Tuesday, September 10, 2013

ഡല്‍ഹി കൂട്ടബലാല്‍സംഗം: 4 പ്രതികളും കുറ്റക്കാര്‍

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ശിക്ഷ ബുധനാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. മുകേഷ് സിങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നിവര്‍ കുറ്റക്കാരാണെന്ന് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്നയാണ് വിധിച്ചത്. കേസിന്റെ വിചാരണ സപ്തംബര്‍ മൂന്നിന് സാകേത് അതിവേഗ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. നാലു പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ജനുവരി 17 നാണ് സാകേത് അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. കൊലപാതകം, പീഡനം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി പതിമൂന്ന് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. ഈ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി.പെണ്‍കുട്ടിയുടെ മരണമൊഴിയും സുഹൃത്തിന്റെ സാക്ഷിമൊഴിയും നിര്‍ണായക തെളിവായി. 2012 ഡിസംബര്‍ 16 നു രാത്രിയായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത നടന്നത്. ഓടുന്ന ബസില്‍ 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

ഇരുമ്പ് ദണ്ട് ഉപയോഗിച്ച് ആന്തരാവയവങ്ങഹ തകര്‍ക്കുകയും ചെയ്തു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയിട്ടാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പതിമൂന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി ഡിസംബര്‍ 29 നു സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. സംഭവത്തിനെതിരെ രാജ്യമെങ്ങും വന്‍പ്രതിഷേധം അലയടിച്ചു. തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ പ്രത്യേക നിയമനിര്‍മ്മാണത്തിനുതന്നെ സര്‍ക്കാര്‍ തയ്യാറായി. കേസിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ചാമത്തെ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞ ദിവസം മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു

വിചാരണക്കിടെ മുഖ്യപ്രതിയായ രാംസിങ്ങിനെ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാംസിങിന്റെ സഹോദരനാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതി മുകേഷ് സിങ്. കുറ്റപത്രം വായിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും കോടതി മുറിയിലുണ്ടായിരുന്നു. പത്ത്മിനിറ്റ് നേരമാണ് കുറ്റപത്രം വായിച്ചത്. അതിനുമുന്നേ പ്രതികള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി

deshabhimani

No comments:

Post a Comment