Wednesday, October 3, 2012

ഇന്ദിര ഗാന്ധിയുടെ പേരിലും വ്യാജ കമ്പനി

ജനശ്രീക്ക് ബിനാമി പണമിടപാട് നടത്താന്‍ ഇന്ദിര ഗാന്ധിയുടെ പേരിലും തട്ടിപ്പ് കമ്പനി. പ്രിയദര്‍ശിനി റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഹസ്സനും സംഘവും ജനശ്രീയുടെ അതേ വിലാസത്തില്‍ വ്യാജ കമ്പനി രൂപീകരിച്ചത്. കമ്പനിക്ക് ഭാവിയില്‍ ജനശ്രീയെ വിഴുങ്ങാനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി രണ്ട് കമ്പനികളും രഹസ്യ കരാറില്‍ ഒപ്പിട്ടു. കരാറിന്റെ പകര്‍പ്പ് "ദേശാഭിമാനി"ക്ക് ലഭിച്ചു.

ജനശ്രീ സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്ന 100 കോടി രൂപയുടെ വായ്പയ്ക്ക് ഈട് നില്‍ക്കാനെന്നപേരില്‍ രണ്ടുപേരെ ബിനാമി ട്രസ്റ്റികളാക്കിയാണ് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ ട്രസ്റ്റികളിലൊരാളായ ജയ ശ്രീകുമാര്‍ ജനശ്രീയുടെ സഹതട്ടിപ്പ് സംഘടനയായ ഭാരത് സേവക് സമാജിന്റെ പ്രോഗ്രാം ഡയറക്ടറും ജനശ്രീ ഡയറക്ടറായ ബി എസ് ബാലചന്ദ്രന്റെ വിശ്വസ്തയുമാണ്. ജഗതിയില്‍ ടിസി നമ്പര്‍ 40-739ല്‍ കേശവന്‍ നറുകരയാണ് രണ്ടാമത്തെ ട്രസ്റ്റി. ഇയാളും സംഘത്തിന്റെ വിശ്വസ്തനായ ബിനാമി. ജനശ്രീ മൈക്രോഫിന്‍ കമ്പനിയുടെ 2011 ജൂണ്‍ 3ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് 100 കോടിയില്‍ കവിയാത്ത തുക കടമായി വാങ്ങാന്‍ തീരുമാനിച്ചത്.

പിന്നീട് 2011 ഡിസംബര്‍ 11ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇതില്‍ മൂന്നു കോടി രൂപ കടപ്പത്രം വഴി സമാഹരിക്കാന്‍ തീരുമാനിച്ചു. ഈ കടപ്പത്രത്തിന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുമെന്ന് പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പരസ്പരമുണ്ടാക്കിയ കരാറില്‍ പറയുന്നു. ഇത്തരം കടപ്പത്രത്തിന് ട്രസ്റ്റിയായി നില്‍ക്കുന്ന കമ്പനി ആദ്യ കമ്പനിയെക്കാള്‍ ഏറെക്കാലത്തെ പ്രവര്‍ത്തനപരിചയമുള്ളതും കൂടുതല്‍ ഓഹരി മൂലധനമുള്ളതും സര്‍വോപരി ഏവരുടെയും അംഗീകാരമുള്ളതുമായിരിക്കണം. എന്നാല്‍, പ്രിയദര്‍ശിനി കമ്പനി രജിസ്റ്റര്‍ ചെയ്തത് 2011 ജൂണ്‍ 29ന് മാത്രം. അതായത് 100 കോടിരൂപ കടംവാങ്ങാന്‍ ജനശ്രീ തീരുമാനിച്ച് 26 ദിവസത്തിന് ശേഷം. കൂടാതെ കടപ്പത്രം നല്‍കുന്ന ജനശ്രീ മൈക്രോഫിന്‍ കമ്പനി രൂപീകരിച്ച് 15 മാസം കഴിഞ്ഞശേഷവും. വ്യാജ കമ്പനിയെ ജാമ്യക്കാരാക്കുന്നതിലെ തട്ടിപ്പാണ് ഇതോടെ പുറത്തുവരുന്നത്. ഒരുവര്‍ഷം പോലും പ്രവൃത്തിപരിചയം ഇല്ലാത്ത ഈ കമ്പനിയെ കടപ്പത്രത്തിന്റെ ട്രസ്റ്റി ആക്കിയത് തട്ടിപ്പ് ലക്ഷ്യമിട്ടാണ്.

പ്രിയദര്‍ശിനി കമ്പനിയില്‍ രണ്ട് ട്രസ്റ്റികള്‍ക്കും പത്ത് രൂപയുടെ 5000 വീതം ഓഹരികളാണുള്ളത്. ഒരാള്‍ക്ക് 50,000 രൂപ തോതില്‍ ഒരു ലക്ഷം രൂപയുടെ ഓഹരി മൂലധനം. ലക്ഷം രൂപയുടെ ഓഹരി മൂലധനം മാത്രമുള്ള കമ്പനിയാണ് മൂന്ന് കോടി രൂപയുടെ കടപ്പത്രത്തിന് ഈട് നില്‍ക്കുന്നതെന്നതും തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. കടപ്പത്ര ഉടമകള്‍ക്ക് 11 മുതല്‍ 13 ശതമാനം വരെ പലിശ നല്‍കുമെന്ന് പ്രിയദര്‍ശിനി-ജനശ്രീ കരാറില്‍ പറയുന്നു. ഒരുവര്‍ഷത്തേക്ക് 11 ശതമാനവും രണ്ട് വര്‍ഷത്തേക്ക് 12 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 13 ശതമാനവുമാണ് നിശ്ചയിച്ച പലിശ. കടപ്പത്രത്തിന്റെ ഉടമാവകാശം ആര്‍ക്കു വേണമെങ്കിലും നല്‍കാമെന്ന് കരാറില്‍ പറയുന്നു. ഇതും ബിനാമി ഇടപാടിന്റെ സാധ്യതയേറ്റുന്നു. കടപ്പത്രം നല്‍കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ പണം തിരിച്ചുനല്‍കുന്നതില്‍ ജനശ്രീ വീഴ്ച വരുത്തിയാല്‍ അത് നല്‍കേണ്ടത് ഈ കമ്പനിയാണെന്ന് കരാറില്‍ പറയുന്നു. ഇതിന് പകരമായി ജനശ്രീയുടെ ആസ്തികള്‍ ഈ കമ്പനിയുടെ കൈയിലാകും.
(എം രഘുനാഥ്)

deshabhimani 041012

1 comment:

  1. ജനശ്രീക്ക് ബിനാമി പണമിടപാട് നടത്താന്‍ ഇന്ദിര ഗാന്ധിയുടെ പേരിലും തട്ടിപ്പ് കമ്പനി. പ്രിയദര്‍ശിനി റിസര്‍ച്ച് ആന്‍ഡ് ഡെവലപമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഹസ്സനും സംഘവും ജനശ്രീയുടെ അതേ വിലാസത്തില്‍ വ്യാജ കമ്പനി രൂപീകരിച്ചത്. കമ്പനിക്ക് ഭാവിയില്‍ ജനശ്രീയെ വിഴുങ്ങാനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി രണ്ട് കമ്പനികളും രഹസ്യ കരാറില്‍ ഒപ്പിട്ടു. കരാറിന്റെ പകര്‍പ്പ് "ദേശാഭിമാനി"ക്ക് ലഭിച്ചു.

    ReplyDelete