സംസ്ഥാനത്തെ എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മാനേജ്മെന്റ് സീറ്റില്‍ അനധികൃതമായി കയറിയ 49 പേരുടെ പ്രവേശനം റദ്ദാക്കുമെന്ന് ജസ്റ്റിസ് ജെ എം ജയിംസ് ചെയര്‍മാനായ പ്രവേശനമേല്‍നോട്ട കമ്മിറ്റി. കമ്മിറ്റി മേല്‍നോട്ടത്തില്‍ പരീക്ഷ നടത്തിയ ലിസ്റ്റിന് പുറത്ത്നിന്നും മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജസ്റ്റിസ് ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡ പ്രകാരം പ്രവേശന പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് നേടണം. മാനേജ്മെന്റ് സീറ്റിലേക്ക് ജെയിംസ് കമ്മിറ്റി നടത്തിയ പ്രവേശന പരീക്ഷയില്‍ 408 പേരാണ് യോഗ്യത നേടിയത്. എന്നാല്‍ ഈ ലിസ്റ്റിന് പുറത്ത് നിന്നും മാനേജ്മെന്റുകള്‍ യോഗ്യതയില്ലാത്തവര്‍ക്ക് പ്രവേശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടത്തിയ പ്രവേശന പരീക്ഷ ലിസ്റ്റിന് പുറത്ത്നിന്നും പ്രവേശനം നടത്തരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ലിസ്റ്റില്‍ നിന്ന് പുറത്തായ കുട്ടികള്‍ നല്‍കിയ 12 പരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ലിസ്റ്റില്‍ നിന്നും സ്പോട്ട് അഡ്മിഷന്‍ വഴിയുമാണ് മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയത്. എന്നാല്‍ ഇക്കാര്യം കമ്മിറ്റിയെ അറിയിച്ചിട്ടില്ല.
പുറത്തു നിന്ന് പ്രവേശനം നല്‍കാന്‍ പാടില്ലെന്നും നീറ്റില്‍ നിന്ന് പ്രവേശനം നല്‍കുന്നുണ്ടെങ്കില്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ അനുമതി തേടിയിരിക്കണമെന്നും കഴിഞ്ഞ 30ന് തിരുവനന്തപുരത്ത് വെച്ച് സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റ് ്പ്രതിനിധികള്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. പുറത്ത് നിന്ന് യോഗ്യതയില്ലാത്തവരെ പ്രവേശിപ്പിച്ചത് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളോടുള്ള ദ്രോഹമാണ്്. പ്രവേശനത്തെ സംബന്ധിച്ച് പൂര്‍ണ വിവരം കോളേജുകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചിലര്‍ മാത്രം അപൂര്‍ണ വിവരങ്ങള്‍ നല്‍കി. യോഗ്യതയുള്ളവരെ മാത്രം പ്രവേശിപ്പിക്കാന്‍ കമ്മിറ്റി മാനേജ്മെന്റുകളോട് ആവശ്യപ്പെടും.
30ന് മുമ്പ്് എംബിബിഎസ് പ്രവേശനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഇവര്‍ക്ക് നീറ്റില്‍ നിന്നും പ്രവേശനം നടത്താം. പ്രവേശന നടപടിക്രമങ്ങള്‍ കമ്മിറ്റിയെ അറിയിക്കണം. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് എംബിബിഎസ് 15 ശതമാനം എന്‍ആര്‍ഐ സീറ്റിലേക്ക് നടത്തിയ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
95 അപേക്ഷകരില്‍ 45 പേര്‍ പ്രവേശന പരീക്ഷയെഴുതി. 960ല്‍ 521 മാര്‍ക്ക് നേടി മനാസ് മുരളി ഒന്നാം റാങ്കും കെ വി ഉണ്ണികൃഷ്ണന്‍ രണ്ടാം റാങ്കും(518) നേടി. ജീനു മേരി ജേക്കബ്, നിദിയ മറിയം മോനു, എസ് സമീറ(451) എന്നിവര്‍ മൂന്നാം റാങ്ക് പങ്കിട്ടു. ഫിസിക്സ്, കെമിസ്ട്രി ഉള്‍പ്പെടുന്ന രണ്ടാം പേപ്പറില്‍ ഒരു വിദ്യാര്‍ഥിക്ക് മൈനസ് വണ്‍ മാര്‍ക്കാണ് ലഭിച്ചത്. ലിസ്റ്റില്‍ നിന്നും 15 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രവേശന നടപടികള്‍ കമ്മിറ്റിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാശ്രയ നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള 18 കോളേജുകളില്‍ എംഎസ്സി നഴ്സിങ് കോഴ്സിലേക്ക് 24ന് പ്രവേശന പരീക്ഷ നടത്തും. എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ 10.30നാണ് പരീക്ഷ. 121 സീറ്റിലേക്കാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ പരീക്ഷ നടത്തിയിരുന്നുവെങ്കിലും പലരും സര്‍ക്കാര്‍ നഴ്സിങ് കോളേജ് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മാനേജ്മെന്റ് സീറ്റ് ഒഴിവുവരികയായിരുന്നു. 21 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് ജെയിംസ് പറഞ്ഞു.
deshabhimani
No comments:
Post a Comment