വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ശുഭ്രപതാകയുമേന്തി രാജ്യതലസ്ഥാനത്ത് നടത്തിയ മാര്‍ച്ച് വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനെതിരെ ശക്തമായ താക്കീതായി.
മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുക, വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണം അവസാനിപ്പിക്കുക, ക്യാമ്പസുകളില്‍ ജനാധിപത്യ സംഘടനാ സ്വാതന്ത്ര്യം നിലനിര്‍ത്തുക എന്നീ സുപ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചു.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന 4, അശോകാ റോഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ജന്തര്‍മന്ദര്‍ റോഡ് വഴി ജന്തര്‍മന്ദറിനു മുന്നില്‍ സമാപിച്ചു. ഇവിടെ ചേര്‍ന്ന പൊതുയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ അധ്യക്ഷനായി.
വിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. വിദ്യാഭ്യാസം പൗരന്റെ ജന്മാവകാശമാണ്. എന്നാല്‍, രാജ്യത്ത് അത് നടപ്പാക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം അസാധ്യമാക്കി. എന്നാല്‍ കേന്ദ്രനയത്തിന് വിരുദ്ധമായി എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തിലേക്ക് ത്രിപുര മുന്നേറുകയാണ്. എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. എല്ലാ സബ് ഡിവിഷന്‍ കേന്ദ്രങ്ങളിലും കോളേജുകളുമുണ്ട്. എട്ട് ശതമാനംമാത്രമാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവ ഉദാരനയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥികളും സജീവമായി പങ്കെടുക്കണമെന്ന് മണിക് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭയ് മുഖര്‍ജി, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി സുനീത് ചോപ്ര എന്നിവരും സംസാരിച്ചു. പ്രസിഡന്റ് വി ശിവദാസന്‍, ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി, അഖിലേന്ത്യാ ഭാരവാഹികളായ ശതരൂപ് ഘോഷ്, പി പി ബിനേഷ്, ആബിദ് ഹുസൈന്‍, മധുജാ സെന്‍ റോയ്, കപില്‍ ഭരദ്വാജ്, ലക്ഷ്മണയ്യ, നൂര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment