Thursday, October 4, 2012

ആര്യാടന്‍ പുറത്തായി; അധികാരം ലീഗിന്


മോണോറെയില്‍ പദ്ധതി മുസ്ലിംലീഗിന് അടിയറവച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. ഇതുവരെ റെയില്‍പദ്ധതികളുടെ ഉത്തരവാദിത്തം ഗതാഗതത്തിന്റെയും വൈദ്യുതിയുടെയും റെയില്‍വേയുടെയും ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിനായിരുന്നു. എന്നാല്‍, മോണോ റെയില്‍ പദ്ധതിക്കുവേണ്ടി പുതിയ കോര്‍പറേഷന്‍ രൂപീകരിക്കാനും പദ്ധതിയുടെ സമ്പൂര്‍ണ ചുമതലയും മേല്‍നോട്ടവും പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കാനുമാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിച്ചത്. യോഗതീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച മുഖ്യമന്ത്രി വിവാദം ഭയന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.

മെട്രോ റെയില്‍, മോണോ റെയില്‍ എന്നിവയുടെ ചുമതല മന്ത്രി ആര്യാടനാണ് ഇതുവരെ നിര്‍വഹിച്ചത്. എന്നാല്‍, ലീഗിന്റെ താല്‍പ്പര്യപ്രകാരം ആര്യാടനെ ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ചുമതല കൊടുത്തു. എന്നിട്ട് പുതിയ കോര്‍പറേഷന് രണ്ട് വൈസ് ചെയര്‍മാന്മാരെ നിശ്ചയിച്ചു. ഇബ്രാഹിംകുഞ്ഞിനെയും ആര്യാടനെയും. രണ്ടുപേരെ വൈസ്ചെയര്‍മാന്മാരാക്കുന്നതിന്റെ അനൗചിത്യം ആര്യാടന്‍ ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചില്ല. ആര്യാടന്‍ ഇതുവരെ ചുമതല നിര്‍വഹിച്ച മോണോറെയില്‍ മേഖല മുസ്ലിംലീഗിന് കാഴ്ചവച്ചത് കെപിസിസി നേതൃത്വമോ കെപിസിസി-ഭരണ ഏകോപനസമിതിയോ അറിയാതെയുമാണ്. കോഴിക്കോട്ട് മെണോറെയില്‍ പദ്ധതി തുടങ്ങാന്‍ ചില ഏജന്‍സികളുമായി വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിന് അനുസരണമായി കാര്യങ്ങള്‍ നീക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ മന്ത്രി ഇബ്രാഹിംകുഞ്ഞിന് സമ്പൂര്‍ണാധികാരം നല്‍കിയത്. മോണോറെയിലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

deshabhimani 051012

1 comment:

  1. നന്നായി ..കേന്ദ്രത്തില്‍ കൊര്‍ച്ച് നാള് ഞമ്മളെ അയമദാക്ക് റെയില്‍‌വെ പണി ഇട്‌ത്തതാ. അതോണ്ട് ഞമ്മക്ക് ഇതൊക്കെ തിരിയും. തംസയം ഉണ്ടെങ്കില്‍ അയമദാക്കാനെ വിളിക്കാം

    ReplyDelete