മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും വലംകൈയുമായിരുന്നു എന്നും സലിംരാജ് എന്ന പൊലീസുകാരന്‍. സോളാര്‍ തട്ടിപ്പു കേസില്‍ മറ്റൊരു വിശ്വസ്തനായ ടെന്നി ജോപ്പനെ ബലി കൊടുത്തപ്പോഴും സലിംരാജിനെ ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കിണഞ്ഞുശ്രമിച്ചു. ജോപ്പനെപ്പോലെ കുറ്റംചെയ്തവരായിരുന്നു സലിംരാജും ജിക്കുമോനും തോമസ് കുരുവിളയും. വിവാദങ്ങളെത്തുടര്‍ന്ന് ഗണ്‍മാന്‍ സ്ഥാനത്തുനിന്ന് സലിംരാജിനെ മാറ്റിനിര്‍ത്തിയെന്ന് മുഖ്യമന്ത്രി ആദ്യം മാധ്യമങ്ങളെ അറിയിച്ചപ്പോഴും സലിംരാജ് ക്ലിഫ്ഹൗസില്‍ വിലസി. ഇത് വിവാദമായപ്പോഴാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനുശേഷമാണ് ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജിന്റെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സലിംരാജിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായതാകട്ടെ അഡ്വക്കറ്റ് ജനറലും. ഇത് ഭരണതലത്തിലുള്ള സ്വാധീനം വെളിപ്പെടുത്തുന്നു. ഒടുവില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോകവെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ പൊഴിഞ്ഞുവീണത് ഉമ്മന്‍ചാണ്ടിയുടെ മുഖമാണ്. കൂടെയുണ്ടായിരുന്നത് തട്ടിപ്പുകേസില്‍ പിടികിട്ടാപ്പുള്ളിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
സലിംരാജിന്റെ ഔദ്യോഗികജീവിതം ക്രിമിനല്‍ പശ്ചാത്തലം നിറഞ്ഞത്. പരിശീലനത്തിനുശേഷം 1995ല്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായി. അന്നവിടെ എസ്ഐയെ തല്ലി. കാര്‍ തകര്‍ത്തു. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, ഇടുക്കിയിലെ ഒരു ദൂതന്‍മുഖേന എത്തിയ സലിംരാജ് ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായി. അപ്പോഴും പഴയ കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് കുടുംബാംഗംപോലെയായി. സലിംരാജിനെ ഒരു കാരണവശാലും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്നു കാണിച്ച് മൂന്നുതവണ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് രണ്ടുതവണ അവഗണിച്ചു. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് നല്‍കി. ഒരാഴ്ച മാറ്റിനിര്‍ത്തിയെങ്കിലും അടുത്ത ദിവസം വീണ്ടും നിയമിച്ചു. തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍നിന്നുള്ള ഇരുനൂറോളം കുടുംബങ്ങളുടെ ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തെങ്കിലും അന്വേഷണം നടക്കുന്നില്ല. ഈ ഭൂമിയുടെ മാര്‍ക്കറ്റ് വില 200 കോടി കവിയും. ഈ ഭൂമി സലിംരാജും ഭൂമാഫിയയും ചേര്‍ന്ന് കൈക്കലാക്കിയെന്ന് റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. എറണാകുളം ഇടപ്പള്ളി പത്തടിപ്പാലം ചങ്ങമ്പുഴ നഗറില്‍ എഴുപത്താറുകാരിയായ ഷെരീഫയ്ക്കും കുടുംബത്തിനും പറയാനുള്ളതും സലിംരാജിന്റെ ഭൂമിതട്ടിപ്പിനെക്കുറിച്ച്. 25 കോടി മതിക്കുന്ന ഇവരുടെ കുടുംബസ്ഥലം തട്ടിയെടുക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ തൊട്ട് വില്ലേജ് ഓഫീസറെവരെ ഉപയോഗിച്ചു.
