Tuesday, September 10, 2013

എസ്എഫ്ഐ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കണമെന്നും വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസനും ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജിയും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എസ്എഫ്ഐ ചൊവ്വാഴ്ച പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

നിലവില്‍ ജിഡിപിയുടെ മൂന്നു ശതമാനംമാത്രമാണ് വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവയ്ക്കുന്നത്. വികസിതരാജ്യങ്ങളില്‍ 17-23 പ്രായപരിധിയില്‍പ്പെടുന്ന 45 മുതല്‍ 85 ശതമാനംവരെ യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നു. ഇന്ത്യയില്‍ ഈ പ്രായപരിധിയിലുള്ള 90 ശതമാനം പേരും ഉന്നതവിദ്യാഭ്യാസത്തിനു പുറത്താണ്. ഒന്നാംക്ലാസില്‍ പ്രവേശനം നേടുന്നവരില്‍ പ്ലസ്ടുവരെ എത്തുന്നത് 16.6 ശതമാനംമാത്രം. 2011-12 കേന്ദ്രബജറ്റില്‍ 21,912 കോടി രൂപ വിദ്യാഭ്യാസമേഖലയ്ക്ക് നീക്കിവച്ചു. ഇതില്‍ 2068 കോടിയും ചെലവഴിച്ചില്ല. പൊതുവിദ്യാഭ്യാസത്തെ പടിപടിയായി ഇല്ലാതാക്കുന്നു. പൊതുവിദ്യാഭ്യാസത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണം. വാണിജ്യവല്‍ക്കരണംമൂലം വിദ്യാഭ്യാസം സമ്പന്നവിഭാഗത്തിനു മാത്രം ലഭ്യമാകുന്ന അവസ്ഥയിലായി. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ അനുവദിക്കുന്നു. ഉന്നതവിദ്യാഭ്യാസമേഖലയെ ലാഭംകൊയ്യാനുള്ള ഇടമാക്കി മാറ്റി. പതിനൊന്നാം പഞ്ചവത്സരപദ്ധതിമുതല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരട്ടിയിലധികമായി. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നവരില്‍ 58.9 ശതമാനവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 38.5 ശതമാനവും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2.6 ശതമാനവുംമാത്രം.

പാര്‍ലമെന്റ് മാര്‍ച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്യും.

deshabhimani

No comments:

Post a Comment