Friday, October 5, 2012

ഇന്‍ഡക്ഷന്‍ കുക്കറിനെതിരെ കെഎസ്ഇബി


 പാചകവാതക സിലിണ്ടര്‍ നിയന്ത്രണം മൂലം വലയുന്ന കുടുംബങ്ങള്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ ഇരുട്ടടി. സംസ്ഥാനത്ത് ഇന്‍ഡക്ഷന്‍ കുക്കറിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇതിന്റെ വില്‍പ്പന നികുതി ഇരട്ടിയാക്കണമെന്നും കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നിര്‍ദേശം വ്യാഴാഴ്ചയാണ് കെഎസ്ഇബി സര്‍ക്കാരിനെ അറിയിച്ചത്. കടുത്ത വൈദ്യുതി പ്രതിസന്ധിയായതിനാല്‍ സംസ്ഥാനത്ത് ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ നടപടി കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഇന്‍ഡക്ഷന്‍ കുക്കര്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ലോഡ്ഷെഡിങ് ഫലപ്രദമാകാത്തതിന് കാരണമെന്നുമാണ് വാദം.

പീക്ക് ലോഡ് സമയമായ വൈകിട്ട് ആറുമുതല്‍ 10 വരെ വൈദ്യുതി ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ രാവിലെ അഞ്ചര മുതല്‍ 9.30 വരെ വൈദ്യുതി ഉപയോഗം നടക്കുന്നുണ്ട്. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്നും ഇതിന്റെ വ്യാപനം നിയന്ത്രിക്കണമെന്നും കെഎസ്ഇബി പറയുന്നു. ഇന്‍ഡക്ഷന്‍ കുക്കറിന് നിലവിലുള്ള വില്‍പ്പന നികുതി 12ല്‍നിന്ന് 24 ശതമാനമായി ഉയര്‍ത്തണമെന്നും കുക്കര്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്രചരിപ്പിക്കണമെന്നും വൈദ്യുതിബോര്‍ഡ് നിര്‍ദേശിച്ചു. പാചകവാതക സിലിണ്ടറുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇടത്തരം കുടുംബങ്ങളാണ് ഏറെ ദുരിതത്തിലായത്. ഗ്യാസ് മിച്ചം പിടിക്കാനായി പലരും ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് തിരിയുകയും ചെയ്തു. എന്നാല്‍, ഈ സൗകര്യം കൂടി അട്ടിമറിക്കുകയാണ് അധികൃതര്‍. പുതിയ നിര്‍ദേശത്തില്‍ ഇതിനകം വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
(പി വി മനോജ്കുമാര്‍)

deshabhimani 051012

1 comment:

  1. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.......

    ReplyDelete