Thursday, October 4, 2012

സാധനവില ഇരട്ടിയായി


ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നരവര്‍ഷത്തോടടുക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന 2011 ഏപ്രിലിലെ വിലയെക്കാള്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും ഇരട്ടിയിലേറെ വില വര്‍ധിച്ചതായി സര്‍ക്കാരിന്റെതന്നെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിക്സ് വിഭാഗം വ്യക്തമാക്കുന്നു. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പഴം തുടങ്ങി എല്ലായിനത്തിനും വമ്പിച്ച വിലക്കയറ്റമാണ്. സാധാരണക്കാരും ഇടത്തരക്കാരും ജീവിക്കാന്‍ പ്രയാസപ്പെടുന്നു.

2011 ഏപ്രിലില്‍ സംസ്ഥാനത്ത് വന്‍പയറിന് 42 രൂപയായിരുന്നു വിലയെങ്കില്‍ സര്‍ക്കാരിന്റെ കണക്കുപ്രകാരം 2012 ഒക്ടോബര്‍ ഒന്നിലെ വില വിവിധ ജില്ലകളില്‍ 70 മുതല്‍ 80 രൂപവരെയാണ്. സംസ്ഥാന ശരാശരിയാകട്ടെ 74.64 രൂപയും. 50 രൂപയോളമായിരുന്ന ചെറുപയറിന്റെ ഇപ്പോഴത്തെ വില 68 മുതല്‍ 76 രൂപവരെയാണ്. സംസ്ഥാന ശരാശരി 71.42 രൂപ. ഉഴുന്നിന് വിവിധ ജില്ലകളില്‍ 64 മുതല്‍ 80 രൂപവരെയാണ്. 34 രൂപയുണ്ടായിരുന്ന പീസ്പരിപ്പിന് ഇപ്പോള്‍ ചില ജില്ലകളില്‍ 50 രൂപവരെ നല്‍കണം. വലിയ കടല 42 രൂപയില്‍നിന്ന് 70 മുതല്‍ 86 രൂപവരെയായി. 29 രൂപയായിരുന്ന പഞ്ചസാരയ്ക്ക് നിലവില്‍ 39 മുതല്‍ 41 രൂപവരെയാണ് വില. പാല്‍വില 23ല്‍നിന്ന് 27 മുതല്‍ 30 രൂപവരെയായി. ഒരു ഡസന്‍ വൈറ്റ്ലഗോണ്‍ മുട്ടയ്ക്ക് അന്ന് 30 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 43 മുതല്‍ 54 രൂപവരെയാണ്. നാടന്‍മുട്ട ഡസന് 54 മുതല്‍ 66 രൂപവരെ നല്‍കണം. 56 രൂപയായിരുന്ന കടുകിന് 70 മുതല്‍ 90 രൂപവരെയായി. 16 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് ഇപ്പോള്‍ 24 മുതല്‍ 30 വരെ നല്‍കണം. 12 രൂപയായിരുന്ന സവാളയ്ക്ക് 18 രൂപവരെ വിലയുണ്ട്.

പച്ചക്കറികള്‍ക്കും തീവിലയാണ്. മട്ട അരി 25 രൂപയില്‍നിന്ന് 32 മുതല്‍ 35 രൂപവരെ ഉയര്‍ന്നു. നാടന്‍ അരി 24 രൂപയില്‍നിന്ന് 27 മുതല്‍ 33 വരെയും ചമ്പ അരി 24.50 രൂപയില്‍നിന്ന് 28-32 നിരക്കിലേക്കും ആന്ധ്ര വെള്ള 23ല്‍നിന്ന് 25 മുതല്‍ 34 രൂപവരെയും ചമ്പാള അരി 23ല്‍നിന്ന് 26 മുതല്‍ 32 രൂപവരെയായും പാലക്കാടന്‍ ജയ 26ല്‍നിന്ന് 27 മുതല്‍ 32 രൂപവരെയായാണ് കൂടിയത്. വിലക്കയറ്റംമൂലം ജനം നീറുമ്പോള്‍ മതിയായ സാധനങ്ങള്‍ നല്‍കാതെയും മറ്റും പൊതുവിതരണശൃംഖലയെയും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
(ഷഫീഖ് അമരാവതി)

deshabhimani 041012

1 comment:

  1. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നരവര്‍ഷത്തോടടുക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന 2011 ഏപ്രിലിലെ വിലയെക്കാള്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും ഇരട്ടിയിലേറെ വില വര്‍ധിച്ചതായി സര്‍ക്കാരിന്റെതന്നെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിക്സ് വിഭാഗം വ്യക്തമാക്കുന്നു. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പഴം തുടങ്ങി എല്ലായിനത്തിനും വമ്പിച്ച വിലക്കയറ്റമാണ്. സാധാരണക്കാരും ഇടത്തരക്കാരും ജീവിക്കാന്‍ പ്രയാസപ്പെടുന്നു.

    ReplyDelete