Tuesday, September 10, 2013

ഇന്ത്യന്‍ റയില്‍വെയില്‍ 17,000 കോടിയുടെ അഴിമതി: സി എ ജി

 യു പി എ സര്‍ക്കാര്‍ ഭരണത്തില്‍ ദേശീയ തലത്തില്‍ മറ്റൊരു വന്‍ അഴിമതിയുടെ വെളിപ്പെടുത്തലുമായി സി എ ജി.

ഇന്ത്യന്‍ റയില്‍വെയില്‍ 17,000 കോടിയുടെ അഴിമതി നടന്നതായാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി( സി എജി)ന്റെ കണ്ടത്തെല്‍. ഇരുമ്പയിരിന്റെ ഗതാഗതവുമായി ബന്ധപ്പെട്ടാണ് പുതിയ അഴിമതി പുറത്തുവന്നിരിക്കുന്നത്. നേരത്തെ സി ബി ഐയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇതിലെ ചില കേസുകളില്‍ അന്വേഷണം നടത്തിയിരുന്നു. ഇരുമ്പയിരിന്റെ കയറ്റുമതിയില്‍ വ്യാപകമായ ക്രമക്കേട് നടന്നതെന്ന് സി എ ജി കണ്ടെത്തിയത്.

ഇരുമ്പയിരിന്റെ ചരക്കു നീക്കമായി ബന്ധപ്പെട്ട് റയില്‍വെ മന്ത്രാലയം എടുത്ത തീരുമാനമാണ് അഴിമതിക്കു കളമൊരുക്കിയത്. ഇതില്‍ രണ്ടു തരം ചാര്‍ജ് ഈടാക്കുകയായിരുന്നു. ആഭ്യന്തര ഉപയോഗത്തിനായി കൊണ്ടുപോവുന്ന ഇരുമ്പയിരിന്റെ നീക്കത്തിന് കയറ്റുമതിക്കായി കൊണ്ടുപോവുന്നതിനേക്കാള്‍ കുറഞ്ഞ ചാര്‍ജാണ് ഈടാക്കിയത്. ഇരട്ട നിരക്കുകള്‍ വഴി സര്‍ക്കാര്‍ പൊതു ഖജനാവിന് 17000കോടി രൂപയുടെ നഷ്ടം വരുത്തിയതായി റയില്‍വെ മന്ത്രാലയത്തിന് അയച്ച കത്തില്‍ സി എ ജി പറയുന്നു. 2008 മെയ് 22 മുതലുള്ള ചരക്കു നീക്കമാണ് അഴിമതിക്കേസില്‍ ഇടം പിടിച്ചത്.  75 ലോഡിംങ് പോയന്റുകളില്‍ 25 എണ്ണത്തിന്റെയും 41 അണ്‍ലോഡിംങ് പോയന്റില്‍ പത്തെണ്ണത്തിന്റെയും കണക്കുകള്‍ മാത്രം എടുത്തപ്പോള്‍ ആണ് ഈ ക്രമക്കേട് കണ്ടത്തെിയതെന്നും സി എ ജി കത്തില്‍ പറയുന്നു.

ഇരുമ്പയിരുഗതാഗതം കൂടുതലായി നടക്കുന്ന മൂന്നു റയില്‍വെ സോണുകളിലാണ് സി എ ജി ഓഡിറ്റ് നടത്തിയത്. 2008 മെയ് മുതല്‍ 2012 മാര്‍ച്ച് വരെ തെക്കുകിഴക്കന്‍, തെക്കു പടിഞ്ഞാറന്‍, കിഴക്കന്‍ തീരപ്രദേശങ്ങള്‍ എന്നീ സോണുകളിലെ ഓഡിറ്റാണ് നടന്നത്.

ആഭ്യന്തര ചരക്കു നീക്കത്തിന് യോഗ്യരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജറാക്കാതെ 126 പാര്‍ട്ടികള്‍ക്ക് മന്ത്രാലയം ആഭ്യന്തര നിരക്കില്‍ ചരക്കു നീക്കം അനുവദിച്ച് നല്‍കിയെന്നും ഈ വകുപ്പില്‍ റയില്‍വെക്ക് 258.38 കോടിയുടെ നഷ്ടം ഉണ്ടായതായും സി എജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ മറ്റൊരു കേസില്‍ 290 പാര്‍ട്ടികള്‍ക്ക് ആഭ്യന്തര നിരക്ക് അനുവദിച്ചത് വഴി 2090.15 കോടിയുടെ നഷ്ടം റയില്‍വെക്കുണ്ടായതായും പറയുന്നു. ആകെ 443 പാര്‍ട്ടികള്‍ക്കാണ് അനധികൃതമായി ആഭ്യന്തര നിരക്ക് അനുവദിച്ച് നല്‍കിയത്.  ഇരുമ്പയിര് കയറ്റുമതിക്കാര്‍ ആണ് ഇതിന്റെ പിന്നിലെന്ന് അനുമാനിക്കുന്നതായി റിപ്പോര്‍ട്ടില്‍ സി എ ജി ചൂണ്ടിക്കാട്ടുന്നു.

janayugom

No comments:

Post a Comment