Tuesday, September 10, 2013

മുസാഫര്‍നഗര്‍ കലാപത്തിനുപിന്നില്‍ ആര്‍എസ്എസ്: സിപിഐ എം

മുസാഫര്‍നഗറിലെ കലാപത്തിനുപിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കലാപത്തില്‍ പിബി കടുത്ത ആശങ്ക രേഖപ്പെടുത്തി. കലാപത്തില്‍ ഇതുവരെ 28 പേര്‍ കൊല്ലപ്പെട്ടു, കുട്ടികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നുണ്ട്. പത്തുദിവസംമുമ്പ് നടന്ന നിസ്സാരസംഭവത്തിന്റെ പേരിലാണ് മുസാഫര്‍നഗറില്‍ കുഴപ്പമുണ്ടാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് ഈ അന്തരീക്ഷം ചൂഷണംചെയ്യാന്‍ വര്‍ഗീയവാദികളെ സഹായിച്ചത്. ഒരുവര്‍ഷമായി യുപിയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ വര്‍ഗീയസംഘര്‍ഷങ്ങള്‍ നടക്കുന്നു. സമയാസമയങ്ങളില്‍ ഇതൊക്കെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ല. അക്രമം അവസാനിപ്പിക്കാന്‍ കര്‍ശനനടപടികളെടുത്ത് കുറ്റവാളികളെയെല്ലാം അറസ്റ്റുചെയ്യണം. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കണം- പിബി പ്രസ്താവനയില്‍ പറഞ്ഞു.

മുസാഫര്‍നഗറിലെ കലാപത്തില്‍ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവും ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തെ വിളിച്ചുവരുത്തുന്ന അവസ്ഥ ഉണ്ടാകുംവരെ സര്‍ക്കാര്‍ നിഷ്ക്രിയത കാട്ടിയതാണ് കുഴപ്പങ്ങള്‍ വര്‍ധിക്കാന്‍ കാരണം. സംഘപരിവാര്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കേണ്ടിയിരുന്നു. ബിജെപിയുടെ ഉന്നതനേതാക്കളാണ് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കലാപത്തിന് ജനങ്ങളെ ഇളക്കിവിടുന്ന നേതാക്കള്‍ക്കും അക്രമം നടത്തുന്നവര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

കലാപം ബിജെപി തന്ത്രം; ലക്ഷ്യം തെരഞ്ഞെടുപ്പ്

ഉത്തര്‍പ്രദേശിലാകെ പടരാനിടയുള്ള വര്‍ഗീയകലാപത്തിന്റെ പ്രഭവകേന്ദ്രമായ മുസാഫര്‍നഗറിനെ ചോരക്കളമാക്കിയത് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ തന്ത്രം. പൂവാലശല്യത്തെതുടര്‍ന്നുണ്ടായ ചെറിയ കശപിശയാണ് പടിഞ്ഞാറന്‍ യുപിയുടെ സമീപകാല ചരിത്രത്തിലെങ്ങുമില്ലാത്തവിധമുള്ള കലാപത്തിലേക്ക് വളര്‍ന്നത്. മുസഫര്‍നഗര്‍ മാത്രമല്ല, സമീപജില്ലയായ ശാംലിയിലും കലാപം പടര്‍ന്നുകഴിഞ്ഞു. മീററ്റ്, ബാഗ്പെത്, ബുലന്ദ്ശഹര്‍, ഗാസിയാബാദ് ജില്ലകളിലേക്കും മുസഫര്‍നഗര്‍ കലാപത്തിന്റെ തുടര്‍ചലനങ്ങളുണ്ടാകുമെന്ന ആശങ്ക പടരുകയാണ്.

