Saturday, October 6, 2012
കേരള ലോട്ടറിയുടെ മറവില്‍ ഒറ്റ നമ്പര്‍ ലോട്ടറി വില്‍പ്പന
കേരള ലോട്ടറി വില്‍പ്പനയുടെ മറവില്‍, ഒറ്റനമ്പര്‍ വ്യാജലോട്ടറി വില്‍പന സംസ്ഥാനത്ത് സജീവം. സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്ന് അക്കങ്ങള്‍ ഒത്തു വന്നാല്‍ ലക്ഷങ്ങള്‍ സമ്മാനം വാഗ്ദാനംചെയ്യുന്ന വ്യാജ എഴുത്തുലോട്ടറിയും കംപ്യൂട്ടറില്‍ പ്രിന്റ്ചെയ്ത ലോട്ടറിയുമാണ് വ്യാപകമായത്. ആവശ്യക്കാര്‍ക്ക് മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി നമ്പറുകള്‍ അയച്ചുകൊടുക്കുന്ന രീതിയുമുണ്ട്. ഒരു വ്യാജ ലോട്ടറിടിക്കറ്റിന് 10 രൂപയാണ് ഈടാക്കുന്നത്. മൂന്നക്കമുള്ള വ്യാജലോട്ടറികള്‍ക്കെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ചക്കത്തിലാണ് ഇപ്പോള്‍ നറുക്കെടുപ്പ്. എന്നാല്‍, ഇതില്‍ മൂന്നക്കം മാത്രമാണ് ഇപ്പോഴും സമ്മാനത്തിനു പരിഗണിക്കുന്നത്.
നിയമംമൂലം ലോട്ടറി നിരോധിച്ച തമിഴ്നാട്ടില്‍ ചില പത്രങ്ങളില്‍ അക്ഷയ, പ്രതീക്ഷ ലോട്ടറികളുടെ ഫലം വന്നിരുന്നു. ഈ ഫലത്തോടൊപ്പം ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ അവസാനത്തെ അഞ്ചക്കം പ്രത്യേകം ബോക്സിലും നല്‍കിയിട്ടുണ്ട്. ഇതിനെതിരെ ധനവകുപ്പിനും മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
അവസാന മൂന്ന് അക്കങ്ങള്‍ ഒത്തുവന്ന ഒരു ടിക്കറ്റിന് 5000 രൂപയാണ് സമ്മാനത്തുക. ഒരേ നമ്പറിലുള്ള വ്യാജ ഒറ്റനമ്പര്‍ ലോട്ടറികള്‍ എത്രവേണമെങ്കിലും വാങ്ങാം. ഉദാഹരണത്തിന് ഒരേ നമ്പറുള്ള 10 ടിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ ഇതിലെ നമ്പര്‍ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിലെ അവസാന മൂന്ന് അക്കങ്ങളുമായി ഒത്താല്‍ 50,000 രൂപ സമ്മാനമായി നല്‍കുമെന്നാണ് വാഗ്ദാനം. ഇത്തരത്തില്‍ നൂറും അഞ്ഞൂറും എണ്ണം ഒന്നിച്ചു വാങ്ങുന്നവര്‍ നിരവധിയാണ്. ലോട്ടറിമാഫിയ ദിവസവും കേരള ലോട്ടറിയുടെ അഞ്ചുലക്ഷത്തോളം ടിക്കറ്റ് അന്യസംസ്ഥാനത്തേക്കു കടത്തുന്നുണ്ട്. കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലേക്കാണ് കൂടുതലും കടത്ത്. ഇതുമൂലം കേരളത്തിലെ ലോട്ടറിത്തൊഴിലാളികള്‍ക്ക് വേണ്ടത്ര ടിക്കറ്റ് ലഭിക്കാതെവരുന്നു. 20 രൂപയുടെ ടിക്കറ്റാണ് ഇവര്‍ കൂടുതല്‍ കടത്തുന്നത്. ഈ ചൂതാട്ട മാഫിയക്ക് ധനവകുപ്പിലെ ചിലര്‍ ഒത്താശചെയ്യുന്നതായും ആക്ഷേപമുണ്ട്. കേരള ലോട്ടറിയുടെ കൂടെ മറ്റു സമ്മാനങ്ങള്‍ നല്‍കാമെന്നുംഇത്തരം ലോട്ടറിവില്‍പ്പനശാലകള്‍ പരസ്യം നല്‍കുന്നുണ്ട്. 600 രൂപയ്ക്ക് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് കുട സൗജന്യമായി നല്‍കും എന്ന രീതിയിലുള്ള പരസ്യങ്ങളാണ് നല്‍കുന്നത്.
എറണാകുളം ജില്ലയില്‍ പാലാരിവട്ടത്തും മൂവാറ്റുപുഴയിലും ഇത്തരത്തില്‍ ലോട്ടറി വിറ്റ സ്ഥാപനങ്ങള്‍ എറണാകുളം ജില്ലാ ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ (സിഐടിയു) സമരം നടത്തിയതിനെത്തുടര്‍ന്ന് പൂട്ടി. അങ്കമാലിയിലെ സ്ഥാപനത്തിനുമുന്നില്‍ സമരം ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് നിരവധി ഏജന്‍സികളുള്ള മലബാര്‍ ലോട്ടറി എന്ന സ്ഥാപന ഉടമകള്‍ നെടുമ്പാശേരി, കോയമ്പത്തൂര്‍ വിമാനത്താവളങ്ങള്‍വഴി വ്യാജലോട്ടറി കടത്തിയതിന് ജയിലിലായിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി ആനന്ദ് വടിവേലു 2005ല്‍ കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിയുടെ പ്രൊമോട്ടര്‍കൂടിയായിരുന്നു. രണ്ടാം പ്രതി ശശി എന്ന രഞ്ജിത്താണ് പാലാരിവട്ടത്ത് ലോട്ടറി സ്ഥാപനം ആരംഭിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടനെയാണ് രഞ്ജിത്തിന് ഏജന്‍സി ലൈസന്‍സ് നല്‍കിയത്. ലോട്ടറിവകുപ്പില്‍നിന്ന് ഏജന്‍സി ലൈസന്‍സും ടിക്കറ്റും നല്‍കിയതിന് ഡയറക്ടറേറ്റിലെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് സെപ്തംബറില്‍ രണ്ടുതവണ യൂണിയന്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
(ശ്രീരാജ് ഓണക്കൂര്‍)
deshabhimani 061012
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete