Sunday, October 14, 2012

പുറത്തായ ഉന്നതനെ കരുവാക്കി മെട്രോ അട്ടിമറിക്കുന്നു


കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയെ നിരന്തരം വിവാദങ്ങളില്‍ കുരുക്കി പ്രതിസന്ധിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ കച്ചകെട്ടിയിറങ്ങി. കൊച്ചി മെട്രോ പദ്ധതിയുടെ നേതൃത്വത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് ഔദ്യോഗിക രേഖകള്‍ ദുര്‍വ്യാഖ്യാനിച്ചും കുപ്രചാരണം നടത്തിയുമാണ് സര്‍ക്കാര്‍ തന്നെ വികസനത്തിന് വിലങ്ങിടുന്നത്. മെട്രോ നിര്‍മാണത്തിന് പ്രധാനമന്ത്രി ശിലയിട്ടിട്ട് ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കിയ കെണികളില്‍ വട്ടംചുറ്റുകയാണ് കേരളത്തിന്റെ സ്വപ്നപദ്ധതി.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) എംഡി സ്ഥാനത്തുനിന്ന് തെറിച്ച് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിസ്ഥാനത്തെത്തിയ ടോം ജോസാണ് മെട്രോയെ ചുറ്റിയുണ്ടാകുന്ന വിവാദങ്ങള്‍ക്കുപിന്നിലെന്ന ധാരണ ശക്തമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടോം ജോസ് കെഎംആര്‍എല്‍ എംഡിസ്ഥാനം വഹിക്കുമ്പോള്‍ത്തന്നെ ഡിഎംആര്‍സിക്കെതിരായിരുന്നു. ടോം ജോസ് പുറത്തായശേഷമാണ് ഡിഎംആര്‍സി സമര്‍പ്പിച്ച കരട് ധാരണാപത്രത്തിലെ ചില വ്യവസ്ഥകള്‍ മാധ്യമങ്ങളില്‍ പരസ്യചര്‍ച്ചയായത്. ടോം ജോസ് എംഡിയായിരിക്കെ സമര്‍പ്പിച്ച ഈ രേഖ കെഎംആര്‍എലിന്റെ ഓഫീസില്‍മാത്രമാണുള്ളത്. ഇപ്പോള്‍ വിവാദമായ കേന്ദ്ര വിജിലന്‍സ് കമീഷന്‍ റിപ്പോര്‍ട്ട്, ചീഫ് സെക്രട്ടറിയുടെയും കെഎംആര്‍എലിന്റെയും കൈവശമുള്ള കേന്ദ്ര നഗരവികസന മന്ത്രാലയം ഉത്തരവിനൊപ്പമാണ് പരസ്യമായത്.

ഉമ്മന്‍ചാണ്ടി പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരം പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് പ്രഖ്യാപിച്ചാണ് ടോം ജോസ് ഡിഎംആര്‍സിക്കെതിരെ ആദ്യ വെടിപൊട്ടിച്ചത്. ടെന്‍ഡറില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഇ ശ്രീധരന് കത്തെഴുതി. ഇ ശ്രീധരന്‍ നിര്‍ദേശിച്ച കൊറിയന്‍ സാങ്കേതികവിദ്യ കൊച്ചിക്ക് ഇണങ്ങില്ലെന്നും മെട്രോ നിര്‍മാണം കെഎംആര്‍എല്‍ നടത്തുമെന്നുമായിരുന്നു അടുത്ത പ്രഖ്യാപനം. പിന്നീട് ഇ ശ്രീധരനെയും കേന്ദ്രമന്ത്രി കെ വി തോമസിനെയുമൊക്കെ ഒഴിവാക്കി കെഎംആര്‍എലിന്റെ ലോഗോ പ്രകാശനവും ആലോചിച്ചു. ടോം ജോസിന്റെ നീക്കം മന്ത്രിസഭയില്‍പ്പോലും ഭിന്നതയുണ്ടാക്കി. എന്നിട്ടും ഉമ്മന്‍ചാണ്ടി മൗനംപാലിച്ചു. കെഎംആര്‍എല്‍ എംഡിസ്ഥാനത്ത് ഒരുവര്‍ഷം ടോം ജോസ് കുലുക്കമില്ലാതെ തുടരുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുമായുള്ള അടുപ്പംതന്നെയാണ് കഴിഞ്ഞ ആഗസ്തില്‍ ടോം ജോസിന്റെ എംഡിസ്ഥാനം തെറിപ്പിച്ചത്.

മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമെന്നാണ് ആര്യാടന്‍ പറഞ്ഞിരുന്നത്. അതേസമയം സ്വയം നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ച് ടോം ജോസ് മറ്റു മെട്രോകളുമായി ആശയവിനിമയം നടത്തി. നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥവൃന്ദവുമായും കൂടിയാലോചനകള്‍ നടത്തി. രഹസ്യനീക്കം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഊര്‍ജവകുപ്പ് സെക്രട്ടറി ഏല്യാസ് ജോര്‍ജിനെ പകരക്കാരനാക്കി ആര്യാടന്‍ ടോം ജോസിനെ തെറിപ്പിച്ചത്. പുറത്തുപോയ ടോം ജോസിനെ മുന്നില്‍നിര്‍ത്തി ഉമ്മന്‍ചാണ്ടിയും കൂട്ടരും പോരാട്ടം തുടര്‍ന്നു. പുനഃസംഘടിപ്പിച്ച കെഎംആര്‍എല്‍ ബോര്‍ഡിലെ ഒരുവിഭാഗത്തിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്. ബോര്‍ഡിലുള്ള ഡിഎംആര്‍സിയുടെ രണ്ട് പ്രതിനിധികളും ഇ ശ്രീധരന് എതിരാണ്. ശ്രീധരനെ കൊച്ചി മെട്രോയില്‍ ഉള്‍പ്പെടുത്തി കീഴ്വഴക്കങ്ങള്‍ അതേപടി തുടരുന്നതില്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല. സംസ്ഥാന സര്‍ക്കാരിനെപ്പോലെ, നിര്‍മാണത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും യന്ത്രസാമഗ്രികളുടെ വിദേശ വാങ്ങല്‍ ഉള്‍പ്പെടെ കെഎംആര്‍എലിന് കീഴില്‍ കൊണ്ടുവരാനുമാണ് ഇവര്‍ക്കും താല്‍പ്പര്യം.

ടോംജോസ് ഡല്‍ഹിയില്‍: ഡിഎംആര്‍സിക്കെതിരെ ചരടുവലി

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിയന്തര ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍മുഹമ്മദും എത്തുന്നതിന് മുന്നോടിയായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുന്‍ എംഡി ടോം ജോസ് ഡല്‍ഹിയിലെത്തി. കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെയും ഇ ശ്രീധരനെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കങ്ങള്‍ വീണ്ടും സജീവമായിരിക്കെയാണ് ടോംജോസ് ഡല്‍ഹിയിലെത്തിയത്.

ഇ ശ്രീധരനെ മാറ്റിനിര്‍ത്താന്‍ നടത്തിയ നീക്കം വിവാദമായതോടെ ടോം ജോസിനെ എംഡി സ്ഥാനത്തുനിന്ന് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. പകരം ഏലിയാസ് ജോര്‍ജിന് ചുമതല നല്‍കിയെങ്കിലും ഇപ്പോഴും ടോം ജോസ് തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന ആക്ഷേപമുണ്ട്. അടുത്ത 19ന് കൊച്ചി മെട്രോയുടെ നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. ബോര്‍ഡ് യോഗത്തിന് മുന്നോടിയായി ഡിഎംആര്‍സിക്കെതിരായ കരുനീക്കം ശക്തമാക്കാനാണ് ടോം ജോസ് എത്തിയതെന്നാണ് ആക്ഷേപം. പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ഒരു പ്രമുഖ പത്രത്തിന്റെ സഹായത്തോടെ ടോം ജോസ് കരുക്കള്‍ നീക്കി വരികയാണ്. ചീഫ് വിജിലന്‍സ് കമീഷന്റെ വ്യവസ്ഥകള്‍ അനുസരിച്ച് പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന പ്രചാരണം ഇതിന്റെ ഭഭാഗമായി പടച്ചു. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കമ്പനിക്കുതന്നെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കരുതെന്ന് വ്യവസ്ഥയുള്ളതായി&ാറമവെ; ഈ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു.

