Sunday, October 14, 2012

അങ്കണവാടികളിലെ പോഷകാഹാര വിതരണം നിലയ്ക്കുന്നു


സംസ്ഥാനത്ത് അങ്കണവാടി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷാകാഹാരം നല്‍കുന്ന പദ്ധതി നിലക്കുന്നു. ഏപ്രില്‍മുതല്‍ പോഷകാഹാരം വിതരണംചെയ്ത തുക ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് കുടിശ്ശികയായ സാഹചര്യത്തിലാണിത്. അസംസ്കൃത സാധനങ്ങളുടെ അസാധാരണ വിലക്കയറ്റവും കുടുംബശ്രീക്ക് കീഴിലുള്ള ന്യൂട്രിമിക്സ് യൂണിറ്റുകളെ പിടിച്ചുനില്‍ക്കാനാവാത്തവിധം പ്രതിസന്ധിയിലാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ 12-ാം പഞ്ചവത്സര പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കാനാവാത്തതാണ് കുടിശ്ശികക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നേരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടില്‍നിന്ന് ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് പണം അനുവദിച്ചിരുന്നു. വാര്‍ഷികപദ്ധതി രൂപീകരണം അനന്തമായി നീണ്ടതോടെ തനത് ഫണ്ടില്‍നിന്ന് തുക നീക്കിവയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. കുടുംബശ്രീ സംവിധാനം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത്.

സംസ്ഥാനത്ത് 397 ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് 12 കോടി രൂപയാണ് നല്‍കാനുള്ളത്. തുക ഉടന്‍ നല്‍കാത്തപക്ഷം ഉല്‍പാദനം നിര്‍ത്തേണ്ടിവരുമെന്ന് ന്യൂട്രിമിക്സ് യൂണിറ്റുകളുടെ സംസ്ഥാന കണ്‍സോര്‍ഷ്യം സര്‍ക്കാരിനെ അറിയിച്ചു. പൊതുവിപണിയിലെ ഉയര്‍ന്ന വിലയ്ക്ക് അസംസ്കൃത സാധനങ്ങള്‍ വാങ്ങിയാണ്, മൂന്നുവര്‍ഷംമുമ്പ് നിശ്ചയിച്ച നിരക്കില്‍ സാമൂഹ്യക്ഷേമ വകുപ്പിനുവേണ്ടി പോഷകാഹാരം വിതരണംചെയ്യുന്നത്. കിലോയ്ക്ക് 56 രൂപക്കാണ് പോഷകാഹാരം നല്‍കുന്നത്. കടലപ്പരിപ്പ്, നിലക്കടല, സോയാബീന്‍, പഞ്ചസാര, ഗോതമ്പ് എന്നിവയാണ് അസംസ്കൃത വസ്തുക്കള്‍. പോഷകാഹാരത്തിന് 56 രൂപ നിശ്ചയിക്കുമ്പോള്‍ 40 രൂപയുണ്ടായിരുന്ന നിലക്കടലക്ക് ഇപ്പോള്‍ 92 രൂപയാണ്. കടലപ്പരിപ്പ് വില 28ല്‍നിന്ന് 42 ആയി. പഞ്ചസാര വില 17ല്‍നിന്ന് 40 ആയും സോയാബീന് 27ല്‍നിന്ന് 60 ആയും കൂടി. 4.30 രൂപ സബ്സിഡി നിരക്കില്‍ എഫ്സിഐ ഗോഡൗണുകളില്‍നിന്ന് ഗോതമ്പ് ലഭിച്ചിരുന്നത് മൂന്ന് മാസമായി നിലച്ചു.

