Thursday, October 4, 2012

പെന്‍ഷന്‍-ഇന്‍ഷുറന്‍സ് മേഖലകളിലും വിദേശ നിക്ഷേപം


പെന്‍ഷന്‍- ഇന്‍ഷുറന്‍സ് മേഖലയിലെ പരിഷ്കാരങ്ങളടക്കം കൂടുതല്‍ ജനവിരുദ്ധ നടപടിക്ക് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്‍ഷുറന്‍സ് രംഗത്ത് വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു, പെന്‍ഷന്‍മേഖല വിദേശനിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കാനും യോഗത്തില്‍ തീരുമാനമായി. പെന്‍ഷന്‍ ബില്ലിലെ വിദേശനിക്ഷേപം 26 ശതമാനമാക്കി. കമ്പനി ബില്ലിലെ ഭേദഗതിയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടൊപ്പം പ്രധാനമന്ത്രി തലവനായി ദേശീയ നിക്ഷേപ ബോര്‍ഡിന് രൂപംനല്‍കുകയെന്ന നിര്‍ദേശവുമുണ്ട്. അവധിവ്യാപാര വിപണി നിയന്ത്രിക്കുന്ന ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമീഷന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതും മന്ത്രിസഭ പരിഗണിച്ചു. ഇതിനായി ഫോര്‍വേര്‍ഡ് കോണ്‍ട്രാക്ട് റെഗുലേഷന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു.

ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിച്ചതുള്‍പ്പെടെ കഴിഞ്ഞ സെപ്തംബര്‍ 13ന് കടുത്ത തീരുമാനങ്ങള്‍ എടുത്തതിനു പിന്നാലെയാണ് കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കൂടുതല്‍ നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പരിഷ്കാരങ്ങള്‍ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെയും മറ്റും എതിര്‍പ്പുകാരണം നീട്ടിവയ്ക്കുകയായിരുന്നു. ധനമന്ത്രിയായി പി ചിദംബരം എത്തിയതോടെയാണ് എല്ലാ എതിര്‍പ്പുകളും അവഗണിച്ച് കോര്‍പറേറ്റ് പ്രീണന നടപടികള്‍ യുപിഎ സര്‍ക്കാര്‍ നിര്‍ബാധം തുടരുന്നത്. ഇതോടൊപ്പം പെന്‍ഷന്‍ രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ബില്ലില്‍ ഭേദഗതി വരുത്തുകയെന്ന നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. കാര്യമായ എതിര്‍പ്പുകളില്ലാതെയാണ് പരിഷ്കരണ നടപടികള്‍ അംഗീകരിച്ചത്.

deshabhimani news

1 comment:

  1. പെന്‍ഷന്‍- ഇന്‍ഷുറന്‍സ് മേഖലയിലെ പരിഷ്കാരങ്ങളടക്കം കൂടുതല്‍ ജനവിരുദ്ധ നടപടിക്ക് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്‍ഷുറന്‍സ് രംഗത്ത് വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു, പെന്‍ഷന്‍മേഖല വിദേശനിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കാനും യോഗത്തില്‍ തീരുമാനമായി.

    ReplyDelete