ടി പി ചന്ദ്രശേഖരന്‍ കേസില്‍ സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കള്ളക്കേസില്‍ കുടുക്കിയ അന്വേഷണത്തിന് തിരിച്ചടിയായി കോടതി വിധി. സാക്ഷിമൊഴികളോ മറ്റു തെളിവുകളോ ഇല്ലാത്തതിനാല്‍ ഒരു കേസില്‍ ഇത്രയുമേറെ പ്രതികളെ അന്തിമവിധിക്കുമുമ്പ് വെറുതെ വിടുന്നത് അപൂര്‍വമാണ്. 166 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിട്ടും 20 പ്രതികള്‍ക്കെതിരെ ഒരാള്‍പോലും മൊഴി നല്‍കിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇവര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുള്ളത്. ഇത് തെളിവായി സ്വീകരിക്കാനാവില്ലെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
സിപിഐ എം നേതാവ് കാരായി രാജനെ കുടുക്കാന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി 164-ാം വകുപ്പുപ്രകാരം മജിസ്ടേട്ടിനുമുമ്പില്‍ അന്വേഷണ സംഘം മൊഴി കൊടുപ്പിച്ചു. ഈ മൊഴിക്ക് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മജിസ്ട്രേട്ടിനുമുമ്പാകെ നല്‍കുന്ന മൊഴി മാത്രം തെളിവാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടതും തിരിച്ചടിയായി. യുഡിഎഫിലെ ഉന്നതരുടെ താല്‍പ്പര്യാര്‍ഥം തയാറാക്കിയ തിരക്കഥയനുസരിച്ചാണ് കേസ് അന്വേഷണമെന്ന് കോടതി വിധി തെളിയിക്കുന്നു. പൊലീസ്് തയാറാക്കിയത് കള്ളമൊഴികളാണെന്നത് വിചാരണ വേളയില്‍ വ്യക്തമായിരുന്നു. ഭീഷണിയും പീഡനവും സഹിച്ചാണ് മജിസ്ട്രേട്ടിനുമുമ്പില്‍ സാക്ഷികള്‍ മൊഴി നല്‍കിയത്. വിചാരണ വേളയില്‍ സാക്ഷികള്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. മജിസ്ട്രേട്ടിനുമുമ്പില്‍ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നായിരുന്നു സാക്ഷികള്‍ക്കുള്ള ഭീഷണി. ചിലരെ പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയി മര്‍ദിച്ചും മൊഴി കൊടുപ്പിച്ചു.
കേസില്‍ ചിലരെ പ്രതികളായി ഉള്‍പെടുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുപോലും സമ്മതിക്കേണ്ടിവന്നതാണ്. നിലവിലുള്ള പ്രതിപ്പട്ടികയില്‍ മുല്ലപ്പള്ളി കൊടുത്ത ലിസ്റ്റിലുള്ളവരും ഉണ്ടെന്ന് പരോക്ഷമായി തിരുവഞ്ചൂര്‍ സമ്മതിച്ചു. വമ്പന്‍ സ്രാവുകളെ പ്രതികളാക്കണമെന്ന മുല്ലപ്പള്ളിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന രാഷ്ട്രീയ പ്രതിയോഗികളെ കുടുക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു എന്നതിന് തെളിവാകുകയാണ്. കോടതിയില്‍ സത്യം പറയുമെന്ന് ഉറപ്പുള്ള സാക്ഷികളെ വിസ്തരിക്കാതെ പ്രോസിക്യൂഷന്‍ ഒഴിവാക്കുകയായിരുന്നു. സത്യം പറഞ്ഞ സാക്ഷികള്‍ക്കെതിരെ അന്യായം ഫയല്‍ ചെയ്യാനും പ്രോസിക്യൂഷന്‍ മുതിര്‍ന്നു. സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ സജീവ ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെപ്പോലും പ്രോസിക്യൂഷന്‍ സാക്ഷികളായി അവതരിപ്പിച്ചു. ഇതും കോടതിയില്‍ പ്രതിഭാഗം തുറന്നുകാട്ടി.
(പി വിജയന്‍)
deshabhimani
No comments:
Post a Comment