Saturday, October 13, 2012

സപ്ലൈകോയില്‍ താല്‍ക്കാലികക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു


തൃശൂര്‍: സബ്സിഡി സാധനങ്ങളും കച്ചവടവും കുറഞ്ഞതിനെ ത്തുടര്‍ന്ന് മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. ക്രമേണ മാവേലി സ്റ്റോറുകള്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. രണ്ടായിരത്തോളം താല്‍ക്കാലിക തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്. കൂട്ടപ്പിരിച്ചുവിടലിനെതിരെ ഈ മാസാവസാനം തൃശൂരില്‍ ജീവനക്കാരുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ചേരും. സൂപ്പര്‍മാര്‍ക്കറ്റുകളിലെ പാക്കിങ് തൊഴിലാളികളാണ് പണി നഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗവും.
ഓണത്തിനുശേഷം സപ്ലൈകോ സാധനങ്ങള്‍ വാങ്ങിയിട്ടേയില്ല. സെപ്തംബര്‍ 14ന് നല്‍കേണ്ട പര്‍ച്ചേസ് ഓര്‍ഡറും നല്‍കിയിട്ടില്ല. കോര്‍പറേഷനിലെ ഇ-മെയില്‍ ടെന്‍ഡറിലും ബള്‍ക്ക് പര്‍ച്ചേസിലും അഴിമതിയാണെന്നും ആരോപണമുണ്ട്. മാസം രണ്ടര ലക്ഷം രൂപവരെ വിറ്റുവരവുളള മാവേലി സ്റ്റോറുകളില്‍ മാനേജരെക്കൂടാതെ ഒരു സെയില്‍സ്മാന്‍, രണ്ടര ലക്ഷത്തിനു മുകളിലുള്ളവയില്‍ രണ്ട് സെയില്‍മെന്‍, ആറേകാല്‍ ലക്ഷത്തിനു മുകളില്‍ മൂന്നു സെയില്‍സ്മെന്‍ എന്നിങ്ങനെയാണ് ജോലിക്കാരുണ്ടായിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുലക്ഷത്തിനു താഴെ ഒരു സെയില്‍സ്മാനും അഞ്ചിനു മുകളില്‍ രണ്ടു സെയില്‍സ്മാനുമാക്കി.

893 മാവേലി സ്റ്റോറുകള്‍, 358 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 14 മൊബൈല്‍ മാവേലി സ്റ്റോറുകള്‍, 18 പീപ്പിള്‍സ് ബസാറുകള്‍, 1,807 ശബരി സ്റ്റോറുകള്‍, മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റ്, രണ്ട് പ്രീമിയം ഔട്ട്ലെറ്റുകള്‍, ഒരു അപ്ന ബസാര്‍ എന്നിവയാണ് സപ്ലൈകോയുടെ കീഴില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങള്‍. ഇതില്‍ പാക്കിങ്ങിനടക്കം പതിനായിരം താല്‍ക്കാലിക തൊഴിലാളികള്‍ക്കാണ് പിരിച്ചുവിടല്‍ ഭീഷണി. തൃശൂര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ 15 പാക്കിങ് തൊഴിലാളികളുണ്ടായിരുന്നത് ആറാക്കി.

2010-11ല്‍ എല്‍ഡിഎഫ് ഭരണം ഒഴിയുമ്പോള്‍ സപ്ലൈകോയില്‍ 2,320 കോടിരൂപയുടെ വിറ്റുവരവുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സബ്സിഡി സാധനങ്ങള്‍ക്കായി പ്രതിവര്‍ഷം സപ്ലൈകോയ്ക്ക് 150 കോടിരൂപ നല്‍കിയെങ്കില്‍ യുഡിഎഫ് അത് 50 കോടിയാക്കി. 11 ഇനങ്ങളാണ് സബ്സിഡി നിരക്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെങ്കില്‍ പീസ്പരിപ്പ്, ജീരകം, കടുക്, ഉലുവ എന്നിവയുടെ സബ്സിഡി യുഡിഎഫ് പിന്‍വലിച്ചു. 18 രൂപയുണ്ടായിരുന്ന പരിപ്പിന് 35ഉം 96 രൂപയുണ്ടായിരുന്ന ജീരകത്തിന് 174ഉം 22 രൂപയുണ്ടായിരുന്ന കടുകിന് 55.20ഉം 28 രൂപയുണ്ടായിരുന്ന ഉലുവയ്ക്ക് 39.70ഉം ആണ് ഇപ്പോഴത്തെ വില. മാവേലി സ്റ്റോറുകളില്‍ പച്ചരി, മുളക്, പഞ്ചസാര എന്നിവ മാത്രമേ വില്‍പ്പനയ്ക്കുള്ളൂ. കാര്‍ഡൊന്നിന്് പത്തുകിലോ അരി നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും നല്‍കുന്നത് അഞ്ചു കിലോ മാത്രം. അനൂപ് ജേക്കബ് മന്ത്രിയായപ്പോള്‍ 30 കിലോ അരി നല്‍കുമെന്ന് പറഞ്ഞതും പാഴ്വാക്കായി. അരിവില ഉയരുകയും ചെയ്തു. വന്‍പയറും തുവരപ്പരിപ്പും സ്റ്റോക്കില്ല. സപ്ലൈകോയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിര ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി എന്‍ എ മണി പറഞ്ഞു.

deshabhimani 131012

No comments:

Post a Comment