പരാമര്‍ശങ്ങള്‍ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ കഴിവും യോഗ്യതയും മാനദണ്ഡമാക്കണമെന്ന് സര്‍ക്കാരിന് താക്കീതുനല്‍കുക മാത്രമാണ് ചെയ്തതെന്നും ജസ്റ്റിസ് വ്യക്തമാക്കി. സര്‍ക്കാര്‍ കഴിവുള്ളവരെ നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നില്ല. സര്‍ക്കാര്‍ കേസുകള്‍ പരാജയപ്പെടുന്നത് യോഗ്യതയില്ലാത്തവര്‍ നിയമിക്കപ്പെടുന്നതിനാലാണ്. പൊതുഖജനാവില്‍നിന്ന് വന്‍ തുകയാണ് ശമ്പളയിനത്തില്‍ ചെലവാകുന്നത്. അതിനാല്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കേസ് നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് പരാമര്‍ശം നടത്തിയത്. എന്നാല്‍, കോടതി നിരീക്ഷണങ്ങള്‍ നീക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ ഹര്‍ജിയില്‍ ന്യായാധിപനെതിരായ ആരോപണങ്ങളാണ് ഉള്ളതെന്നും കോടതി വിലയിരുത്തി.
ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ഡിവിഷന്‍ ബെഞ്ചും കുറ്റപ്പെടുത്തി. ദിനംപ്രതി ഇക്കാര്യം ആവര്‍ത്തിച്ച് പരാമര്‍ശിച്ചിട്ടും കാര്യമായ മാറ്റമില്ലെന്ന് ജസ്റ്റിസുമാരായ എസ് സിരിജഗന്‍, കെ രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഹാറൂണ്‍ റഷീദ് സര്‍ക്കാര്‍ അഭിഭാഷകരെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളോട് പൂര്‍ണ യോജിപ്പാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്: ഹൈക്കോടതി
കൊച്ചി: സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സര്‍വകലാശാലകള്‍ സ്വയംഭരണാവകാശമുള്ള പ്രത്യേക സ്ഥാപനമാണെന്ന് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ ചൂണ്ടിക്കാട്ടി. എംജി സര്‍വകലാശാലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച സിന്‍ഡിക്കറ്റ് നടപടി റദ്ദാക്കാനുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി നിയമപരല്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. സര്‍വകലാശാലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചത് റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍വകലാശാലയ്ക്കുള്ള ഗ്രാന്റ് തടഞ്ഞ സര്‍ക്കാര്‍ നടപടി ജീവനക്കാരുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. പുതിയ തസ്തികകള്‍ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചാന്‍സലര്‍ രണ്ടുമാസത്തിനകം തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ സ്വയംഭരണാവകാശങ്ങളില്‍ സര്‍ക്കാര്‍ കടന്നുകയറുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. എന്നാല്‍ സിന്‍ഡിക്കറ്റ് നടപടി നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സര്‍വകലാശാലയില്‍ 48 പുതിയ തസ്തിക സൃഷ്ടിച്ച സിന്‍ഡിക്കറ്റ് തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെടാന്‍ ഉന്നത വിദ്യാഭ്യാസസെക്രട്ടറിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അസോസിയേഷന്‍ സെക്രട്ടറിയുടെ ഹര്‍ജി.
deshabhimani
No comments:
Post a Comment