ഡിഎംആര്‍സിക്ക് നിയമതടസ്സമില്ല: ഇ ശ്രീധരന്‍

കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഏല്‍പ്പിക്കാന്‍ നിയമതടസ്സമില്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കേന്ദ്ര നഗരവികസന സെക്രട്ടറിക്കും അയച്ച കത്തിലാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സെന്‍ട്രല്‍ വിജിലന്‍സ് കമീഷണറുടെ(സിവിസി) 2006ലെ ഉത്തരവ് കൊച്ചി മെട്രോയ്ക്ക് ബാധകമല്ല. പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിക്ക് കണ്‍സള്‍ട്ടന്‍സിയും നിര്‍മാണച്ചുമതലയും നല്‍കുന്നതിന് നിലവില്‍ നിയമതടസ്സമോ സാങ്കേതിക തടസ്സമോ ഇല്ല. നിലവിലെ മാര്‍ഗനിര്‍ദേശമനുസരിച്ച് നിരവധി പദ്ധതികള്‍ രാജ്യത്ത് നടക്കുന്നുണ്ട്. കൊച്ചി പദ്ധതിയില്‍ ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചിട്ടില്ല. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുക മാത്രമാണ് ഡിഎംആര്‍സി ചെയ്തത്. ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മാണം ഏറ്റെടുക്കുന്നതില്‍ ഡിഎംആര്‍സിക്ക് പ്രശ്നമില്ലെന്നും ഇ ശ്രീധരന്‍ അയച്ച കത്തില്‍ പറഞ്ഞു.

പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയും നിര്‍മാണച്ചുമതലയും ഒരേ ഏജന്‍സി വഹിക്കരുതെന്ന സിവിസി നിര്‍ദേശം ഡിഎംആര്‍സിക്ക് നിര്‍മാണാനുമതി നല്‍കുന്നതിന് തടസ്സമാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇ ശ്രീധരന്റെ വെളിപ്പെടുത്തലോടെ ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവനയെന്നാണ് തെളിയുന്നത്.

ഡിഎംആര്‍സിയെ ഒഴിവാക്കുന്നത് മന്ത്രിമാര്‍ക്ക് കമീഷന്‍ പറ്റാന്‍: വി എസ്

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള നീക്കം മന്ത്രിമാര്‍ക്ക് കമീഷന്‍ പറ്റാനെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിനകം കഴിവു തെളിയിച്ച കമ്പനിയാണ് ഡിഎംആര്‍സി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഡിഎംആര്‍സിയുടെയും ഇ ശ്രീധരന്റെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്ഥിതി&ാറമവെ;മാറി. ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യമാണ് ഇതിനു പിന്നിലെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാല്‍, അതിനു മുകളിലുള്ളവര്‍ക്കും ഡിഎംആര്‍സിക്കെതിരായ നീക്കത്തില്‍ പങ്കുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനടപടികളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടാണെന്നും വി എസ് പറഞ്ഞു.

deshabhimani 141012

1 comment:

  1. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയെ നിരന്തരം വിവാദങ്ങളില്‍ കുരുക്കി പ്രതിസന്ധിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ കച്ചകെട്ടിയിറങ്ങി. കൊച്ചി മെട്രോ പദ്ധതിയുടെ നേതൃത്വത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്ന ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് ഔദ്യോഗിക രേഖകള്‍ ദുര്‍വ്യാഖ്യാനിച്ചും കുപ്രചാരണം നടത്തിയുമാണ് സര്‍ക്കാര്‍ തന്നെ വികസനത്തിന് വിലങ്ങിടുന്നത്. മെട്രോ നിര്‍മാണത്തിന് പ്രധാനമന്ത്രി ശിലയിട്ടിട്ട് ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കിയ കെണികളില്‍ വട്ടംചുറ്റുകയാണ് കേരളത്തിന്റെ സ്വപ്നപദ്ധതി.

    ReplyDelete