ഏപ്രിലില്‍ തയ്യാറാവേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിരേഖ കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും പൂര്‍ത്തിയായിട്ടില്ല. പദ്ധതിരേഖ അംഗീകരിച്ച് ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് പണം കൈമാറാന്‍ ഡിസംബറെങ്കിലും ആയേക്കുമെന്നാണ് സൂചന. അഞ്ചു ലക്ഷംമുതല്‍ പത്തുലക്ഷംവരെയാണ് യൂണിറ്റുകള്‍ക്ക് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വിഹിതം നീക്കിവയ്ക്കുന്നത് സംബന്ധിച്ചും അനിശ്ചിതത്വമുണ്ട്. 25 ശതമാനം വിഹിതം ബ്ലോക്ക് പഞ്ചായത്തുകളാണ് നേരത്തെ പദ്ധതിക്ക് അനുവദിച്ചിരുന്നത്. മുഴുവന്‍ തുകയും പഞ്ചായത്തുകള്‍ അനുവദിക്കണമെന്ന നിര്‍ദേശം ഇടക്കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിച്ച് പഴയപടിയാക്കി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 33 യൂണിറ്റുകള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വിതരണംചെയ്യുന്ന റെയ്ഡ്കോവിന് 69 ലക്ഷം രൂപ കൂടിശ്ശിക ലഭിക്കാനുണ്ട്. ഇതിനിടെ നിലവിലുള്ള യൂണിറ്റുകളുടെ നിലനില്‍പ് പരിഗണിക്കാതെ പുതിയ യൂണിറ്റുകള്‍ അനുവദിക്കാനും നീക്കമുണ്ട്. കുടിശ്ശിക താങ്ങാനാവാതെ ന്യൂട്രിമിക്സ് യൂണിറ്റുകള്‍ പിന്‍വാങ്ങിയാല്‍ പകരം സ്വകാര്യ ഏജന്‍സികളാവും ഈ രംഗം കൈയടക്കുക. ജനശ്രീപോലുള്ളവര്‍ക്കും നോട്ടമുണ്ട്.

""കെട്ടുതാലി പണയംവച്ചും ബ്ലേഡുകാരില്‍നിന്ന് കടം വാങ്ങിയുമാണ് മിക്ക യൂണിറ്റുകളും നടത്തിക്കൊണ്ടുപോവുന്നത്. പണിയെടുത്ത കൂലിപോലും വരുമാനമായി ആര്‍ക്കും ലഭിക്കില്ല. ഇട്ടെറിഞ്ഞ് പോകാത്തത് അങ്കണവാടികളിലെ കുഞ്ഞുങ്ങളെ ഓര്‍ത്താണ്. കുടിശ്ശിക ഉടന്‍ നല്‍കുന്നതിനൊപ്പം വില പുതുക്കി നിശ്ചയിക്കാനും നടപടി വേണം""- ന്യൂട്രിമിക്സ് യൂണിറ്റുകളുടെ സംസ്ഥാനതല കണ്‍സോര്‍ഷ്യം പ്രസിഡന്റ് കോഴിക്കോട് പുതുപ്പാടിയിലെ വിലാസിനി ബാബു പറഞ്ഞു.
(പി പി സതീഷ്കുമാര്‍)

deshabhimani 141012

1 comment:

  1. സംസ്ഥാനത്ത് അങ്കണവാടി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷാകാഹാരം നല്‍കുന്ന പദ്ധതി നിലക്കുന്നു. ഏപ്രില്‍മുതല്‍ പോഷകാഹാരം വിതരണംചെയ്ത തുക ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് കുടിശ്ശികയായ സാഹചര്യത്തിലാണിത്. അസംസ്കൃത സാധനങ്ങളുടെ അസാധാരണ വിലക്കയറ്റവും കുടുംബശ്രീക്ക് കീഴിലുള്ള ന്യൂട്രിമിക്സ് യൂണിറ്റുകളെ പിടിച്ചുനില്‍ക്കാനാവാത്തവിധം പ്രതിസന്ധിയിലാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ 12-ാം പഞ്ചവത്സര പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കാനാവാത്തതാണ് കുടിശ്ശികക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നേരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടില്‍നിന്ന് ന്യൂട്രിമിക്സ് യൂണിറ്റുകള്‍ക്ക് പണം അനുവദിച്ചിരുന്നു. വാര്‍ഷികപദ്ധതി രൂപീകരണം അനന്തമായി നീണ്ടതോടെ തനത് ഫണ്ടില്‍നിന്ന് തുക നീക്കിവയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. കുടുംബശ്രീ സംവിധാനം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കിയത്.

    ReplyDelete