Tuesday, October 2, 2012

കോണ്‍. നേതാവ് കള്ളക്കേസില്‍ ജയിലിലാക്കിയെന്ന് മഹിളാ നേതാവ്


"കോണ്‍ഗ്രസിലും ജനശ്രീയിലും പ്രവര്‍ത്തിച്ചതിന് എനിക്കു കിട്ടിയ സമ്മാനം കള്ളക്കേസും ജയിലുമാണ്. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെന്നതുപോയിട്ട് സ്ത്രീയെന്ന പരിഗണനപോലും കിട്ടിയില്ല. ജനശ്രീക്കും മഹിളാ കോണ്‍ഗ്രസിനുമായി ഞാനേറെ ഓടി നടന്നു. എന്നാല്‍, ചില നേതാക്കള്‍ എന്നെ വഞ്ചിച്ചു. പരാതിപ്പെട്ടിട്ട് ആരും തിരിഞ്ഞുനോക്കുന്നില്ല"- തൃശൂര്‍ ഡിസിസി വൈസ്പ്രസിഡന്റായിരുന്ന കൊടുങ്ങല്ലൂരിലെ ടി കെ സീതിസാഹിബിന്റെ മകള്‍ സുലേഖ അഷ്റഫ് രോഷത്തോടെ പറയുന്നു.

കൊടുങ്ങല്ലൂരിലെ മഹിളാ നേതാവും ജനശ്രീ മണ്ഡലം ചെയര്‍പേഴ്സണുമായ സുലേഖ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കള്ളക്കേസില്‍ കുടുക്കിയതിനാല്‍ അഞ്ചുദിവസം വിയ്യൂര്‍ ജയിലിലായിരുന്നു. വര്‍ഷങ്ങളായി കൊടുങ്ങല്ലൂരിലും പരിസരത്തും മഹിളാകോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന നേതാവാണ് സുലേഖ. ജനശ്രീയുടെ 150 യൂണിറ്റ് രൂപീകരിച്ചതിന് എം എം ഹസ്സന്‍ പുരസ്കാരവും നല്‍കിയിട്ടുണ്ട്. എന്നാല്‍, പ്രാദേശികനേതാവിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരുനിന്നതിനാല്‍ കടുത്ത പീഡനവും വേട്ടയാടലും അനുഭവിക്കയാണിവര്‍. "ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അവിടുത്തെ ഒരു നേതാവിന്റെ ഇഷ്ടക്കേടാണ് എന്നെ ദുരിതത്തിലാക്കിയത്. അദ്ദേഹം പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമെല്ലാം സ്വാധീനിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തതിനാല്‍ കേസില്‍ക്കുടുക്കി. കള്ളച്ചെക്ക് കേസില്‍ ജാമ്യക്കാരെ ഭീഷണിപ്പെടുത്തിയതിനാല്‍ ജയിലിലുമായി. വാടകഗുണ്ടകളെവിട്ട് ആക്രമിച്ചു. ഇപ്പോള്‍ ജപ്തിനോട്ടീസ് കിട്ടി. ഇതിനെതിരെ കോടതിയില്‍ പോകാന്‍ പണമില്ല. ആകെയുള്ള സ്വത്തും നഷ്ടമാകുന്ന അവസ്ഥയാണ്. ഭര്‍ത്താവിന് കോഴിക്കോട്ട് ജോലിയുള്ളതിനാലാണ് ജീവനൊടുക്കാതെ ഞാനുമെന്റെ മക്കളും കഴിയുന്നത്. ജയിലില്‍ നിന്നിറങ്ങിയശേഷം എനിക്കെതിരെ വീണ്ടും കേസ് കൊടുത്തു. ഇതൊക്കെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിച്ചു. ഇന്നലെയും ഹസ്സനെ വളിച്ചുപറഞ്ഞു. സഹായിക്കാമെന്നുപോലും അദ്ദേഹം പറഞ്ഞില്ല. എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. ഇനിയൊരു സ്ത്രീക്കും ഇത്തരമൊരനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് എല്ലാം തുറന്നുപറയുന്നത്"- സുലേഖ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം നീതി കാട്ടിയാല്‍ കൊടുങ്ങല്ലൂരില്‍ മടങ്ങിപ്പോയി ജീവിക്കണമെന്ന് ഇവര്‍ക്കുണ്ട്. എന്നാല്‍, വൃദ്ധയായ ഉമ്മയെ നാട്ടില്‍പോയി കാണാന്‍പോലുമാകാത്ത അവസ്ഥയിലാണ്. കോണ്‍ഗ്രസിലെ അനുഭവങ്ങള്‍കാട്ടി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സുലേഖ.
(പി വി ജീജോ)

deshabhimani 011012

1 comment:

  1. "കോണ്‍ഗ്രസിലും ജനശ്രീയിലും പ്രവര്‍ത്തിച്ചതിന് എനിക്കു കിട്ടിയ സമ്മാനം കള്ളക്കേസും ജയിലുമാണ്. മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകളെന്നതുപോയിട്ട് സ്ത്രീയെന്ന പരിഗണനപോലും കിട്ടിയില്ല. ജനശ്രീക്കും മഹിളാ കോണ്‍ഗ്രസിനുമായി ഞാനേറെ ഓടി നടന്നു. എന്നാല്‍, ചില നേതാക്കള്‍ എന്നെ വഞ്ചിച്ചു. പരാതിപ്പെട്ടിട്ട് ആരും തിരിഞ്ഞുനോക്കുന്നില്ല"- തൃശൂര്‍ ഡിസിസി വൈസ്പ്രസിഡന്റായിരുന്ന കൊടുങ്ങല്ലൂരിലെ ടി കെ സീതിസാഹിബിന്റെ മകള്‍ സുലേഖ അഷ്റഫ് രോഷത്തോടെ പറയുന്നു.

    ReplyDelete