Friday, September 13, 2013

യുഡിഎഫിന്റേത് കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സമീപനം: പി രാജീവ്

വൈക്കം: പൊതുമേഖലാ വ്യവസായങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ശക്തമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണ് കേരളത്തിലെ ഭരണാധികാരികളെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി രാജീവ് എംപി പറഞ്ഞു. കെഎസ്ആര്‍ടിഇഎ(സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "പൊതുമേഖലയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി നിലനില്‍ക്കുന്നത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഫലമായാണ്. അന്ന് ഓരോ വര്‍ഷവും ആയിരം പുതിയ ബസുകള്‍ നിരത്തിലിറക്കിയിരുന്നു. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ യാഥാര്‍ഥ്യം മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് വിലവര്‍ധിപ്പിക്കാന്‍ അധികാരം നല്‍കിയതും കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് ഇടയാക്കി- രാജീവ് പറഞ്ഞു. വൈക്കം മുന്‍സിപ്പില്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ഗണേശന്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷന്‍ വൈക്കം യൂണിറ്റ് സെക്രട്ടറി ടി ബി ബിനോയ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി നെല്‍സണ്‍ തോമസ് നന്ദിയും പറഞ്ഞു.

സുന്ദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ നാശം: കെ കെ ദിവാകരന്‍

പാലാ: പൊതുഗതാഗത രംഗത്ത് അനധികൃത സര്‍വീസുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടികളെ പിന്താങ്ങുന്ന സുന്ദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിയുടെ സര്‍വനാശം സംഭവിക്കുമെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ് പ്രസിഡന്റ് കെ കെ ദിവാകരന്‍ പറഞ്ഞു. കെഎസ്ആര്‍ടിഇഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "രണ്ടുപതിറ്റാണ്ടിലെ നവലിബറല്‍ അനുഭവങ്ങളും കെഎസ്ആര്‍ടിസി മുതല്‍ ഇന്ത്യന്‍ റുപ്പി വരെ" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓട്ടോറിക്ഷകള്‍ക്കുവരെ സ്റ്റേജ് ടാക്സി സര്‍വീസിനുള്ള അനുമതി നല്‍കാനാണ് സുന്ദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള അനധികൃത സര്‍വീസുകള്‍ വ്യാപകമാകുന്നതോടൊപ്പം നിയമവിരുദ്ധമായ ഇത്തരം സ്വകാര്യ സര്‍വീസുകള്‍ക്ക് നിയമപ്രാബല്യം നല്‍കുന്ന നയമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസിയെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നത്- ദിവാകരന്‍ പറഞ്ഞു. പാലാ ഡിപ്പോയില്‍ നടത്തിയ സെമിനാറില്‍ കെഎസ്ആര്‍ടിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് അധ്യഷനായി. ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജര്‍ സി ജെ ജോസഫ്, കെഎസ്ആര്‍ടിഇഎ ജില്ലാ സെക്രട്ടറി പി കെ പ്രസാദ്്, സ്വാഗതസംഘം രക്ഷാധികാരി ലാലിച്ചന്‍ ജോര്‍ജ്, മാത്യു ജോസഫ്, എം ഉഷാര്‍, കെ പി പത്മകുമാര്‍, എം ടി പ്രസാദ് എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment