Friday, September 13, 2013

സലിം രാജിനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട് യുവാവിനെ മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തന്റെ മുന്‍ ഗണ്‍മാന്‍ സലിം രാജിന് ഒരു സംരക്ഷണവും നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അതില്‍ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ ഒരു വീഴ്ചയും പറ്റിയിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തനാണ്. കേസില്‍ കള്ളസാക്ഷികളെ പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ അന്തിമ വിധി വന്നതിന് ശേഷം കൂടുതല്‍ വിശകലനങ്ങളിലേക്ക് കടക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

ശബരിമല റോഡ് അറ്റകുറ്റപ്പണിയ്ക്കായി 155.89 കോടി രൂപ അനുവദിച്ചു. മലപ്പുറം, കോഴിക്കോട് വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് പഠിച്ച് അപകടം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറാന്‍ ടി കെ ചന്ദ്രശേഖര ദാസിനെ കമ്മീഷനായി നിയമിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് ആറ് മാസത്തിനകം നല്‍കണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ട് വീതം നീര ഉല്‍പ്പാദ യൂണിറ്റുകളും മറ്റ് ജില്ലകളില്‍ ഓരോ യൂണിറ്റും തുടങ്ങാന്‍ തീരുമാനിച്ചു. ഒരു യൂണിറ്റില്‍ ആയിരം തെങ്ങുകളാണ് ഉണ്ടാകുക. യൂണിറ്റുകളുടെ പ്രവര്‍ത്തനം പഠിച്ച ശേഷം കൂടുതല്‍ നടപടിയെടുക്കും.

പെരിന്തല്‍ മണ്ണയ്ക്കടുത്തുണ്ടായ ബസപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവരുടെ ചികില്‍സ ചെലവ് സര്‍ക്കാര്‍ വഹിക്കും.

സരിതയ്ക്കും ബിജുവിനും സുഖവാസം; നടപടി വിവാദത്തില്‍

കാഞ്ഞങ്ങാട്: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കും പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസില്‍ സുഖവാസമൊരുക്കിയത് വിവാദമാകുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാനായി എത്തിച്ച റിമാന്‍ഡ് പ്രതികളായ സരിതയെയും ബിജുവിനെയും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഗസ്റ്റ് ഹൗസില്‍ എത്തിച്ചത്. സാധാരണയായി റിമാന്‍ഡ് പ്രതികളെ സബ്ജയിലിലാണ് എത്തിക്കാറുള്ളത്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് ഇരുവര്‍ക്കും ഗസ്റ്റ് ഹൗസില്‍ എല്ലാ സൗകര്യങ്ങളുംപൊലീസ് ഒരുക്കിക്കൊടുത്തത്. സരിതയ്ക്കും ബിജുവിനും ഗസ്റ്റ് ഹൗസില്‍ എല്ലാ സൗകര്യവുമൊരുക്കിയതറിഞ്ഞ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇരുവരേയും ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് കോടതിയിലെത്തിക്കുകയുമായിരുന്നു. അതേസമയം സരിതയുടെയും ബിജുവിന്റെയും റിമാന്‍ഡ് കാലാവധി 26വരെ ഹോസ്ദുര്‍ഗ് കോടതി നീട്ടി.

deshabhimani

No comments:

Post a Comment