Monday, September 9, 2013

ഉമ്മന്‍ചാണ്ടിയുടെ കുരുക്ക് കൂടുതല്‍ മുറുകി: പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരെയുള്ള കുരുക്ക് കൂടുതല്‍ മുറുകുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാണംകെട്ട്, പരമാവധി അപഹാസ്യനായി ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോകേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. പയ്യാമ്പലത്ത് ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു പിണറായി. സോളാര്‍ തട്ടിപ്പുസംഭവത്തില്‍ ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് ഇത്രമാത്രം താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് ചില ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഇതുവരെ മനസിലാക്കിയിരുന്നത്.

എന്നാല്‍ അമേരിക്കന്‍ വ്യവസായിയായ ബാബുരാജന്റെ വെളിപ്പെടുത്തലുകളിലൂടെ യഥാര്‍ഥ വസ്തുതകള്‍ തന്നെ പുറത്തുവന്നിരിക്കുന്നു. 836 കോടി രൂപയുടെ ഇടപാടില്‍ 30 ശതമാനം വിഹിതം ഉമ്മന്‍ചാണ്ടിക്കാണെന്ന് ബിജുരാധാകൃഷ്ണന്‍ പറഞ്ഞതായാണ് ബാബുരാജന്‍ വെളിപ്പെടുത്തിതിരിക്കുന്നത്. അദ്ദേഹത്തെ സ്വാധീനിക്കാനായി മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കും മറ്റും അയച്ച കത്തുകളും പുറത്തുവന്നിരിക്കുന്നു- പിണറായി പറഞ്ഞു.

പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ രാവിലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പുഷ്പാര്‍ച്ചന നടത്തി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍നിന്ന് പ്രകടനമായാണ് നേതാക്കളും പ്രവര്‍ത്തകരും പയ്യാമ്പലത്തെത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതം പറഞ്ഞു. പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവരും സംബന്ധിച്ചു.

deshabhimani

No comments:

Post a Comment