സ്റ്റേഷനില്‍ വിഐപി പരിഗണന; കുടിക്കാന്‍ ആപ്പിള്‍ ജ്യൂസ്
കോഴിക്കോട്: ക്വട്ടേഷന്‍ സംഘത്തോടൊപ്പം സമാന്തര പൊലീസ് ചമഞ്ഞ് എത്തി നാട്ടുകാരുടെ പിടിയിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന് പൊലീസ് സ്റ്റേഷനില്‍ വിഐപി പരിഗണന. പകല്‍ രണ്ടുമണിയോടെ ചേവായൂര്‍ പൊലീസ്സ്റ്റേഷനിലെത്തിയ സലീംരാജടക്കമുള്ളവരോട് മൃദുസമീപനമാണ് പൊലീസ് സ്വീകരിച്ചത്. കാര്യമായി ചോദ്യംചെയ്യലുണ്ടായില്ല. കുടിക്കാന്‍ ആപ്പിള്‍ ജ്യൂസ് അടക്കമുള്ള പാനീയങ്ങളും എത്തിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് കേസെടുക്കുന്നത് ഒഴിവാക്കാന്‍ ശ്രമമുണ്ടായി. മര്‍ദനത്തിന് വിധേയനായ പ്രസന്നന്റെ പരാതി ഒഴിവാക്കാനും പൊലീസ് ശ്രമിച്ചു. എന്നാല്‍ പരാതിയില്‍ പ്രസന്നന്‍ ഉറച്ചുനിന്നതോടെ ഗത്യന്തരമില്ലാതെ വൈകിട്ട് അഞ്ചരയോടെയാണ് കേസെടുത്തത്. പിടിയിലായ ജുനൈദ് യൂത്ത്കോണ്‍ഗ്രസ് ഓച്ചിറ മണ്ഡലം സെക്രട്ടറിയാണ്. ഇര്‍ഷാദ് കുലശേഖരപുരം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണെന്നാണ് വിവരം. തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളിയായ റിജോയും അടക്കം സംഘത്തിലുള്ളവര്‍ എല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
സലിം രാജിന്റെ കാറില്‍ പണം: അന്വേഷിക്കണം- പി സി ജോര്‍ജ്
റാന്നി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലാണോ പോകുന്നതെന്ന് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. അയാളെ പൊലീസ് പിടിച്ചെന്നും അപ്പോള്‍ കാറില്‍ നിറയെ പണം ഉണ്ടായിരുന്നെന്നും പറയുന്നത് കേട്ടു. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അഖില കേരള വിശ്വകര്‍മ സഭ ഋഷി പഞ്ചമിയോടനുബന്ധിച്ച് റാന്നിയില്‍ നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.സോളാര്‍ കേസിലെ അന്വേഷണം ശുഭകരമായല്ല പോകുന്നതെന്നും ജോര്‍ജ് പറഞ്ഞു.
സലിം രാജ്: സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പ്
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സര്‍ക്കാരിന് വ്യത്യസ്ത നിലപാടെന്ന് ഹൈക്കോടതി. സലിം രാജ് അടക്കമുള്ളവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് വി കെ മോഹനന്റെ നിരീക്ഷണം. മൊബൈല്‍ ഫോണ്‍ കമ്പനികളെ കക്ഷിചേര്‍ക്കാതെയാണ് ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചതെന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ വാദിച്ചതെന്നും എന്നാല്‍ മൊബൈല്‍ കമ്പനികളെ കക്ഷിചേര്‍ക്കാന്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ അതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണെന്നും ഹര്‍ജിഭാഗം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. അതേസമയം കോടതിയെ ഉപയോഗിച്ച് തെളിവുണ്ടാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവ് നേടാനാണ് ഹര്‍ജിക്കാരുടെ ശ്രമമെന്നും ഇത് നിയമപരമല്ലെന്നും അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. സലിം രാജ് വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച് പരാതികള്‍ അട്ടിമറിച്ചുവെന്നും ആരോപിച്ച് ഇടപ്പള്ളി സ്വദേശി ഷെരീഫയും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ ഓണാവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
deshabhimani
No comments:
Post a Comment