കവാല്‍ഗ്രാമത്തില്‍ മുസ്ലിങ്ങളും ജാട്ട് വിഭാഗക്കാരും തമ്മില്‍ തര്‍ക്കം തുടങ്ങിയത് ഒരു യുവതിയോട് ചെറുപ്പക്കാര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നാണ്. ആഗസ്ത് 26നായിരുന്നു സംഭവം. അപമാനിച്ചയാളെ യുവതിയുടെ രണ്ടു സഹോദരങ്ങള്‍ കൊലപ്പെടുത്തി. ഈ രണ്ടുപേരെയും മറുപക്ഷവും കൊന്നു. ഇതേത്തുടര്‍ന്ന് ജാട്ട് വിഭാഗക്കാര്‍ സംഘടിച്ചതോടെ അവരെ ഏറ്റെടുക്കാന്‍ ബിജെപി രംഗത്തുവന്നു. കര്‍ഷക നേതാവ് മഹേന്ദ്രസിങ് ടികായത്തിന്റെ മകനും എംഎല്‍എയുമായ രാകേഷ്സിങ് ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ ഈ ശ്രമത്തിന് ആക്കംകൂടി. സാധാരണഗതിയില്‍ രാഷ്ട്രീയനേതൃത്വത്തിനോ സമുദായനേതാക്കള്‍ക്കോ പരിഹരിക്കാവുന്ന പ്രശ്നം ബിജെപി ഏറ്റെടുത്തതോടെ വര്‍ഗീയകലാപത്തിലെത്തി. ജാട്ട് വിഭാഗക്കാരുടെ മഹാപഞ്ചായത്ത് എന്ന പേരില്‍ ബിജെപി വന്‍ പൊതുയോഗം സംഘടിപ്പിച്ചു. ബേട്ടി ബച്ചാവോ, ബഹു ബച്ചാവോ (മകളെ രക്ഷിക്കൂ, മരുമകളെ രക്ഷിക്കൂ) എന്ന പേരിട്ടായിരിുന്നു മഹാപഞ്ചായത്ത്. ബിജെപി നേതാക്കള്‍ വര്‍ഗീയവിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. ബിജെപി എംഎല്‍എ സംഗീത് സോമിന്റെ നേതൃത്വത്തില്‍ വിതരണംചെയ്യുകയും പിന്നീട് യുട്യൂബിലും സോഷ്യല്‍ വെബ്സൈറ്റുകളിലും പ്രചരിക്കുകയും ചെയ്ത വീഡിയോ കലാപം പടര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. മുസഫര്‍നഗറില്‍ നടന്നതെന്ന് പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ പാകിസ്ഥാനിലെ ചില സംഭവങ്ങളുടെ സിഡിയായിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

ഉത്തര്‍പ്രദേശില്‍ എസ്പി അധികാരത്തിലേറിയതോടെ ബിജെപി വ്യാപകമായ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ധ്രുവീകരണ ശ്രമങ്ങള്‍ക്ക് തീവ്രതകൂടി. അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദ് ജില്ലയിലും സമീപജില്ലകളിലും വിഎച്ച്പി സംഘടിപ്പിച്ച കോശി പരിക്രമ തടഞ്ഞ അഖിലേഷ് യാദവ് സര്‍ക്കാരിന്റെ നടപടിയും സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു. അതോടൊപ്പം അയോധ്യ പ്രസ്ഥാനത്തിന് പഴയപോലെ ജനപിന്തുണയില്ലെന്ന് ബോധ്യപ്പെട്ടതും ബിജെപിയെ പുതിയ കലാപസാധ്യതകളിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

വര്‍ഗീയകലാപം സമാജ്വാദി പാര്‍ടി സര്‍ക്കാരിനെ അസ്ഥിരമാക്കുമെന്നുറപ്പുള്ളതിനാല്‍ കോണ്‍ഗ്രസ് ബിജെപി ശ്രമങ്ങളെ എതിര്‍ത്തില്ല. സോണിയ ഗാന്ധിയുടെയും മകന്‍ രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളുള്ള യുപിയില്‍ എസ്പിയെ തകര്‍ക്കേണ്ടത് ബിജെപിയേക്കാളും കോണ്‍ഗ്രസിന്റെ ആവശ്യമാണ്. സമാജ്വാദി പാര്‍ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മുസ്ലിം-പിന്നോക്ക വിഭാഗങ്ങളെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് സംഘപരിവാര്‍ പയറ്റുന്നത്. സംസ്ഥാനത്ത് കൂടുതല്‍ കലാപങ്ങള്‍ക്ക് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി സമീപകാലത്ത് നടന്ന കലാപങ്ങളുടെ കണക്ക് ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതും സംഘപരിവാറിന് തുണയാവുകയായിരുന്നു.
(എന്‍ എസ് സജിത്)

deshabhimani

No comments:

Post a Comment