Wednesday, October 3, 2012
ഡീസലിന് വീണ്ടും 5 രൂപ കൂട്ടും
ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയതിനെത്തുടര്‍ന്നുള്ള പ്രതിഷേധം തുടരുന്നതിനിടെ ഡീസല്‍ ലിറ്ററിന് വീണ്ടും അഞ്ചുരൂപ കൂട്ടാന്‍ കേന്ദ്രനീക്കം. ആറു മാസത്തിനിടയില്‍ ഘട്ടംഘട്ടമായി അഞ്ചു രൂപവരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 14 രൂപ സബ്സിഡി നല്‍കുന്നുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇത് അടുത്ത സാമ്പത്തികവര്‍ഷമാകുമ്പോഴേക്ക് എട്ട്-ഒമ്പതു രൂപയായി കുറയ്ക്കാനാണ് നീക്കം. ധനകമ്മി കുറയ്ക്കാന്‍ സബ്സിഡി കുറച്ചേ തീരൂവെന്നും അതിന് എത്ര കടുത്ത നടപടിയെടുക്കാനും മടിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകര്‍ പറയുന്നത്.
അതേസമയം, ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ രണ്ടു രൂപയുടെ ലാഭം എണ്ണക്കമ്പനികള്‍ക്ക് ഇപ്പോള്‍ അധികം ലഭിക്കുന്നുണ്ട്. എന്നാല്‍, പെട്രോള്‍വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാകുന്നുമില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം വര്‍ധിച്ചതുമാണ് എണ്ണക്കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാകാന്‍ കാരണം. പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം പെട്രോള്‍വില ആറു രൂപ കുറച്ചു. ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഒരു രൂപ വര്‍ധിക്കുമ്പോള്‍ പെട്രോള്‍വിലയില്‍ 77 പൈസയുടെ കുറവ് വരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഒരു ഡോളര്‍ കുറയുമ്പോള്‍ 33 പൈസയാണ് പെട്രോളിന് കുറയുന്നത്.
സെപ്തംബര്‍ 16 മുതല്‍ 30 വരെ അന്താരാഷ്ട്ര വിപണിയില്‍നിന്ന് ഇന്ത്യ ഇറക്കുമതിചെയ്യുന്ന അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ശരാശരി കുറവ് 3.74 ഡോളറാണ്. ഇതേസമയം, ഇന്ത്യന്‍ രൂപ ഡോളറിനു മേല്‍ 1.82 രൂപയുടെ നേട്ടം കൈവരിക്കുകയുംചെയ്തു. ഇങ്ങനെ കണക്കാക്കുമ്പോള്‍ കഴിഞ്ഞ സെപ്തംബര്‍ 16 മുതല്‍ ലിറ്ററിന് രണ്ടു രൂപ ലാഭത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത്.വില കൂട്ടാന്‍ മാത്രമേ അന്താരാഷ്ട്ര എണ്ണവിലയും രൂപയുടെ മൂല്യവും കണക്കിലെടുക്കൂ എന്ന സമീപനമാണ് കമ്പനികള്‍ ആവര്‍ത്തിക്കുന്നത്.
(പി വി അഭിജിത്)
deshabhimani 041012
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)

ReplyDelete