Tuesday, October 2, 2012

കക്കട ആര്‍എസ്എസ് അക്രമം ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം: ടി വി രാജേഷ്


ചെങ്ങന്നൂര്‍ കക്കട ജങ്ഷനില്‍ ശനിയാഴ്ച രാത്രി ഡിവൈഎഫ്ഐ ഈസ്റ്റ് മേഖല കമ്മറ്റി അംഗം സക്കീര്‍, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷെമീം എന്നിവരെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. പുഷ്പഗിരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സക്കീറിനെ സന്ദര്‍ശിച്ച ശേഷം തിരുവല്ലയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിന് പിന്നില്‍ വര്‍ഗീയ ലഹള ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നു. സക്കീറിനെ വധിക്കുകയായിരുന്നു ആര്‍എസ്എസുകാരുടെ ലക്ഷ്യം. അബോധാവസ്ഥയില്‍ കഴിയുന്ന സക്കീറിന്റെ അപകട നില തരണം ചെയ്തിട്ടില്ല. വിദഗ്ധ ചികിത്സയ്ക്കായി മറ്റിടത്തേക്ക് കൊണ്ടു പോകാനാവാത്ത അവസ്ഥയാണ്. കക്കട ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് അക്രമണം ഉണ്ടായത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമെല്ലാം വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ആര്‍എസ്എസിനും എന്‍ഡിഎഫിനും ഉള്ളത്. എബിവിപി പ്രവര്‍ത്തകനായ വിശാല്‍ കൊല്ലപ്പെട്ടതിന് ശേഷം കലാപത്തിന് കോപ്പുകൂട്ടുകയാണ് രണ്ടു സംഘടനകളും ചെയ്യുന്നത്. പോലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പല സംഭവങ്ങളും ഒഴിവാക്കാമായിരുന്നു. ഈ നിഷ്ക്രിയത്വമാണ് കോളേജിലും തുടര്‍ന്ന് നാട്ടിലും പടരുന്ന കുഴപ്പങ്ങള്‍ക്ക് കാരണം. സക്കീര്‍ ആരുമായും നിസാര തര്‍ക്കം പോലും ഉണ്ടാക്കിയിട്ടില്ല. സംഭവം അപലപനീയമാണ്. കുറ്റവാളികളായ ആര്‍ എസ്എസുകാരെ ഉടന്‍ പിടികൂടണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലാ പ്രസിഡന്റ് അബിന്‍ഷാ, സംസ്ഥാന കമ്മറ്റി അംഗം അജയന്‍, പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബഞ്ചമിന്‍ ജോസ് ജേക്കബ്, ഡിവൈഎഫ്ഐ തിരുവല്ല ഏരിയാ പ്രസിഡന്റ് സി എന്‍ രാജേഷ്, സെക്രട്ടറി ബിനില്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആര്‍ മനു, പ്രകാശ്ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധം

ചെങ്ങന്നൂര്‍: ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റും എസ്എഫ്ഐ വെണ്‍മണി മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സക്കീറിന് (23) നേരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം വെണ്‍മണി വെസ്റ്റ്, ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും യോഗവും നടന്നു. യോഗം സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറിയറ്റംഗം സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വെണ്‍മണി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി കെ ഉദയകുമാര്‍ അധ്യക്ഷനായി. ചെങ്ങന്നൂര്‍ ഏരിയസെക്രട്ടറി എം എച്ച് റഷീദ്, വെണ്‍മണി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എസ് ഗോപിനാഥന്‍, പി ആര്‍ രമേശ്കുമാര്‍, പി എസ് മോനായി, ജെയിംസ് സാമുവേല്‍, വി സി കുഞ്ഞൂട്ടി, ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് അബിന്‍ഷാ, ജെ അജയന്‍ വെണ്‍മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത എന്നിവര്‍ സംസാരിച്ചു.

ആക്രമണത്തില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെക്കുറിച്ച് സൂചനയുണ്ടായിട്ടും പൊലീസ് ഇവരെ അറസ്റ്റുചെയ്തില്ലെന്ന് ജില്ലാസെക്രട്ടറിയറ്റംഗം സജി ചെറിയാന്‍, ഏരിയസെക്രട്ടറി എം എച്ച് റഷീദ് എന്നിവര്‍ പറഞ്ഞു. താലൂക്കിന്റെ വിവിധ മേഖലകളില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കഴിഞ്ഞ നാളുകളില്‍ നടന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ കക്കടയിലെ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സക്കീറിനെ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി കെ ചന്ദ്രാനന്ദന്‍ സന്ദര്‍ശിച്ചു.

ആര്‍എസ്എസ് ആക്രമണം: പ്രതിഷേധമിരമ്പി

ചേര്‍ത്തല: ആര്‍എസ്എസ് ആക്രമണത്തിനെതിരെ പള്ളിപ്പുറത്ത് ജനരോഷം ഇരമ്പി. സിപിഐ എം തൈക്കാട്ടുശേരി ഏരിയകമ്മിറ്റി നേതൃത്വത്തില്‍ നടന്ന പ്രതിഷേധറാലിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. സിപിഐ എം തൈക്കാട്ടുശേരി ഏരിയസെക്രട്ടറി എന്‍ ആര്‍ ബാബുരാജ്, പള്ളിപ്പുറം തെക്ക് ലോക്കല്‍ സെക്രട്ടറി വി പി സാംബശിവന്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് റാലി നടന്നത്. പള്ളിപ്പുറം ഒറ്റപ്പുന്നയില്‍ തുടങ്ങിയ പ്രതിഷേധപ്രകടനം എന്‍എസ്എസ് കോളേജ് കവലയില്‍ സമാപിച്ചു. യോഗത്തില്‍ ജില്ലാസെക്രട്ടറിയറ്റംഗം കെ പ്രസാദ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

സാധാരണ ജനങ്ങളുടെ സ്വസ്ഥജീവിതത്തിനായി പ്രയത്നിക്കുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെ ആക്രമിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും സര്‍വശക്തിയും സമാഹരിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ടി ജില്ലാകമ്മിറ്റിയംഗവും ഏരിയസെക്രട്ടറിയുമായ പ്രധാന പ്രവര്‍ത്തകനെ ഉള്‍പ്പെടെ ആക്രമിച്ചശേഷം സമാധാനത്തിന് ശ്രമിക്കുന്നത് ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നതാണ്. പൊലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം നടത്തിയത്. അക്രമികള്‍ക്ക് സുരക്ഷയ്ക്ക് എന്ന പോലെയാണ് പൊലീസ് നിലകൊണ്ടത്. ഭരണകൂടത്തിന്റെയും അധീശശക്തികളുടെയും ആക്രമണത്തെ നേരിട്ട് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തകരെ കായികമായി നേരിടുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നാട്ടുകാര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയസെക്രട്ടറി എന്‍ ആര്‍ ബാബുരാജ് സ്വാഗതം പറഞ്ഞു. എ എം ആരിഫ് എംഎല്‍എ സംസാരിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രതിഷേധറാലിയില്‍ പങ്കെടുത്തു.

deshabhimani 011012

1 comment:

  1. ചെങ്ങന്നൂര്‍ കക്കട ജങ്ഷനില്‍ ശനിയാഴ്ച രാത്രി ഡിവൈഎഫ്ഐ ഈസ്റ്റ് മേഖല കമ്മറ്റി അംഗം സക്കീര്‍, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷെമീം എന്നിവരെ ആര്‍എസ്എസുകാര്‍ ആക്രമിച്ച സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. പുഷ്പഗിരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സക്കീറിനെ സന്ദര്‍ശിച്ച ശേഷം തിരുവല്ലയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete