Friday, September 13, 2013

പുരാതന ഗ്രന്ഥങ്ങള്‍ വിക്കി പീഡിയയില്‍ ലഭ്യമാക്കാന്‍ നടപടി


കൊച്ചി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലയാളപുസ്തകങ്ങളുടെ ഡിജിറ്റല്‍ രൂപം മലയാളം വിക്കിപീഡിയയില്‍ ലഭ്യമാക്കി വായനയ്ക്ക് പുതുചരിത്രമെഴുതി. ജര്‍മ്മനിയിലെ തുമ്പിങ്ങന്‍ സര്‍വ്വകലാശാലയുടെ ഗുണ്ടര്‍ട്ട് പഠനകേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന മലയാളം പുസ്തകങ്ങളുടെ ഡിജിറ്റല്‍ രൂപം സര്‍വ്വകലാശാലയുടെ പ്രതിനിധി ഹൈക്കെ മെസര്‍ മലയാളം വിക്കി ഗ്രന്ഥാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ മനോജിന് കൈമാറിയതോടെയാണ് വായനയുടെ ലോകത്ത് ചരിത്രം പിറന്നത്.                        

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തില്‍ നിന്ന് തിരികെ പോയപ്പോള്‍ കൊണ്ടുപോയ മലയാളത്തിലെ 1000 പഴഞ്ചൊല്ലുകള്‍, പഴഞ്ചൊല്‍ മഴ എന്നീ പുസ്തകങ്ങളുടെ സ്‌കാന്‍ ചെയ്ത ഫോര്‍മാറ്റാണ് കൈമാറിയത്. ജര്‍മ്മനിയിലെ സര്‍വ്വകലാശാലയില്‍ നിന്നുള്ള കാറ്റലോഗ് അനുസരിച്ച് 150 ഓളം മലയാളം പുസ്തകങ്ങള്‍ ഗുണ്ടര്‍ട്ട് പഠന കേന്ദ്രത്തില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിട്ടുണ്ട്. ഇവയുടെ ഡിജിറ്റല്‍ ഫോര്‍മാറ്റ് നല്‍കുന്നതിനെക്കുറിച്ച് ചടങ്ങില്‍ ചര്‍ച്ച ചെയ്തു. 'ഗുണ്ടര്‍ട്ട് എന്ന ഇതിഹാസം' എന്ന പേരില്‍ പദ്ധതി തയ്യാറാക്കി ട്യുംബിങെന്‍ സര്‍വ്വകലാശാലയ്ക്ക് ഡിസംബറില്‍ സമര്‍പ്പിക്കാനും ധാരണയായി. ഇതിനുശേഷം മറ്റു പുസ്തകങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കും.

കേരള പ്രസ് അക്കാദമിയില്‍ നടത്തിയ ചടങ്ങില്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെക്കുറിച്ച് പഠനം നടത്തുന്ന ഡോ. സ്‌ക്കറിയ സക്കറിയ ഗുണ്ടര്‍ട്ടിന്റെ പുസ്തകശേഖരത്തെക്കുറിച്ച് സംസാരിച്ചു. സ്‌ക്കറിയ സക്കറിയയുടെ ലേഖനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനും കൊടുങ്ങല്ലൂര്‍ കൊട്ടാരത്തിലെ പഴയ ഗ്രന്ഥങ്ങളും പുസ്തകങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കാനും ധാരണയായി.
ഡോ. സ്‌ക്കറിയ സക്കറിയ അധ്യക്ഷനായി. മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തകരായ ഡോ. അജയ്, കെ വി അനില്‍കുമാര്‍, വിശ്വപ്രഭ, അശോകന്‍ ഞാറയ്ക്കല്‍, കണ്ണന്‍ ഷണ്‍മുഖം, എന്നിവര്‍ സംസാരിച്ചു.

janayugom

No comments:

Post a Comment