Friday, September 13, 2013

യു.ഡി.എഫ് കാലത്തെ ഓണവിശേഷങ്ങള്‍


തൊഴിലുറപ്പുകാര്‍ക്ക് ഓണക്കോടി: സര്‍ക്കാര്‍ കൈയൊഴിഞ്ഞു

ആലപ്പുഴ: നൂറു തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണപ്പുടവ നല്‍കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പദ്ധതി പാതിവഴിക്ക് ഉപേക്ഷിച്ച യുഡിഎഫ് സര്‍ക്കാര്‍ ആ ഭാരം പഞ്ചായത്തുകളുടെ തലയില്‍ കെട്ടിവെച്ചു. ഓണക്കോടിക്ക് പകരം പഞ്ചായത്തുകളുടെ തൊഴിലുറപ്പു പദ്ധതി അക്കൗണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ 400 രൂപ വീതം നല്‍കാനാണ് സര്‍ക്കാര്‍ അവസാനനിമിഷം ഉത്തരവിട്ടത്. തൊഴിലുറപ്പുകാര്‍ക്ക് കൂലി നല്‍കാന്‍ പോലും അക്കൗണ്ടില്‍ പണമില്ലാതെ കുഴങ്ങുന്ന പഞ്ചായത്തുകള്‍ക്ക് കനത്ത ബാധ്യതയാണ് ഈ തീരുമാനം ഉണ്ടാക്കുക. തൊഴിലുറപ്പ് പദ്ധതി ഫണ്ടില്‍ പണമില്ലാത്ത പഞ്ചായത്തുകള്‍ ഈ തുക തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കേണ്ടി വരും. തനതുഫണ്ടുമില്ലാതെ വലയുന്ന ഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും ഈ തുക വിതരണം ചെയ്യാനാവില്ല.

കഴിഞ്ഞ ഓണക്കാലത്ത് തൊഴിലുറപ്പുകാര്‍ക്ക് 1000 രൂപ വീതം ഇത്തരത്തില്‍ വിതരണം ചെയ്തിരുന്നു. ഈ തുക പൂര്‍ണമായി സര്‍ക്കാര്‍ തിരിച്ചു നല്‍കിയിട്ടില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ത്യാഗരാജന്‍ പറഞ്ഞു. നൂറു തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഓണപ്പുടവ നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. 400 രൂപ വിലയുള്ള ഓണക്കോടിക്കായി ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. ഇത് നടപ്പാക്കുന്നതിലുണ്ടായ പാളിച്ച മറക്കാന്‍ അവസാന നിമിഷം തുക പഞ്ചായത്തുകള്‍ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. പഞ്ചായത്തുകളില്‍ ഓണക്കാലത്ത് തൊഴില്‍രഹിത വേതനമടക്കമുള്ള ക്ഷേമആനുകൂല്യങ്ങള്‍ നല്‍കുന്ന തിരക്കാണ്. ഇതിനിടയില്‍ തൊഴിലാളികള്‍ക്ക് 400 രൂപ വീതമുള്ള ചെക്ക് വിതരണം ചെയ്യണമെന്ന നിര്‍ദേശം അധികഭാരമാകും. ഒരു പഞ്ചായത്തില്‍ 1000 മുതല്‍ 1500 വരെ തൊഴിലാളികള്‍ നൂറുദിവസം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത്രയും പേര്‍ക്ക് ചെക്ക് എഴുതി നല്‍കാന്‍ വെള്ളിയാഴ്ച ഒരു ദിവസമാണുള്ളത്. അതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും തുക ഓണത്തിന് കിട്ടില്ല. ആലപ്പുഴ ജില്ലയില്‍ മാത്രം 100 ദിവസം പൂര്‍ത്തീകരിച്ച 36718 തൊഴിലാളികളുണ്ട്. ചെയ്ത ജോലിയുടെ കൂലിയും ഇതുവരെ തൊഴിലാളികള്‍ക്ക് പൂര്‍ണമായി നല്‍കിയിട്ടില്ല. ആലപ്പുഴ ജില്ലയില്‍ രണ്ടരക്കോടി രൂപയാണ് കൂലി ഇനത്തില്‍ കുടിശിക.
(ഡി ദിലീപ്)

