വൈദ്യുതി ബോര്‍ഡിന്റെ ലൈനുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് തുറന്നുകൊടുക്കാന്‍ റെഗുലേറ്ററി കമീഷന്റെ ഉത്തരവ്. ഇതു സംബന്ധിച്ച ചട്ടങ്ങള്‍ ലളിതമാക്കാന്‍ കമീഷന്‍ തീരുമാനിച്ചു. വൈദ്യുതി ബോര്‍ഡ് പണം മുടക്കി സ്ഥാപിച്ച ലൈനുകളുടെ നിയന്ത്രണം സ്വകാര്യ വ്യവസായികളുടെ പിടിയിലാവും. വൈദ്യുതി നിരക്ക് കുതിച്ചുയരാനും തീരുമാനം വഴിവയ്ക്കും. കേരളത്തിനു പുറത്തുനിന്ന് ആര്‍ക്കു വേണമെങ്കിലും വൈദ്യുതി എത്തിക്കുന്നതിനുള്ള സാഹചര്യം "വിവേചനരഹിതമായ തുറന്ന പാത" സമീപനത്തിലൂടെ കമീഷന്‍ ഒരുക്കി. 2005ല്‍ ഇതു സംബന്ധിച്ച് നിയമമുണ്ടാക്കിയെങ്കിലും ചട്ടങ്ങള്‍ കര്‍ക്കശമായതിനാല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ചട്ടങ്ങള്‍ ഇപ്പോള്‍ ലഘൂകരിച്ചിട്ടുള്ളത്. വാണിജ്യ, വ്യാവസായിക ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും പുതിയ തീരുമാനത്തിന്റെ നേട്ടമെന്ന് കമീഷന്‍തന്നെ പറയുന്നുണ്ട്. വൈദ്യുതി വ്യാപാരികളുമായി ബന്ധപ്പെട്ടും പവര്‍ എക്സ്ചേഞ്ചിലെ ദര്‍ഘാസില്‍ പങ്കെടുത്തും ലാഭത്തില്‍ വൈദ്യുതി വാങ്ങി കേരളത്തിലേക്കു കൊണ്ടുവരാന്‍ സാധാരണ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു സാധിക്കില്ല. വന്‍കിടക്കാര്‍ക്ക് യഥേഷ്ടം വൈദ്യുതി കൊണ്ടുവരാനും കഴിയും. നിശ്ചിത തുക വാടകയും ക്രോസ് സബ്സിഡി സര്‍ച്ചാര്‍ജും ഈടാക്കിയായിരിക്കും ബോര്‍ഡിന്റെ ലൈന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുക. വന്‍കിടക്കാരില്‍നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്ന ക്രോസ് സബ്സിഡി സംവിധാനത്തെ ഓപ്പണ്‍ ആക്സസ് സാരമായി ബാധിക്കും. ഇതൊഴിവാക്കാനാണ് ക്രോസ് സബ്സിഡി സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയത്.
എന്നാല്‍, കഴിഞ്ഞ മെയ് ഒന്നിന് വൈദ്യുതി നിരക്ക് പരിഷ്കരിച്ചപ്പോള്‍ ഭൂരിപക്ഷം വന്‍കിടക്കാരുടെയും ക്രോസ് സബ്സിഡി സര്‍ച്ചാര്‍ജ് കമീഷന്‍ പൂജ്യം പൈസയാക്കിയിരിക്കുകയാണ്. ഒരു മാസത്തെ ഹ്രസ്വകാലം, മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള മധ്യകാലം, 12 വര്‍ഷത്തിലേറെയുള്ള ദീര്‍ഘകാലം എന്നിങ്ങനെ മൂന്നു തട്ടുകളിലാണ് ഓപ്പണ്‍ ആക്സസ് അനുവദിക്കുക. സംസ്ഥാനത്ത് പവര്‍ കട്ട് ഏര്‍പ്പെടുത്തുമ്പോള്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവന്ന് അത് മറികടക്കാന്‍ ഇതിലൂടെ വന്‍കിടക്കാര്‍ക്ക് സാധിക്കും. എന്നാല്‍, വന്‍കിടക്കാര്‍ ലൈന്‍ സ്വന്തമാക്കുന്നതോടെ സാധാരണക്കാര്‍ക്ക് വൈദ്യുതി എത്തിക്കാനുള്ള കെഎസ്ഇബിയുടെ അവസരമാണ് നഷ്ടമാകുക. ഗാര്‍ഹിക ഉപയോക്താക്കള്‍ കൂടുതല്‍ വൈദ്യുതി നിയന്ത്രണം നേരിടേണ്ടി വരും.60 ദിവസത്തിനകം ഓപ്പണ്‍ ആക്സസ് പ്രാവര്‍ത്തികമാക്കണമെന്നാണ് കെഎസ്ഇബിയോട് കമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
deshabhimani
No comments:
Post a Comment