Thursday, October 4, 2012

ഖമറുന്നീസയെ മാറ്റി; ലീഗില്‍ തര്‍ക്കം മുറുകുന്നു


വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് വനിതാലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിനെ മാറ്റിയതിനെ ചൊല്ലി മുസ്ലിംലീഗില്‍ വിവാദം. ഖമറുന്നീസ അറിയാതെയാണ് മാറ്റം. മന്ത്രി എം കെ മുനീര്‍ ഇടപെട്ടാണ് ഖമറുന്നീസയെ ഔദ്യോഗികമായി അറിയിക്കുകപോലും ചെയ്യാതെ മാറ്റിയത്. വനിതാലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി കുല്‍സുവാണ് പുതിയ ചെയര്‍പേഴ്സണ്‍. കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയപ്പോഴാണ് സ്ഥാനം തെറിച്ച വിവരം ഖമറുന്നീസ അറിയുന്നത്. മന്ത്രിയുടെ ഉത്തരവുമായെത്തി കുല്‍സു അതിനുമുമ്പുതന്നെ ചെയര്‍പേഴ്സണായി സ്ഥാനമേറ്റിരുന്നു. ഖമറുന്നീസയെ സാമൂഹികക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണാക്കുമെന്നാണ് ലീഗിന്റെ വിശദീകരണം.

സ്ത്രീ ശാക്തീകരണത്തിനെന്ന പേരില്‍ സാമൂഹ്യക്ഷേമ വകുപ്പ് കോഴിക്കോട് നടത്തിയ ജെന്‍ഡര്‍ ഫെസ്റ്റിവലിലെ അഴിമതി തുറന്നുകാട്ടാന്‍ നടത്തിയ നീക്കങ്ങളാണ് ഖമറുന്നീസയുടെ സ്ഥാനം തെറിപ്പിച്ചതെന്നാണ് വിവരം. വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി ടി സുനീഷ് മുഹമ്മദും ഖമറുന്നീസയും തമ്മില്‍ ഇതുസംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. പരിപാടിയുടെ പേരില്‍ സര്‍ക്കാര്‍ ഫണ്ട് വന്‍തോതില്‍ ധൂര്‍ത്തടിച്ചതായി നേരത്തെതന്നെ ആരോപണമുണ്ട്. പരിപാടിയുടെ കൃത്യമായ കണക്കുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഖമറുന്നീസ സുനീഷിന് കത്തുനല്‍കി. എന്നാല്‍ രേഖകള്‍ ഹാജരാക്കിയില്ല. ഇതിനെതിരെ ഖമറുന്നീസ ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കി. സുനീഷിനെ എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.

ഖമറുന്നീസയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ മന്ത്രി മുനീര്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് ഖമറുന്നീസയെ മാറ്റി പുതിയ ചെയര്‍പേഴ്സണെ നിയമിക്കാന്‍ ഫോര്‍മുല തയ്യാറാക്കിയത്. വനിതാലീഗ് അധ്യക്ഷയായിട്ടും ഇവരോട് ആലോചിക്കുകപോലും ചെയ്യാതെയാണ് നടപടി. മന്ത്രിയുടെ നിലപാടിനെതിരെ പ്രതികരിച്ചതിന് ഖമറുന്നീസയോട് വിശദീകരണം ആവശ്യപ്പെട്ടതായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് "ദേശാഭിമാനി"യോട് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 041012

1 comment:

  1. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് വനിതാലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിനെ മാറ്റിയതിനെ ചൊല്ലി മുസ്ലിംലീഗില്‍ വിവാദം. ഖമറുന്നീസ അറിയാതെയാണ് മാറ്റം. മന്ത്രി എം കെ മുനീര്‍ ഇടപെട്ടാണ് ഖമറുന്നീസയെ ഔദ്യോഗികമായി അറിയിക്കുകപോലും ചെയ്യാതെ മാറ്റിയത്. വനിതാലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി കുല്‍സുവാണ് പുതിയ ചെയര്‍പേഴ്സണ്‍. കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയപ്പോഴാണ് സ്ഥാനം തെറിച്ച വിവരം ഖമറുന്നീസ അറിയുന്നത്. മന്ത്രിയുടെ ഉത്തരവുമായെത്തി കുല്‍സു അതിനുമുമ്പുതന്നെ ചെയര്‍പേഴ്സണായി സ്ഥാനമേറ്റിരുന്നു. ഖമറുന്നീസയെ സാമൂഹികക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണാക്കുമെന്നാണ് ലീഗിന്റെ വിശദീകരണം.

    ReplyDelete