കേന്ദ്ര പ്രഖ്യാപനം കടലാസില്‍; റേഷന്‍കടകളില്‍ "ജയ"എത്തിയില്ല

കൊച്ചി: ഓണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നു പ്രഖ്യാപിച്ച ജയ അരി ഇനിയും റേഷന്‍കടകളില്‍ എത്തിയില്ല. പൊതുവിപണിയില്‍ കിലോയ്ക്ക് 32 രൂപവരെ വിലയുള്ള അരി കിലോഗ്രാമിന് 21 രൂപയ്ക്ക് വില്‍ക്കാനാണ് കേന്ദ്രം അനുവദിച്ചത്. ഇതിനായി 50,000 ടണ്‍ അരി കേരളത്തിലെ എഫ്സിഐ ഗോഡൗണുകളില്‍ എത്തിയിട്ടുമുണ്ട്. ഇത് ഏറ്റെടുത്ത് റേഷന്‍കടകളിലെത്തിക്കേണ്ട സിവില്‍ സപ്ലൈസ് വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. എഫ്സിഐയുടെ കൊച്ചി ഐലന്‍ഡ് ഡിപ്പോയില്‍ 2500 ടണ്‍ അരിയാണ് എത്തിയിട്ടുള്ളത്. അരി വിതരണത്തിന് എടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നാണ് വിശദീകരണം. അതും ഐലന്‍ഡ് ഡിപ്പോയില്‍നിന്ന് അരിയെടുക്കുന്ന റേഷന്‍വ്യാപാരികള്‍ക്കേ നല്‍കൂ. അതുകൊണ്ടുതന്നെ മുഴുവന്‍ വ്യാപാരികള്‍ക്കും ഈ അരി ലഭിക്കാനിടയില്ല.

എഫ്സിഐ ഗോഡൗണുകളില്‍ ഇങ്ങനെ കെട്ടിക്കിടക്കുന്ന അരി പിന്നീട് മൊത്തവ്യാപാരികള്‍ക്ക് മറിച്ചുകൊടുക്കാന്‍ നീക്കമുള്ളതായും സൂചനയുണ്ട്. സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി നല്‍കുന്ന മില്ലുടമകളും ഈ കച്ചവടത്തില്‍ പങ്കുവഹിക്കുന്നു. സര്‍ക്കാര്‍ നേരിട്ടു സംഭരിച്ച ഗുണനിലവാരമുള്ള നെല്ല് ബ്രാന്‍ഡഡ് അരിയാക്കി സ്വകാര്യ മില്ലുടമകള്‍ വിപണിയിലിറക്കും. പകരം സര്‍ക്കാരിലേക്ക് തിരിച്ചു കൊടുക്കുന്നത് എഫ്സിഐയുടെ ഗോഡൗണുകളില്‍നിന്ന് വാങ്ങുന്ന ഗുണനിലവാരമില്ലാത്ത അരിയാണ്. പുഴുക്കലരി മായംചേര്‍ത്ത് മട്ട അരിയാണെന്നു പ്രചരിപ്പിച്ചും റേഷന്‍കടകളിലൂടെ വിതരണംചെയ്യുന്നുണ്ട്. എറണാകുളം ജില്ലയിലെ എരൂര്‍ പിഡിഎസ് ഡിപ്പോയ്ക്കു കീഴില്‍ ഇത്തരം വ്യാജ മട്ടഅരിയാണ് വന്‍തോതില്‍ വിതരണം ചെയ്തിട്ടുള്ളത്. മന്ത്രി അനൂപ് ജേക്കബിന്റെ മണ്ഡലത്തിലുള്‍പ്പെടുന്ന തിരുവാങ്കുളം, ചോറ്റാനിക്കര തുടങ്ങിയ പ്രദേശങ്ങളിലെ റേഷന്‍കടകളിലും വ്യാജമട്ട വിതരണത്തിന് എത്തിച്ചിട്ടുണ്ട്. ഇതിനെതിരെ നാട്ടുകാരും റേഷന്‍കടയുടമകളും മന്ത്രിക്ക് പരാതി നല്‍കി. പരാതിയിന്മേല്‍ സിവില്‍സപ്ലൈസ് അധികാരികര്‍ നിലവാരമുള്ള വെള്ള മട്ട അരിയാണെന്നാണ് സര്‍ട്ടിഫൈ ചെയ്തത്. എന്നാല്‍ സംസ്ഥാനത്തെവിടെയും വെള്ള മട്ട കൃഷിചെയ്യുന്നില്ലെന്നാണ് യാഥാര്‍ഥ്യം.

ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുളള പതിവ് റേഷന്‍പോലും ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും റേഷന്‍കടകളില്‍ എത്തിയിട്ടില്ല. എപിഎലുകാര്‍ക്കുള്ള 25 കിലോ അരിയും എത്തിയിട്ടില്ല. 400 എപിഎല്‍ കാര്‍ഡുള്ള ഒരു റേഷന്‍കടയില്‍ 25 കിലോ എപിഎല്‍ അരി വിതരണത്തിന് ശരാശരി 10 ക്വിന്റല്‍ അരി വേണം. ഈ മാസം ഇതിനകം വന്നതാകട്ടെ ഒരു ക്വിന്റല്‍ മാത്രവും. കഴിഞ്ഞ ഓണക്കാലത്ത് വിതരണംചെയ്യാന്‍ അനുവദിച്ച തുള്‍പ്പെടെ 60,000 ടണ്‍ അരി മൊത്തവ്യാപാരശാലകളിലും എഫ്സിഐ ഗോഡൗണുകളിലും കെട്ടിക്കിടക്കുന്നതായാണ് കണക്ക്. 16.50 രൂപ നിരക്കില്‍ 10 കിലോ അരി വിതരണംചെയ്യാനാണ് അന്ന് ഉത്തരവിറക്കിയത്. പിന്നീട് വില 20.50 രൂപയും ഗോതമ്പ് വില 17 രൂപയായും വര്‍ധിപ്പിച്ചു. ഈ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യുന്നതില്‍ ആക്ഷേപം ഉയര്‍ന്നതോടെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിതരണം നിര്‍ത്തിവയ്ക്കണമെന്ന് 2013 മാര്‍ച്ച് 14ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിട്ടു. ഇതോടെയാണ് ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയത്.
(ഇ പി വിനയകൃഷ്ണന്‍)

ആദിവാസികള്‍ക്ക് ഓണത്തിന് പുഴുവരിച്ച അരി

കല്‍പ്പറ്റ: ഓണക്കാലത്ത് വയനാട്ടിലെ ആദിവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റ് കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യാനെത്തിച്ചത് പുഴുത്ത അരി. മീനങ്ങാടി എഫ്സിഐ ഗോഡൗണില്‍ എഫ്സിഐ ഗുണനിലവാര അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അളകസ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയിരം മെട്രിക് ടണ്ണിലധികം ഭക്ഷ്യയോഗ്യമല്ലാത്ത അരി കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും ബിപിഎല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും സബ്സിഡി കാര്‍ഡുടമകള്‍ക്കും വിതരണം ചെയ്യേണ്ട അരിയാണിത്. 2000 ചാക്കോളം അരിയാണ് പുഴുവരിച്ച നിലയില്‍ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നത്. ബുധനാഴ്ച ജില്ലാ സപ്ലെ ഓഫീസര്‍ എ വി ശശിധരക്കുറുപ്പ്, ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ഡേവിഡ്, എഫ്സിഐ ഡിപ്പോ മാനേജര്‍ ജോണ്‍സണ്‍ ജോണ്‍,വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികളായ പി ടി ഉലഹന്നാന്‍, സജി കാവനാക്കുടി, വി എം വിശ്വനാഥന്‍, സെയ്തലവിഹാജി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധിച്ച ഭൂരിഭാഗം ചാക്കുകളിലും പുഴുക്കൂടുണ്ടായിരുന്നു. പുഴുക്കൂട് നീക്കി വൃത്തിയാക്കിയതിനുശേഷം വിതരണം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ നിലവിലുള്ള എല്ലാ ചാക്കുകളും തുറന്ന് അരി മുഴുവനായും വൃത്തിയാക്കുക പ്രായോഗികമാവില്ല.

