Thursday, October 4, 2012
മരുന്നുകളുടെ വിലനിയന്ത്രണം മാറ്റരുത്: സുപ്രീംകോടതി
അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്ന നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1999 ജൂലൈ 13ന് വിജ്ഞാപനംചെയ്ത വിലസംവിധാനത്തിലും സമാനമായ അനുബന്ധ വിജ്ഞാപനത്തിലും മാറ്റം വരുത്തരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ജി എസ് സിങ്വി, എസ് ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ബെഞ്ച് അവശ്യമരുന്നുകളുടെ വിലനിര്‍ണയത്തില്‍ തീരുമാനമെടുക്കുന്നതിന് കേന്ദ്രത്തിന് ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തു.
ദേശീയ അവശ്യമരുന്ന് പട്ടികയില്‍ വരുന്ന പ്രധാന മരുന്നുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ വിലനിയന്ത്രണ ഉത്തരവിന് കീഴില്‍ വരുന്ന അവശ്യമരുന്നുകളുടെ ചില്ലറവിലയിലും അതിന്റെ സംവിധാനത്തിലും മാറ്റം വരുമോയെന്ന ആശങ്കയാണ് കോടതി പ്രകടിപ്പിച്ചത്. അവശ്യമരുന്നുകളുടെ വിലകള്‍ കോടതിക്ക് ഉല്‍ക്കണ്ഠയുള്ള വിഷയമാണ്. അവശ്യമരുന്നുകളുടെ വിലസംവിധാനത്തില്‍ മാറ്റം വരുത്തുന്നത് മരുന്നുവിലകളുടെ കുത്തനെയുള്ള വര്‍ധനയ്ക്ക് വഴിയൊരുക്കും. ഭരണനടത്തിപ്പ് കോടതിയുടെ ചുമതലയല്ല. എന്നാല്‍, ആവശ്യമായ ഘട്ടങ്ങളില്‍ കോടതിക്ക് ഇടപെടേണ്ടിവരും- കോടതി പറഞ്ഞു.
അവശ്യമരുന്നുകളുടെ ദേശീയപട്ടിക തയ്യാറാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെയും കോടതി വിമര്‍ശിച്ചു. ഒമ്പതുവര്‍ഷമായി പട്ടിക തയ്യാറാക്കിയിട്ടില്ല. ഒരാഴ്ചകൂടി സമയം അനുവദിക്കുകയാണ്. തുടര്‍ന്നും കാലതാമസമുണ്ടായാല്‍ ഉചിതമായ ഇടപെടലുണ്ടാകും. പല മരുന്നുകളുടെയും ഉയര്‍ന്ന വില കാരണം രോഗികള്‍ക്ക് ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ വസ്തു വിറ്റാണെങ്കിലും മരുന്നു വാങ്ങുക എന്ന അവസ്ഥയാണുള്ളത്. ഇത് ദുഃഖകരമായ അവസ്ഥയാണെന്നും കോടതി രൂക്ഷമായ ഭാഷയില്‍ നിരീക്ഷിച്ചു. മരുന്നുവില നിര്‍ണയിക്കുന്നതില്‍ മന്ത്രിസമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അടുത്തുതന്നെ അന്തിമ അംഗീകാരത്തിനായി മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ പുതിയ മരുന്നുനയം അവശ്യമരുന്നുകളുടെ വിലകള്‍ കുത്തനെ ഉയരാന്‍ വഴിയൊരുക്കുമെന്ന് കേസില്‍ ഹര്‍ജിക്കാരായ ഓള്‍ ഇന്ത്യാ ഡ്രഗ്സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് വാദിച്ചു. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
6 മാസത്തിനകം എല്ലാ സ്കൂളിലും മൂത്രപ്പുര സ്ഥാപിക്കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്കൂളിലും വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങള്‍ ആറുമാസത്തിനകം ഉറപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യ സ്കൂളുകളിലടക്കം സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കോടതി കടക്കുമെന്നും ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
എണ്‍വയോണ്‍മെന്റല്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് രാജ്യത്തെ സ്കൂളുകളിലെ സൗകര്യമില്ലായ്മ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍, എല്ലാ സ്കൂളിലും മൂത്രപ്പുരകള്‍ ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നു. മിക്ക സംസ്ഥാനങ്ങളും ഉത്തരവ് പാലിക്കുന്നില്ലെന്ന് ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇത് ഗൗരവമായി കണക്കിലെടുത്ത കോടതി ആറുമാസത്തിനകം ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യമില്ലാത്ത സ്കൂളുകളിലേക്ക്കുട്ടികളെ അയക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉള്‍പ്രദേശങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സ്കൂളുകള്‍ നിരവധിയാണ്. പലയിടത്തും സ്കൂളുകള്‍ താല്‍ക്കാലിക ഷെഡ്ഡുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ചില സ്ഥലങ്ങളില്‍ താല്‍ക്കാലികസംവിധാനങ്ങള്‍ പോലുമില്ലാതെ തുറസ്സായ സ്ഥലങ്ങളിലാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ്. പുതിയ ഉത്തരവ് എത്രമാത്രം പാലിക്കപ്പെട്ടുവെന്നതിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് ആറുമാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
deshabhimani 041012
Labels:
ആരോഗ്യരംഗം,
കോടതി
Subscribe to:
Post Comments (Atom)
അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്ന നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1999 ജൂലൈ 13ന് വിജ്ഞാപനംചെയ്ത വിലസംവിധാനത്തിലും സമാനമായ അനുബന്ധ വിജ്ഞാപനത്തിലും മാറ്റം വരുത്തരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ജി എസ് സിങ്വി, എസ് ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ബെഞ്ച് അവശ്യമരുന്നുകളുടെ വിലനിര്‍ണയത്തില്‍ തീരുമാനമെടുക്കുന്നതിന് കേന്ദ്രത്തിന് ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തു.
ReplyDelete