപിഐ എം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പാര്‍ട്ടി നിലപാടിനെ അനുകൂലിക്കുന്നവരെയും വ്യാപാരിസംഘടനകളെയും സഹകരിപ്പിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. പാവപ്പെട്ട ജനങ്ങളെ പ്രധാനമായും ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും.

യുപിഎ മുന്നണിയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം വിട്ടു. മറ്റ് ഘടകകക്ഷികള്‍ക്കിടയിലും അസംതൃപ്തിയുണ്ട്. കോണ്‍ഗ്രസിന് അനുദിനം ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രണബ് മുഖര്‍ജിയുടെ മണ്ഡലമായ ജംഗിപ്പൂരില്‍ കോണ്‍ഗ്രസ് സാങ്കേതിക വിജയം മാത്രമാണ് നേടിയതെന്ന് കാരാട്ട് പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ ജനപിന്തുണ കുറയുന്നതിന്റെ തെളിവാണ്. ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടിന് പ്രണബ് ജയിച്ചിടത്ത് രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് ഇപ്പോള്‍ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. സിപിഐ എം സ്ഥാനാര്‍ത്ഥിയുടെ അതേപേരില്‍ നിര്‍ത്തിയ മറ്റൊരു സ്ഥാനാര്‍ത്ഥി 11,000 വോട്ടുകള്‍ നേടുകയും ചെയ്തു. സിപിഐ എം അവിടെ നന്നായി പൊരുതി- കാരാട്ട് പറഞ്ഞു.

കോടികളുടെ അഴിമതിയാണ് രാജ്യത്ത് നടക്കുന്നത്. കല്‍ക്കരി മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് അനധികൃതമായി ഖനനം നടത്താന്‍ അവസരമൊരുക്കി കോടികളുടെ അഴിമതി നടത്തി. കല്‍ക്കരി ഖനി മേഖല സ്വകാര്യ വല്‍ക്കരിക്കുന്നതിന് സിപിഐ എം എതിരാണ്. യുപിഎ യ്ക്കും മുന്‍പ് ഭരിച്ച എന്‍ഡിഎയ്ക്കും കല്‍ക്കരി മേഖല സ്വകാര്യ വല്‍ക്കരിച്ചതില്‍ പങ്കുണ്ട്. കല്‍ക്കരി അഴിമതിയ്ക്ക് പുറമെ ഇന്തിരാഗാന്ധി അന്താരഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിയുടെ കണക്കുകളും സിഎജി പുറത്ത് വിട്ടിട്ടുണ്ട്. അസമില്‍ കലാപം മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ രണ്ട് ലക്ഷത്തോളം പേരാണ്. ഇവരെ അവരവരുടെ വസതിയിലേക്ക് എത്തിക്കാന്‍ ക്രിയാത്മകമായ രീതിയില്‍ ഭരണകൂടം ഇടപെടേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളുടെ നിരക്ക് അനുദിനം വര്‍ധിച്ച് വരികയാണ്. ഇതിനെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരരംഗത്തുണ്ടാകും. 2013 ഫെബ്രുവരിയില്‍ തൊഴിലാളി സംഘടനകള്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് കേന്ദ്രകമ്മറ്റി നിര്‍ദ്ദേശം നല്‍കി.

C.C. Communique

1 comment:


  1. രാജ്യത്തെ ചില്ലറവ്യാപാര മേഖല വിദേശമൂലധന ശക്തികള്‍ക്ക് അടിയറവ് വെക്കുന്ന നിലപാടുകളാണ് യുപിഎ ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിലക്കയറ്റവും സബ്സിഡി വെട്ടിച്ചുരുക്കലും മൂലം ജനങ്ങളെ പിഴിയുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവും ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടും ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപം വര്‍ധിപ്പിച്ചതും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും കുത്തക കമ്പനികളെയും വിദേശ മൂലധന ശക്തികളെയും സഹായിക്കാനുള്ള നടപടിയാണ്. വാള്‍മാര്‍ട്ടിന് ഇന്ത്യയിലെ ഒരു നഗരത്തിലും വാണിജ്യ കേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്നും കാരാട്ട് പറഞ്ഞു.

    ReplyDelete