Thursday, October 4, 2012

അങ്കണവാടി ജീവനക്കാരുടെ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം


ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് (എഐഎഫ്എഡബ്ല്യുഎച്ച്) ഏഴാം ദേശീയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. വ്യാഴാഴ്ച രാവിലെ ലക്ഷ്മി സൈഗാള്‍ നഗറില്‍ (എ കെ ജി ഹാള്‍) സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. ജനജീവിതം ദുഃസഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വരുംനാളുകളില്‍ കൂടുതല്‍ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്ക് തൊഴിലാളിവര്‍ഗ്ഗം നേതൃത്വം നല്‍കുമെന്ന് തപന്‍സെന്‍ പറഞ്ഞു.

 ഏഴുവരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എഴുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. എ.കെ.ജി ഹാളില്‍ വ്യാഴാഴ്ച ഫെഡറേഷന്‍ പ്രസിഡന്റ് നീലമ മൊയ്ത്ര പതാക ഉയര്‍ത്തിയതോടെയാണ് 4 ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. സ്വാഗതസംഘം ചെയര്‍മാന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക സ്വാഗതം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭഭന്‍, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ഒ. ഹബീബ്, വൈസ്പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി ഹേമലത പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലിമ മൊയ്ത്ര അനുശോചന പ്രമേയവും വരലക്ഷ്മി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. നീലിമ മൊയ്ത്ര,

കുമാരി, ഇന്ദിര, ഷാമില ചാറ്റര്‍ജി, പി പി കല്ല്യാണി, വിദ്യഘര്‍ഗര്‍, ഹര്‍ജിത് കൗര്‍, എം പരിമള, സാവിത്രി ദാസ് ഗുപ്ത, ആരതി ദാസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സമ്മേളനം 7നു വൈകിട്ട് റാലി, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഭഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ കേന്ദ്ര-വനിതാ ശിശുക്ഷേമ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി വേണുഗോപാല്‍ പ്രബന്ധം അവതരിപ്പിക്കും.


എണ്ണക്കമ്പനികള്‍ നഷ്ടത്തിലെന്നു പ്രചരിപ്പിച്ച് കൊള്ള: തപന്‍ സെന്‍

തിരു: എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് അവര്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. ജനവിരുദ്ധനയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി രാജ്യത്തെ ദുരന്തത്തിലേക്കു നയിക്കുന്ന യുപിഎ സര്‍ക്കാരിനും അവരുടെ നയങ്ങള്‍ പിന്തുടരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരായി വരുംനാളുകളില്‍ രൂക്ഷമായ പ്രക്ഷോഭം ആരംഭിക്കുമെന്നും തപന്‍സെന്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനജീവിതം ഇത്രമാത്രം ദുരിതമയമായ ഒരു കാലം ഉണ്ടായിട്ടില്ല. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. ഈ സമയത്ത് പണം കായ്ക്കുന്ന മരമില്ലെന്നുപറഞ്ഞ് ജനങ്ങളെ അവഹേളിക്കുകയാണ് പ്രധാനമന്ത്രി. ജനങ്ങളുടെമേല്‍ അമിതഭാരം തുടര്‍ച്ചയായി അടിച്ചേല്‍പ്പിക്കുകയും ഇവയെല്ലാം രാജ്യപുരോഗതിയുടെ ലക്ഷണമാണെന്ന് പ്രചരിപ്പിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ വില അടിക്കടി വര്‍ധിപ്പിക്കുകയും പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക ജനരോഷം ഉയരുകയാണ്. എന്നിട്ടും ഇത്തരം നയങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ജനദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും ഐക്യനിര കൂടുതല്‍ ശക്തമാക്കി രൂക്ഷമായ പോരാട്ടത്തിന് ഒരുങ്ങാന്‍ തപന്‍സെന്‍ അഭ്യര്‍ഥിച്ചു.


deshabhimani news

1 comment:

  1. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് (എഐഎഫ്എഡബ്ല്യുഎച്ച്) ഏഴാം ദേശീയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. വ്യാഴാഴ്ച രാവിലെ ലക്ഷ്മി സൈഗാള്‍ നഗറില്‍ (എ കെ ജി ഹാള്‍) സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. ജനജീവിതം ദുഃസഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വരുംനാളുകളില്‍ കൂടുതല്‍ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്ക് തൊഴിലാളിവര്‍ഗ്ഗം നേതൃത്വം നല്‍കുമെന്ന് തപന്‍സെന്‍ പറഞ്ഞു.

    ReplyDelete