Friday, September 13, 2013

സിറിയയെ തൊടരുത്: അമേരിക്കന്‍സെന്ററിലേക്ക് ഇടതുമുന്നണി മാര്‍ച്ച്

"സിറിയയെ തൊടരുതെന്ന്" അമേരിക്കയോട് ആവശ്യപ്പെട്ട് നൂറുകണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീപാര്‍ടികള്‍ നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ സമാധാനപ്രേമികളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാന പ്രവര്‍ത്തകരും പങ്കെടുത്തു.

അമേരിക്കയും കൂട്ടാളികളും സിറിയയെ ആക്രമിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയുക, ലോകത്തെ വീണ്ടും യുദ്ധക്കളമാക്കരുത്, അമേരിക്കയുടെ യുദ്ധക്കൊതി ലോകത്തിന് ആപത്ത് എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു മാര്‍ച്ച്. മണ്ഡി ഹൗസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ബാരക്കമ്പ റോഡ്, ഹെയ്ലി റോഡ് വഴി കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ കെ പത്മനാഭന്‍, സിപിഐ നേതാവ് ഡി രാജാ എംപി, ആര്‍എസ്പി നേതാവ് അബനി റോയ്, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍, സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം ജൊഗേന്ദര്‍ ശര്‍മ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കസ്തൂര്‍ബാ ഗാന്ധി മാര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ നേതാവ് എ ബി ബര്‍ധന്‍, എ കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അമേരിക്കയുടെ യുദ്ധക്കൊതിക്ക് എതിരാണെന്നും ചുവരെഴുത്ത് വായിക്കാന്‍ അമേരിക്ക തയ്യാറാകണമെന്നും ബര്‍ധന്‍ പറഞ്ഞു. അമേരിക്കയുടെ യുദ്ധ ശ്രമങ്ങള്‍ക്കെതിരെ ലോക മനഃസാക്ഷി ഉണര്‍ന്നുകഴിഞ്ഞെന്ന് എ കെ പത്മനാഭന്‍ പറഞ്ഞു. സ്വന്തം നാട്ടിലെ ജനങ്ങളും ഒബാമയുടെ യുദ്ധക്കൊതിക്ക് എതിരാണ്. ഓരോ രാജ്യത്തും ആര് ഭരിക്കണമെന്നും തങ്ങളുടെ ഭാവി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം അതത് രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ്. അതില്‍ അനാവശ്യമായി ഇടപെടാനും ആക്രമിക്കാനുമുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ തനി ധിക്കാരമാണെന്നും എ കെ പി പറഞ്ഞു.
(വി ജയിന്‍)

deshabhimani

No comments:

Post a Comment