Friday, October 5, 2012

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ഡ്രഗ്സ് കണ്‍ട്രോള്‍ വിലക്ക്


കുടുംബശ്രീ യൂണിറ്റുകളെ തകര്‍ക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെയും സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഡോക്ടറുടെ കീഴിലല്ലാതെ ആയുര്‍വേദ ഉല്‍പ്പന്നം നിര്‍മിച്ചുവിറ്റാല്‍ കേസെടുക്കാന്‍ ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തിരിച്ചടിയാകുന്നത്. ചക്ക വൈന്‍, മുന്തിരി വൈന്‍, തലയില്‍ തേയ്ക്കാനുള്ള വിവിധതരം എണ്ണ, ച്യവനപ്രാശം പോലുള്ള ലേഹ്യങ്ങള്‍, തേന്‍ നെല്ലിക്ക തുടങ്ങിയവ നിര്‍മിച്ചുവിതരണം ചെയ്യുന്ന നൂറുകണക്കിനു കുടുംബശ്രീ യൂണിറ്റുകളുണ്ട്. ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്ന ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് ബില്‍ നല്‍കുന്നതായി കണ്ടെത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് നിര്‍ദേശം. ഇതോടെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നിരവധി കേസ് രജിസ്റ്റര്‍ ചെയ്തു.

തൃശൂരിലാണ് ഏറ്റവും കൂടുതല്‍. എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്താണ് നാട്ടിന്‍പുറങ്ങളിലെ സ്ത്രീകള്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. എന്നാല്‍, സംസ്ഥാനത്തെ വന്‍കിട മരുന്നുകമ്പനികളുടെ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ആവശ്യമായ ചേരുവകള്‍ പലതുമില്ല. മരുന്നുകമ്പനികളുടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വേണ്ടത്ര ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്. സ്ത്രീ കൂട്ടായ്മയില്‍ നിര്‍മിക്കുന്നവയ്ക്ക് നല്ല ഗുണമേന്മയുള്ളപ്പോള്‍ വന്‍കിട കമ്പനികളുടേതിന് ഗുണം കുറയുകയും ചെയ്യുന്ന സ്ഥിതിയാണ്. ഗുണമേന്മയുള്ള മരുന്നുകളുടെ വില്‍പ്പന തടയാനും കുടുംബശ്രീയെ ഇല്ലാതാക്കാനുമാണ് ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ശ്രമിക്കുന്നത്. ഫാക്ടറികളില്‍ അല്ലാതെ ആയുര്‍വേദ മരുന്നു നിര്‍മാണം നടത്തി വില്‍പ്പന നടത്താന്‍ അനുവദിക്കരുതെന്നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ നല്‍കിയ നിര്‍ദേശം. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമപ്രകാരമാണ് സംസ്ഥാനത്തെ ആയുര്‍വേദ മരുന്നു ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ആയുര്‍വേദ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍, കെമിസ്റ്റ്, തൊഴിലാളികള്‍ തുടങ്ങിയവയും 30 ലക്ഷം രൂപ ചെലവില്‍ ലാബും വേണം. ഫാക്ടറി ആരംഭിക്കാന്‍ കുറഞ്ഞത് 75 ലക്ഷം രൂപ വേണ്ടിവരും. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഇത്രയും തുക മുടക്കാന്‍ കഴിയില്ല.

deshabhimani 041012

1 comment:

  1. കുടുംബശ്രീ യൂണിറ്റുകളെ തകര്‍ക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെയും സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഡോക്ടറുടെ കീഴിലല്ലാതെ ആയുര്‍വേദ ഉല്‍പ്പന്നം നിര്‍മിച്ചുവിറ്റാല്‍ കേസെടുക്കാന്‍ ആയുര്‍വേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തിരിച്ചടിയാകുന്നത്. ചക്ക വൈന്‍, മുന്തിരി വൈന്‍, തലയില്‍ തേയ്ക്കാനുള്ള വിവിധതരം എണ്ണ, ച്യവനപ്രാശം പോലുള്ള ലേഹ്യങ്ങള്‍, തേന്‍ നെല്ലിക്ക തുടങ്ങിയവ നിര്‍മിച്ചുവിതരണം ചെയ്യുന്ന നൂറുകണക്കിനു കുടുംബശ്രീ യൂണിറ്റുകളുണ്ട്. ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്ന ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്ക് ബില്‍ നല്‍കുന്നതായി കണ്ടെത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് നിര്‍ദേശം. ഇതോടെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നിരവധി കേസ് രജിസ്റ്റര്‍ ചെയ്തു.

    ReplyDelete