Sunday, October 14, 2012

വിളപ്പില്‍ശാല: സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചതില്‍ പ്രതിഷേധം ശക്തം


വിളപ്പില്‍ശാല നിവാസികള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചതില്‍ പ്രതിഷേധം ശക്തം. കോടതി ഉത്തരവ് പ്രകാരം വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് (മലിനജല ശുദ്ധീകരണയന്ത്രം) യന്ത്രം രഹസ്യമായി എത്തിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം തുടങ്ങിയത്. ഒക്ടോബര്‍ എട്ടിന്റെ കോടതിവിധിയില്‍ സര്‍ക്കാര്‍ നിലപാടുകളെ ശാസിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെ തിരുവനന്തപുരം തഹസീല്‍ദാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍, റൂറല്‍ എസ്പി തോമസ്കുട്ടി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍പൊലീസ് സന്നാഹത്തോടെ പ്ലാന്റ് മാലിന്യസംസ്കരണ ഫാക്ടറിയില്‍ എത്തിച്ചത്. വിളപ്പില്‍ശാലയിലെ പൊലീസിനെ ആര്യനാട് സ്റ്റേഷനിലേക്ക് നേരത്തെ മാറ്റിയിരുന്നു. ഇതോടെ ഒരു കാരണവശാലും ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടു.

മോഷ്ടാക്കള്‍ വരുന്നപോലെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് പുലര്‍ച്ചെ പ്ലാന്റ് കടത്തിയത് എന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തിന് മുമ്പില്‍നിന്ന് ആവേശം പകര്‍ന്ന് കരഘോഷം വാങ്ങിയ എന്‍ ശക്തന്‍ എംഎല്‍എ ഇപ്പോള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഒതുങ്ങിയിരിക്കുകയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്ന് പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയുടെ നേതൃത്വത്തില്‍ സമരസമിതി വിളപ്പില്‍ശാല ക്ഷേത്രം ജങ്ഷനില്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ വ്യാപാരി വ്യവസായി സമിതിയും ഏകോപനസമിതിയും മെഡിക്കല്‍ സ്റ്റോറുകള്‍ വരെ അടച്ച് അനിശ്ചിതകാല ഹര്‍ത്താല്‍ നടത്തും. നിരാഹാരപ്പന്തലിലേക്ക് ജനകീയസമിതി പിന്തുണയുമായി പ്രകടനം നടത്തി. ആയിരക്കണക്കിന് പൊലീസ് സേന ഇവിടെ ക്യാമ്പ് ചെയ്യുന്നു.

deshabhimani news

No comments:

Post a Comment