തിങ്കളാഴ്ച കോഴിക്കോട് എഫ്സിഐ ഗോഡൗണില്‍നിന്ന് എത്തിച്ച 140 ലോഡ് അരി ഇറക്കിയ തൊഴിലാളികള്‍ക്ക് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് സംഭവം വിവാദമായത്. തുടര്‍ന്ന് തൊഴിലാളികള്‍ ലോഡിറക്കുന്നത് നിര്‍ത്തിവെച്ച് നാട്ടുകാരെ വിവരം അറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ജനപ്രതിനിധികളും സ്ഥലത്തെത്തി. പ്രശ്നം രൂക്ഷമായതോടെ 19 ലോഡ് അരി തിരിച്ചയച്ചു. ഇതേതുടര്‍ന്നാണ് എഫ്സിഐയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ജനറല്‍ മാനേജര്‍ പരിശോധന നടത്തിയത്.

കയര്‍ത്തൊഴിലാളികളെ ഓണത്തിന് പട്ടിണിക്കിടരുത്: ആനത്തലവട്ടം

ഓണക്കാലത്ത് കയര്‍ത്തൊഴിലാളികള്‍ പട്ടിണികിടക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി എടുക്കണമെന്ന് കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആറുമാസത്തെ പെന്‍ഷന്‍ നല്‍കാനുള്ളതില്‍ മൂന്നുമാസത്തേത് നല്‍കാന്‍ തീരുമാനിച്ചെങ്കിലും അത് ഓണത്തിനുമുമ്പ് കയര്‍ത്തൊഴിലാളികള്‍ക്ക് കിട്ടാനിടയില്ല. ബാങ്കിലേക്ക് അയച്ചെന്ന് ക്ഷേമനിധി ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും ബാങ്കില്‍ പണമെത്തിയിട്ടില്ല. വരുമാന ഉറപ്പ് പദ്ധതിയുള്‍പ്പെടെ 260 രൂപയാണ് കയര്‍ത്തൊഴിലാളികളുടെ കൂലി. ഇതില്‍ 110 രൂപ സര്‍ക്കാര്‍വിഹിതമാണ്. ആകെ കൂലിക്ക് ബോണസ് ലഭിക്കേണ്ട തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍വിഹിതമായ 110 രൂപയ്ക്ക് ബോണസ് നിഷേധിച്ചിരിക്കുകയാണ്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ സംഘങ്ങള്‍ക്ക് ബോണസ് കൊടുക്കാന്‍ കഴിയുന്നില്ല.

പ്രൈമറിസംഘങ്ങള്‍ കയര്‍ നല്‍കിയ വകയില്‍ മൂന്നുകോടിയില്‍പ്പരം രൂപ കയര്‍ഫെഡ് കൊടുക്കാനുണ്ട്. ഓണത്തിന് കൂലിയും ബോണസും തൊഴിലാളികള്‍ക്ക് ലഭിക്കണമെങ്കില്‍ സംഘങ്ങളുടെ കൈയില്‍ സ്റ്റോക്കിരിപ്പുള്ള കയറിനുള്ള വിലയും കുടിശ്ശിക സംഖ്യയും നല്‍കിയാലേ സാധിക്കൂ. അഞ്ചുകോടി രൂപ കയര്‍ഫെഡിന് നല്‍കുന്നതായി കയര്‍മന്ത്രി യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. കയര്‍ത്തൊഴിലാളികളും കുടുംബവും തിരുവോണത്തിനും പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ഓണം ആഘോഷിക്കാന്‍ കയര്‍ കോര്‍പറേഷന്റെ മേധാവികള്‍ ബ്രസീലിലും മന്ത്രിയും പരിവാരങ്ങളും വിദേശത്തുമാണ്- ആനത്തലവട്ടം പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment