Monday, September 9, 2013

8000 കിലോ ആനക്കൊമ്പ് സര്‍ക്കാര്‍ കത്തിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള 8000 കിലോ ആനക്കൊമ്പ് കത്തിച്ചുക്കളയുന്നു. വനംവകുപ്പിന്റെ കൈവശമുള്ള ആനക്കൊമ്പ് സൂക്ഷിക്കാന്‍ ആവശ്യമായ സ്ഥലസൗകര്യമില്ലത്തതിനാലും വിപണനത്തിന് അന്താരാഷ്ട്രതലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനവും ചൂണ്ടിക്കാണിച്ചാണ് അമൂല്യമായ ഇവ നശിപ്പിക്കാന്‍ വനംവകുപ്പ് നീക്കം തുടങ്ങിയത്.

ആനക്കൊമ്പ് കത്തിച്ചുകളയാന്‍ അനുമതി ചോദിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന് ഒരുങ്ങുന്നത്. തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണ് വിവരം. വനംവകുപ്പിന്റെ അധീനതയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, പറമ്പിക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലായാണ് ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ആനക്കൊമ്പ്് വ്യാപാരം നിരോധിച്ചിട്ടുണ്ടെങ്കിലും കള്ളക്കടത്തുവിപണിയില്‍ ഇപ്പോഴും ഇവയുടെ മൂല്യം വിലമതിക്കാനാകാത്തതാണ്.

വനംവകുപ്പ് സൂക്ഷിച്ച ആനക്കൊമ്പ് സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്ത നിലയാണെന്നും കത്തില്‍ പറയുന്നു. 2005ല്‍ ആനക്കൊമ്പ് വിപണിയില്‍ നിയന്ത്രണം വന്നതോടെ ഇവ കത്തിച്ചുകളയാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊമ്പുകള്‍ കത്തിച്ചുകളയാതെ സൂക്ഷിച്ചു. എട്ട് ജില്ലകളിലായുള്ള ആനക്കൊമ്പ് ശേഖരത്തില്‍ കൂടുതല്‍ തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്താണ്. 3947.44 കിലോ ആനക്കൊമ്പാണ് ഇവിടെ സ്ട്രോങ് റൂമിലുള്ളത്.

വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സംസ്ഥാന വന്യജീവി ബോര്‍ഡ് അംഗങ്ങള്‍ക്കുമാണ് ആനക്കൊമ്പ് കത്തിക്കാന്‍ അനുമതി തേടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരത്തെ കത്ത് നല്‍കിയിരുന്നത്. നായാട്ടുകാരില്‍നിന്ന് പിടിച്ചെടുത്തവ, വനത്തില്‍നിന്ന് കിട്ടിയവ, നാട്ടാനകള്‍ ചെരിഞ്ഞപ്പോള്‍ ലഭിച്ചവ എന്നീ ഇനങ്ങളിലാണ് ആനക്കൊമ്പുകള്‍ വനംവകുപ്പിന്റെ കൈവശം വന്നുചേര്‍ന്നത്. ആനവേട്ട തടയാനുള്ള അന്താരാഷ്ട്ര തീരുമാനത്തിന്റെ ഭാഗമായി ഇവയുടെ വില്‍പ്പന തടഞ്ഞതുകൂടാതെ ആനക്കൊമ്പുകള്‍കൊണ്ട് അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതും തടഞ്ഞിട്ടുണ്ട്.

അതേസമയം, ആനക്കൊമ്പുകള്‍ കത്തിച്ചുകളയാതെ വനംവകുപ്പിന്റെ അധീനതയില്‍ത്തന്നെ വിവിധ കേന്ദ്രങ്ങളില്‍ മ്യൂസിയം ആരംഭിച്ച്് ഇവ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കത്തിക്കല്‍ പ്രായോഗികമല്ല: വിദഗ്ധര്‍

ആനക്കൊമ്പ് കത്തിക്കാന്‍ വനംവകുപ്പ് നടത്തുന്ന നീക്കം നിയമപരമായും സാങ്കേതികമായും പ്രായോഗികമല്ലെന്ന് വിദഗ്ധര്‍. ഈ വര്‍ഷം ഫിലിപ്പീന്‍സിലും മൊസാമ്പിക്കിലും ആനക്കൊമ്പ് കത്തിക്കാന്‍ശ്രമിച്ചെങ്കിലും പൂര്‍ണ വിജയമായില്ല. ആയിരം ഡിഗ്രി ചൂടില്‍ കത്തിച്ചാല്‍ പോലും കൊമ്പ് പൂര്‍ണമായി കത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കത്തിച്ചുകളയാനുള്ള തീരുമാനം യുക്തിരഹിതവും അന്യായവുമാണെന്നാണ് പലരുടെയും നിലപാട്. അതേസമയം രാജ്യാന്തരതലത്തില്‍ പൂര്‍ണ നിരോധമുള്ള ആനക്കൊമ്പ് നശിപ്പിക്കുന്നത് ആനവേട്ട നിരുത്സാഹപ്പെടുത്തല്‍ കൂടിയാണെന്നും അഭിപ്രായമുണ്ട്. കത്തിക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് മാത്രമായി നല്‍കാനാകില്ല. അതിന് കേന്ദ്ര അനുമതിയും വേണം. പലയിടത്തും ആനക്കൊമ്പ് സംബന്ധിച്ച് കേസും നിലവിലുണ്ട്. അവയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ തൊണ്ടിമുതല്‍ നശിപ്പിക്കാനാകില്ലെന്ന് നിയമവിദഗ്ധരും വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വത്തിലുള്ള ഗുരുവായൂര്‍ കേശവന്റെ കൊമ്പ്, തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിലെ പാറമേക്കാവ് ശ്രീപരമേശ്വരന്റെ കൊമ്പ്, ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര മഹാദേവക്ഷേത്രത്തിലെ ഗണേശന്റ കൊമ്പ് എന്നിവയ്ക്കാണ് സൂക്ഷിക്കാന്‍ അനുമതിയുള്ളത്. വയനാട് കലക്ടറേറ്റിലും കൊമ്പ് അനുമതിയോടെ സൂക്ഷിച്ചിട്ടുണ്ട്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിക്കുന്നവര്‍ പലരും ആനയുടെ ഉടമസ്ഥരായിരുന്നെന്ന കാരണമാണ് പറയുന്നത്. ഇതിനും നിയമപരിരക്ഷയില്ല.

1982ല്‍ ജനീവയില്‍ ഇന്ത്യയുള്‍പ്പടെ 142 രാജ്യങ്ങള്‍ പങ്കെടുത്ത കണ്‍വന്‍ഷനിലാണ് വംശനാശം സംഭവിക്കുന്ന സസ്യജീവജാലങ്ങളുടെ നീക്കങ്ങള്‍ തടയുന്ന അന്താരാഷ്ട്ര ഉടമ്പടി നിലവില്‍ വന്നത്. കണ്‍വന്‍ഷനിലെ തീരുമാനം "ആനക്കൊമ്പ് ആനക്ക് മാത്രം" എന്നാണ്. ഇതുപ്രകാരം ആനക്കൊമ്പ് സൂക്ഷിക്കുകയോ അലങ്കാരമാക്കിവയ്ക്കുകയോ ആഭരണങ്ങളുണ്ടാക്കി സൂക്ഷിക്കുകയോ കൈവശംവയ്ക്കുകയോ ചെയ്യരുത്.
(ഇ പി വിനയകൃഷ്ണന്‍)

deshabhimani

No comments:

Post a Comment