Wednesday, September 11, 2013

ഫണ്ട് കുറച്ചു; താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും

ദേശീയ ആരോഗ്യദൗത്യം പദ്ധതി പുനഃസംഘടിപ്പിച്ചതോടെ സംസ്ഥാനത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചു. എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം അടിയന്തരമായി വെട്ടിക്കുറയ്ക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റും.

പ്രതിവര്‍ഷം ശരാശരി 500 കോടിയോളം രൂപയാണ് ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ പ്രവര്‍ത്തനത്തിന് അനുവദിച്ചിരുന്നത്. പിന്നീട്, പദ്ധതിയുടെ പേരില്‍നിന്ന് "ഗ്രാമീണ" ഒഴിവാക്കി ദേശീയ ആരോഗ്യദൗത്യമെന്ന് ചുരുക്കി. ഈ വര്‍ഷം ഇതുവരെ 125 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. ആശുപത്രികളുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിനാണ് ഈ പദ്ധതിയില്‍ കോടികള്‍ അനുവദിക്കുന്നത്. എന്നാല്‍, അപ്രഖ്യാപിത നിയമന നിരോധം നിലനില്‍ക്കുന്ന ആരോഗ്യവകുപ്പിലെ നാലായിരത്തോളം താല്‍ക്കാലികമായി ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ മുതല്‍ തൂപ്പുകാര്‍ വരെയുള്ളവര്‍ക്ക് ശമ്പളം നല്‍കുന്നത് ദേശീയ ആരോഗ്യദൗത്യത്തിന്റെ ഫണ്ട് വകമാറ്റിയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്‍ആര്‍എച്ച്എം ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും നേട്ടമുണ്ടാക്കി. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ ദേശീയ ആരോഗ്യദൗത്യത്തിന്റെ ഫണ്ട് വകമാറ്റി ആരോഗ്യവകുപ്പിന്റെ മുഖം രക്ഷിക്കുകയായിരുന്നു. ഈ വര്‍ഷം ഫണ്ട് അനുവദിച്ചപ്പോള്‍ വിനിയോഗിക്കേണ്ട ആശുപത്രികളുടെ പേരുവിവരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിവരം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. കാര്യമായ പ്രയോജനമില്ലാത്ത പണച്ചെലവ് ഒഴിവാക്കാനാണ് ഈ നിര്‍ദേശം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന സാഹചര്യത്തില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരില്‍ ചിലരെ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടാന്‍ തുടങ്ങി. എന്നാല്‍, ആശുപത്രി വികസന സമിതികള്‍ നിയോഗിച്ച താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനാല്‍ പുതിയ നിര്‍ദേശം അവരെ ബാധിക്കില്ല. ഇതോടെ എയ്ഡ്സ് നിയന്ത്രണം, ക്ഷയരോഗ നിര്‍മാര്‍ജനം, കുഷ്ഠരോഗ നിവാരണം തുടങ്ങിയ പല ആരോഗ്യപദ്ധതികളുടെയും സ്തംഭനത്തിന് പുതിയ സാഹചര്യം വഴിയൊരുക്കും.
(സതീഷ്ഗോപി)

deshabhimani

No comments:

Post a Comment