യുഡിഎഫ് സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനയത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാഹചര്യം മുതലെടുക്കാന്‍ ആര്‍എസ്എസ്- സംഘപരിവാര്‍ശക്തികള്‍ ശ്രമിക്കുകയാണെന്നും അത് മതനിരപേക്ഷസമൂഹം തിരിച്ചറിയണമെന്നും ശരിയായ രീതിയില്‍ തുറന്നുകാട്ടണമെന്നും സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടൂരില്‍ സിപിഐ എം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന കാലഘട്ടത്തിനുശേഷം സമൂഹത്തിനുണ്ടായ ഉന്നതിയും കമ്യൂണിസ്റ്റ്പ്രസ്ഥാനം വഹിച്ച പങ്കും സാമൂഹ്യനേട്ടവും മടക്കിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെതിരെ മതനിരപേക്ഷ ചിന്തഗതിക്കാരായവര്‍ രംഗത്തുവരണം. ഹൈന്ദവ ഏകീകരണത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആദ്യം എസ്എന്‍ഡിപിയും എന്‍എസ്എസും രംഗത്തുവന്നു. ഹൈന്ദവ ഏകീകരണത്തിനായി ജാതിസംഘടനകള്‍ ഒരോന്നായി അഭിപ്രായം പറയുന്നു. ഇപ്പോള്‍ ആര്‍എസ്എസും കത്തിവേഷത്തില്‍ രംഗത്തിറങ്ങിയിരിക്കയാണ്. പുതിയ സാഹചര്യത്തില്‍ തങ്ങള്‍ക്കിതുവരെ നേടാന്‍ കഴിയാത്തത് ഉണ്ടാക്കാനാണ് ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. കേരളത്തില്‍ സാമുദായിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെടുകയാണ്. കേരളീയ അന്തരീഷത്തില്‍ വര്‍ഗീയശക്തികള്‍ കരുത്താര്‍ജിക്കുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ക്ക് സിപിഐ എം എക്കാലത്തും ശത്രുവാണ്. ഇരുശക്തികളും നിരവധി സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തിന് സിപിഐ എം എന്നും നിലകൊണ്ടത് ന്യൂനപക്ഷ മതസംഘടനകളുടെ സര്‍ട്ടിഫിക്കറ്റിനുവേണ്ടിയല്ല, തൊഴിലാളിവര്‍ഗ പാര്‍ടിയെന്ന നിലയിലുളള പ്രതിബദ്ധത ഏറ്റെടുത്താണ്. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ വ്യാപകമായ കുശുകുശുക്കല്‍ നടക്കുകയാണ്. സിപിഐ എം ന്യൂനപക്ഷവിരുദ്ധമാണെന്ന പ്രചാരണമാണ് അതിലൂടെ നടത്തുന്നത്. ന്യൂനപക്ഷവിഭാഗത്തെ സിപിഐ എമ്മില്‍നിന്ന് അകറ്റാനാവുമോ എന്നാണ് നോക്കുന്നത്. ഇതിലൂടെയൊന്നും സിപിഐ എം ന്യൂനപക്ഷവിഭാഗത്തില്‍നിന്ന് ഒറ്റപ്പെട്ടു പോകില്ല. സിപിഐ എമ്മിന്റെ നിലപാട് തെളിമയാര്‍ന്നതാണ്. വര്‍ഗീയ അസ്വാസ്ഥ്യമുണ്ടായ ഘട്ടത്തിലൊക്കെ വര്‍ഗീയശക്തികളുടെ കൊലക്കത്തിക്കുമുന്നില്‍ ഉറച്ച നിലപാട് സ്വീകരിച്ച പാര്‍ടിയാണ് സിപിഐ എം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. ബഹുരാഷ്ട്ര കുത്തകകള്‍ക്കും സാമ്രാജ്യത്വത്തിനും വേണ്ടിയാണ് യുപിഎ സര്‍ക്കാര്‍ ഭരിക്കുന്നത്. ഇന്‍ഷുറന്‍സ്, ബാങ്കിങ്, ചെറുകിട വ്യാപാരം, ഔഷധവ്യാപരം, പെന്‍ഷന്‍ തുടങ്ങി എല്ലാമേഖലകളിലും വിദേശ കുത്തകകള്‍ക്ക് കടന്നുവരാന്‍ സൗകര്യം ഒരുക്കുകയാണ്. ധനകാര്യമേഖലയിലാകെ ബഹുരാഷ്ട്ര കുത്തകകള്‍ കടന്നുവരുന്നു. മന്‍മോഹന്‍സിങ്ങും സോണിയയും രാഹുലും തങ്ങളുടെ ആളുകളാണെന്നാണ് സാമ്രാജ്യത്വശക്തികള്‍ വിശേഷിപ്പിക്കുന്നത്. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതിനാലാണ് സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ അതേ നിലപാടാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരും സ്വീകരിക്കുന്നത്. മുഴുവന്‍ പൊതുമേഖലാസ്ഥാപനങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. "എമര്‍ജിങ് കേരള"യിലൂടെ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ജനശ്രീക്ക് പൊതുപണം നല്‍കുന്നത് രാഷ്ട്രീയ അഴിമതിയാണ്- പിണറായി പറഞ്ഞു.
deshabhimani 061012
യുഡിഎഫ് സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനയത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവരുന്ന പുതിയ സാഹചര്യം മുതലെടുക്കാന്‍ ആര്‍എസ്എസ്- സംഘപരിവാര്‍ശക്തികള്‍ ശ്രമിക്കുകയാണെന്നും അത് മതനിരപേക്ഷസമൂഹം തിരിച്ചറിയണമെന്നും ശരിയായ രീതിയില്‍ തുറന്നുകാട്ടണമെന്നും സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടൂരില്‍ സിപിഐ എം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ReplyDelete