Monday, October 1, 2012

സിഎജി റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി


ലേലം കൂടാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് വിതരണം ചെയ്തതിലൂടെ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ കണ്ടെത്തല്‍ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സിഎജി എന്നത് കണക്കപ്പിള്ളയല്ലെന്നും ഭരണഘടനാ സ്ഥാപനമാണെന്നും കോടതി ഹര്‍ജിക്കാരനെ ഓര്‍മിപ്പിച്ചു. സാമ്പത്തികശാസ്ത്രജ്ഞനെന്ന് സ്വയം അവകാശപ്പെട്ട് രാകേഷ്ഗുപ്ത എന്ന ആള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയാണ് കോടതി നിരാകരിച്ചത്. കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് രാകേഷ്ഗുപ്ത. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന സിഎജിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് ഗുപ്ത നല്‍കിയ ഹര്‍ജിയില്‍ വാദിച്ചിരുന്നു.

നയപരമായ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്താന്‍ സിഎജിക്ക് അധികാരമില്ലെന്നും ഗുപ്ത അവകാശപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ആര്‍ എം ലോധയും അനില്‍ ആര്‍ ദവെയും ഉള്‍പ്പെട്ട ബെഞ്ച് ഈ ആക്ഷേപമെല്ലാം തള്ളി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാര്യക്ഷമമാണോയെന്ന് സിഎജിക്ക് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ചെലവുകണക്കുകള്‍ പരിശോധിക്കുകയെന്നത് സിഎജിയുടെ ഉത്തരവാദിത്തമാണ്. സിഎജിയുടെ ഓഫീസ് എന്നാല്‍ കണക്കപ്പിള്ളയുടെ ഓഫീസല്ല. അതൊരുഭഭരണഘടനാ സ്ഥാപനമാണ്. സര്‍ക്കാരിന്റെ എല്ലാ ചെലവും ഓഡിറ്റ് ചെയ്യുകയെന്നത് സിഎജിയുടെ ഭഭരണഘടനാപരമായ അവകാശമാണ്. തങ്ങളുടെ നിയമപരമായ അധികാരപരിധി സിഎജി മറികടക്കുന്നുണ്ടെങ്കില്‍ പാര്‍ലമെന്റിന് ആവശ്യമായ തിരുത്തല്‍ വരുത്താവുന്നതേയുള്ളൂ. പാര്‍ലമെന്റിന് ഈ വിഷയം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും കഴിയും- കോടതി വ്യക്തമാക്കി.

കല്‍ക്കരിവിഷയത്തില്‍ സിഎജിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. പ്രകൃതിവിഭവങ്ങള്‍ ലേലം കൂടാതെയും വിതരണം ചെയ്യാമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത് തങ്ങളുടെ നിലപാടുകളെ സാധൂകരിക്കുന്നതാണെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ തുടങ്ങിയവര്‍ അവകാശപ്പെട്ടിരുന്നു. സിഎജിയുടെ കല്‍ക്കരി റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചതോടെ കേന്ദ്രമന്ത്രിമാരുടെ വാദവും പൊളിയുകയാണ്.

deshabhimani 021012

1 comment:

  1. ലേലം കൂടാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് വിതരണം ചെയ്തതിലൂടെ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ കണ്ടെത്തല്‍ അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സിഎജി എന്നത് കണക്കപ്പിള്ളയല്ലെന്നും ഭരണഘടനാ സ്ഥാപനമാണെന്നും കോടതി ഹര്‍ജിക്കാരനെ ഓര്‍മിപ്പിച്ചു. സാമ്പത്തികശാസ്ത്രജ്ഞനെന്ന് സ്വയം അവകാശപ്പെട്ട് രാകേഷ്ഗുപ്ത എന്ന ആള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയാണ് കോടതി നിരാകരിച്ചത്. കോണ്‍ഗ്രസുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് രാകേഷ്ഗുപ്ത. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന സിഎജിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് ഗുപ്ത നല്‍കിയ ഹര്‍ജിയില്‍ വാദിച്ചിരുന്നു.

    ReplyDelete