Monday, September 9, 2013

മാനേജ്മെന്റ് പീഡനം: എസ്ബിഐ ഓഫീസര്‍മാര്‍ ധര്‍ണ നടത്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റ് സംഘടനാ സ്വാതന്ത്ര്യവും ജനാധിപത്യവകാശങ്ങളും നിഷേധിക്കുന്നതിനെതിരെ ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്‍ ജന്തര്‍ മന്തറില്‍ ധര്‍ണ നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് 2012 ആഗസ്ത് 28ന് സമാധാനപരമായി പ്രകടനം നടത്തിയതിന്റെ പേരില്‍ ഒരു വര്‍ഷത്തിലധികമായി ഓഫീസര്‍മാര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തിലേറെ പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുത്തു. ഉച്ചഭക്ഷണസമയത്ത് പ്രകടനം നടത്തിയതിന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരെവരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ മുമ്പൊന്നുമില്ലാത്തവിധം പ്രതികാര നടപടികളും അച്ചടക്ക നടപടികളുമാണ് കൈക്കൊള്ളുന്നതെന്ന് ജനറല്‍ സെക്രട്ടറി വൈ സുദര്‍ശനും പ്രസിഡന്റ് ബി കെ അവസ്തിയും പറഞ്ഞു. എല്ലാ റിജണുകളിലെയും ഭാരവാഹികള്‍ക്ക് മാനേജ്മെന്റ് കുറ്റപത്രം നല്‍കി. സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നഗ്നമായി ലംഘിക്കുന്നു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയാണ്-നേതാക്കള്‍ പറഞ്ഞു. സംഘടനാ സ്വാതന്ത്ര്യനിഷേധത്തിനെതിരെയുള്ള സമരമാണ് രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും നടത്തുന്നതെന്ന് ധര്‍ണയെ അഭിവാദ്യംചെയ്ത് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു.

സംഘടിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ട്രേഡ് യൂണിയന്‍ ഐക്യവേദി നാലു വര്‍ഷമായി ആവശ്യപ്പെടുന്നു. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം ഉറപ്പാക്കണമെന്ന അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ അവകാശരേഖ ഇന്ത്യ അംഗീകരിച്ചിട്ടില്ല. എസ്ബിഐ ഓഫീസര്‍മാരുടെ സമരത്തിന് സിഐടിയു ഉള്‍പ്പെടെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും പിന്തുണയുണ്ടാവുമെന്നും എ കെ പി പറഞ്ഞു. ഹര്‍വിന്ദര്‍സിങ്, വി മുരളി, നാഗരാജ് എന്നിവരും സംസാരിച്ചു. കേരള സര്‍ക്കിളില്‍നിന്ന് പ്രസിഡന്റ് പി ജനാര്‍ദനന്റെയും ജനറല്‍ സെക്രട്ടറി എം ശ്രീനാഥിന്റെയും നേതൃത്വത്തില്‍ 15 പേര്‍ സമരത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment